Skip to main content
പറ്ദാട്ട ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

*പറ്ദാട്ട: ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തി*

കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ബായിസാക്ക് യൂത്ത് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ 'പറ്ദാട്ട'  ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. കാട്ടിക്കുളം പഞ്ചായത്ത് ഗ്രൗണ്ടില്‍ നടന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ റൈഡേഴ്സ് നാഗമന ജേതാക്കളായി. ആവേശകരമായ കളി എന്നര്‍ത്ഥം വരുന്ന പറ്ദാട്ട ടൂര്‍ണമെന്റ് സംസ്ഥാന മിഷന്‍ പ്രോഗ്രാം ഓഫീസര്‍ ഡോ. പി ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. തദ്ദേശിയ മേഖലയിലെ കുട്ടികളുടെ കായിക ക്ഷമത വര്‍ധിപ്പിക്കുക, നേതൃപാടവം വളര്‍ത്തിയെടുക്കുക, സാമൂഹിക ഇടപെടല്‍ ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. അധികരിച്ച് വരുന്ന ലഹരി ഉപയോഗത്തില്‍ നിന്നും കുട്ടികളെ തടയാന്‍ കായിക വിനോദങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നതും പദ്ധതി ലക്ഷ്യമാണ്. മത്സരത്തില്‍ തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ 16 ടീമുകള്‍ പങ്കെടുത്തു. ടൂര്‍ണമെന്റില്‍ കുളിര്‍മ എഫ് സി റണ്ണേഴ്‌സ് അപ്പും മിറാക്കിള്‍ എടക്കോട്  മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് യഥാക്രമം 6000, 4000, 2000 രൂപ ക്യാഷ് പ്രൈസ് വിതരണം ചെയ്തു. തിരുനെല്ലി സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സൗമിനി പി അധ്യക്ഷയായ പരിപാടിയില്‍ സംസ്ഥാന ജന്‍ഡര്‍ എസ്പിഎം ജസ്റ്റിന്‍, തിരുനെല്ലി സ്‌പെഷല്‍ പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ സായി കൃഷ്ണ, ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.ജെ ബിജോയ്, ബഡ്സ് പരാഡൈസ് സ്‌കൂള്‍ അധ്യാപകന്‍ ആഷിക്, സ്‌പെഷല്‍ പ്രൊജക്ട് ഒ.എ പ്രസാദ് എന്നിവര്‍ സംസാരിച്ചു.

date