വനിതാ കമ്മീഷന് സിറ്റിങ്; 10 കേസുകള്‍ തീര്‍പ്പാക്കി
കേരള വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ ആശ്രാമം ഗസ്റ്റ് ഹൗസ് ഹാളില്‍ നടന്ന ജില്ലാതല അദാലത്തില്‍ 10 കേസുകള്‍ തീര്‍പ്പാക്കി. കമ്മീഷന് അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ പരിഗണിച്ച് 41 കേസുകളില്‍ രണ്ടെണ്ണം റിപ്പോര്ട്ടിനയയ്ക്കുകയും 10 കേസുകള്‍ പരിഹരിക്കുകയും 29 കേസുകള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി വയ്ക്കുകയും ചെയ്തു.
കുടുംബബന്ധങ്ങള്‍ തകരുന്നത് ഏറ്റവും മോശമായി ബാധിക്കുന്നത് കുട്ടികളെയാണെന്നും അത്തരത്തിലുള്ള കുട്ടികള്‍ക്ക് പ്രത്യേകം കൗണ്‍സിലിംഗ് നല്‍കേണ്ടതിന്റെ ആവശ്യകത വര്‍ധിക്കുകയാണെന്ന് അഡ്വ. ഇന്ദിരാ രവീന്ദ്രന് പറഞ്ഞു. മദ്യപാനം, സ്ത്രീധനം, സ്വത്ത് തര്‍ക്കങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകളാണ് കൂടുതലായും വന്നത്. കോര്‍പ്പറേറ്റ് കമ്പനികള്‍ക്കകത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇന്റേണല്‍ കംപ്ലയിന്റ് സെല്‍ ഇല്ലാത്ത അവസ്ഥ ഉണ്ടാകരുതെന്നും ഇത് സംബന്ധിച്ച് ബോധവത്ക്കരണം വേണമെന്നും അവര്‍ വ്യക്തമാക്കി. വനിതാ കമ്മീഷന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. മിനു മോള്, പാനല്‍ അഭിഭാഷകരായ അഡ്വക്കേറ്റ് സീനത്ത് ബീഗം , അഡ്വ എസ്. ഹേമാ ശങ്കര്‍, പാനല്‍ കൗണ്‍സിലര്‍ അഡ്വ സിസ്റ്റര്‍ സംഗീത തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.
- Log in to post comments