ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന സ്ത്രീകളുടെ സംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധവേണം: അഡ്വ. പി. സതീദേവി
ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന സ്ത്രീകളുടെ സംരക്ഷണ കാര്യത്തില്‍ ജാഗ്രതാ സമിതികള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്ന് കേരള വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി. വനിതാ കമ്മീഷന് സംഘടിപ്പിച്ച തിരുവനന്തപുരം ജില്ലാതല അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്സണ്‍. ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന വനിതകള്‍ക്കെതിരെ അയല്‍ക്കാരില്‍നിന്നും മോശം അനുഭവം ഉണ്ടാകുന്നുവെന്ന പരാതികള്‍ കൂടിവരികയാണ്. ഇന്നത്തെ അദാലത്തിലും ഇത്തരം കേസുകള്‍ പരിഗണനയ്ക്കുവന്നു.
പലപ്പോഴും സ്വത്തില്‍ കണ്ണുവച്ചുള്ള ശല്യപ്പെടുത്തലുകളാണ് ഉണ്ടാവുന്നത്. മുതിര്‍ന്ന സ്ത്രീകള്‍ക്ക് വൈകാരികമായി ബന്ധമുള്ള കാര്യങ്ങളിലാവും ശല്യപ്പെടുത്തലുകള്‍ ഉണ്ടാവുന്നത്. മകനെ അടക്കംചെയ്ത ഭാഗത്തെ മരം മരുന്ന് വച്ച് കരിയിപ്പിച്ചു കളഞ്ഞതായ പരാതിയും ഇന്ന് പരിഗണനയ്ക്ക് എത്തി. ഇക്കാര്യത്തില്‍ ജാഗ്രതാ സമിതിയോട് ഇടപെടാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്വത്ത് ഒരു ബന്ധുവിന്റെ പേരില്‍ എഴുതിവച്ചതിനെ തുടര്‍ന്ന് അയല്‍ക്കാരില്‍നിന്നും ലഭിക്കുന്ന മോശം അനുഭവത്തിനെതിരെ പരാതിയുമായി മറ്റൊരമ്മയും ഇന്ന് അദാലത്തിനെത്തിയിരുന്നു.
തൊഴിലിടത്തെ ചൂഷണം സംബന്ധിച്ച് കൂടുതല്‍ പരാതികള്‍ മുന്നോട്ടുവരുന്നുണ്ടെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു. തൊഴിലിടങ്ങളില്‍ ഇന്റേണല്‍ കമ്മിറ്റികള്‍ പ്രവര്‍ത്തനക്ഷമമായതിന്റെ ഫലമാണിത്. അതേസമയം പ്രവര്‍ത്തിക്കാത്ത ഇന്റേണല്‍ സമിതികളെ സംബന്ധിച്ചും പരാതിയുണ്ട്. ഒരു സ്വകാര്യപണമിടപാട് സ്ഥാപനത്തിലാണ് ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കുകയും എന്നാല്‍ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നത്. ഇക്കാര്യത്തില്‍ കമ്മീഷന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
സ്ത്രീകള്‍ തമ്മിലുള്ള പണമിടപാട് സംബന്ധമായ കേസുകള്‍ ഇത്തവണയും പരിഗണനയ്ക്കുവന്നു. യാതൊരു രേഖയും ഇല്ലാതെ, വെറും വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം നടത്തിയ പണിമിടപാടുകളാണ് ഇവ. പണം വാങ്ങിയവര്‍ അത് തിരികെ നല്കാന് വിസമ്മതിക്കുന്നതാണ് തര്‍ക്കങ്ങളിലേക്കും കേസുകളിലേക്കും നീങ്ങുന്നത്. ഇത്തരം ഇടപാടുകളില്‍ ഏര്‍പ്പെടുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അഡ്വ. പി. സതീദേവി ചൂണ്ടിക്കാട്ടി.
ഇന്ന് ആകെ പരിഗണിച്ച 180 പരാതികളില്‍ 46 എണ്ണം പരിഹരിച്ചു. 23 പരാതികളില്‍ റിപ്പോര്‍ട്ട് തേടി. നാല് പരാതികള്‍ കൗണ്‍സിലിംഗിന് വിട്ടു. 107 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. ഒരു പരാതി പുതിയതായി ലഭിച്ചു. തിരുവനന്തപുരം പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസില്‍ നടന്ന അദാലത്തിന് ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി, അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ എന്നിവര്‍ നേതൃത്വം നല്കി. ഡയറക്ടര്‍ ഷാജി സുഗുണന് ഐപിഎസ്, സി.ഐ. ജോസ് കുര്യന്, എസ്.ഐ. മിനുമോള്, അഭിഭാഷകരായ എസ്. സിന്ധു, രജിതാ റാണി, അഥീന, സൂര്യ, കൗണ്‍സലര്‍ ശോഭ എന്നിവരും പരാതികള്‍ പരിഗണിച്ചു.
- Log in to post comments