Skip to main content

കൃഷിയുമായി ബന്ധപ്പെട്ട പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ കർഷകരുമായും ചർച്ച നടത്തണം: മന്ത്രി പി. പ്രസാദ്

കൃഷിയുമായി ബന്ധപ്പെട്ട പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടത് കർഷകരുമായി കൂടി ആശയ വിനിമയം നടത്തിയാകണമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്. ഇത്തരം പദ്ധതികൾ ആവിഷ്കരിക്കേണ്ടത് കൃഷിവകുപ്പ് ഡയറക്ടറേറ്റിലോ സെക്രട്ടറിയേറ്റിലോ ആസൂത്രണ സമിതികളിലോ മാത്രമല്ല. പദ്ധതിയുമായി ബന്ധപ്പെട്ട ഭരണാനുമതിയും സാങ്കേതിക അനുമതിയും വാങ്ങുന്നതിന് മുൻപ് നിർബന്ധമായും കർഷകരുമായി ചർച്ച നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാമമംഗലം ഗ്രാമപഞ്ചായത്തിലെ ഊരമന ശിവലി - സെൻട്രൽ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം നി൪വഹിക്കുകയായിരുന്നു അദ്ദേഹം.

 

പദ്ധതികളുമായി ബന്ധപ്പെട്ട് എന്തെങ്കിലും മാറ്റങ്ങൾ വേണമെന്ന് കർഷകർ പറഞ്ഞാൽ അത് കൂടി പരിഗണിക്കണം. ആവശ്യമെങ്കിൽ ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറക്കും. ഓരോ വർക്കുകൾ പൂർത്തിയായ ശേഷവും പ്രവർത്തനങ്ങൾ അവലോകനം ചെയ്യണം. കർഷകർ തന്നെ കൃത്യമായ സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കണം. പദ്ധതി എത്രമാത്രം ഫലം കണ്ടു എന്ന് ഇതിലൂടെ മനസ്സിലാക്കാൻ കഴിയും. മന്ത്രിയുടെ ഓഫീസ് മുതൽ കൃഷി ഭവനുകൾ വരെയുള്ള കാര്യത്തിൽ കർഷകർക്ക് കൃത്യമായി ഇടപെടാൻ കഴിയണം.

 

കൃഷിയുമായി ബന്ധപ്പെട്ട് സമൂഹത്തിന്റേയും സർക്കാരുകളുടെയും ഇടപെടലുകൾ അത്യാവശ്യമാണ്. അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് കൃഷിയിടങ്ങൾ. പഴയ തലമുറ ഇക്കാര്യം ഗൗരവത്തോടെയാണ് കണ്ടിരുന്നതെങ്കിലും ഇന്നത്തെ തലമുറ ഇത് മറന്ന മട്ടാണ്. റോഡ്, പാലം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടിയല്ലാതെ വയൽ നികത്തുന്നത് യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. 

 

രാമമംഗലം പഞ്ചായത്തിലെ ശിവലി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ അധ്യക്ഷത വഹിച്ചു. അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യാതിഥിയായി. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്മിത എൽദോസ്, എറണാകുളം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ആശാ സനൽ, രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി.വി സ്റ്റീഫൻ, വൈസ് പ്രസിഡന്റ് മേരി എൽദോ, സ്ഥിരം സമിതി അധ്യക്ഷരായ ആലീസ് ജോർജ്, ഷൈജ ജോർജ്, ജിജോ ഏലിയാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ജിൻസൺ വി. പോൾ, വാർഡ് മെമ്പർമാരായ സണ്ണി ജേക്കബ്, ബിജി രാജു, അഞ്ജന ജിജോ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആഭ രാജ്, കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ സി.കെ രാജ്മോഹൻ, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ സാം കെ. ജെയിംസ്, രാഷ്ട്രീയ നേതാക്കളായ എം.എ ജേക്കബ്, സുമിത്ത് സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. 

 

വർഷങ്ങളായി കൃഷി ചെയ്യാതെ തരിശായി കിടന്നിരുന്ന ഊരമന ശിവലി - സെൻട്രൽ പാടശേഖരങ്ങളെ കൃഷിക്ക് അനുയോജ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. പാടശേഖരത്തിലെ ചാലുകൾ സംരക്ഷിച്ച് കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. 5.8 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി നബാർഡിന്റെ ധനസഹായത്തോടെ കൃഷി വകുപ്പാണ് നടപ്പാക്കുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ 240 ഏക്കർ തരിശ് ഭൂമിയാണ് കൃഷിക്ക് അനുയോജ്യമായി മാറുക.

date