സിവിൽ സ്റ്റേഷൻ ഇനി ഗ്രീൻ ആകും
ക്ലീൻ ഡ്രൈവിൽ കൈമാറിയത് 20 ടൺ അജൈവമാലിന്യങ്ങൾ
മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഗ്രീനാകാൻ ഒരുങ്ങി ഭരണസിരാകേന്ദ്രം. ആറു നിലകളിലായി 76 ഓഫീസുകളാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. മെഗാ ക്ലീൻ ഡ്രൈവിന്റെ ഭാഗമായി 20 ടൺ അജൈവ പാഴ് വസ്തുക്കളാണ് ക്ലീൻ കേരള കമ്പനിക്ക് കൈമാറിയത്.
രണ്ടു ഘട്ടങ്ങളിലായി നടത്തിയ ശേഖരണത്തിന്റ ഭാഗമായി സിവിൽ സ്റ്റേഷനിൽ കെട്ടി കിടന്ന ഫർണീച്ചറുകൾ, ഇ വേസ്റ്റ്, അപകടകരമായ മാലിന്യങ്ങൾ, ഇരുമ്പ്, പേപ്പറുകൾ, അലുമിനിയം, പ്ലാസ്റ്റിക് ഉള്ളപ്പടെയുള്ള അജൈവമാലിന്യങ്ങളാണ് ശേഖരിച്ചത്.
ക്യാമ്പയിന്റെ ഭാഗമായി ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ മിഷൻ എന്നി മിഷനുകളുടെ നേതൃത്വത്തിൽ ഒന്നാം ഘട്ട ഗ്രേഡിംഗ് പൂർത്തീകരിച്ചിരുന്നു. ജൈവ മാലിന്യ സംസ്കരണ ഉപാധികൾ സ്ഥാപിക്കൽ ഉപയോഗം ,അജൈവ പാഴ് വസ്തുക്കളുടെ കൈമാറ്റം ,ഹരിതപെരുമാറ്റ ചട്ടം, പൊതു ശുചിത്വം ,തുടങ്ങിയ ഘടകങ്ങളെയാണ് നിശ്ചിത മാനദണ്ഡം ഉപയോഗിച്ചുകൊണ്ട് ഗ്രേഡിംഗ് നടത്തിയത്.
രണ്ടാം ഘട്ട പരിശോധന മാർച്ച് പതിനെട്ടിന് നടത്തി 25ന് ഗ്രീൻ സിവിൽ സ്റ്റേഷനായി പ്രഖ്യാപിക്കും. പൊതു ജനങ്ങൾ വരുന്ന സ്ഥലം ആയതുകൊണ്ട് കൃത്യമായ ബിൻ സംവിധാനം ഒരുക്കൽ, പൊതു ശുചിത്വം ഉറപ്പിക്കുന്നതിനയായി നോഡൽ ഓഫീസർമാർക്ക് പ്രത്യേക ചുമതല, എല്ലാ മാസവും ക്ലീൻ കേരള കമ്പനി വഴി അജൈവ പാഴ് വസ്തു ശേഖരണം എന്നിവ ഉറപ്പാക്കും. കൂടാതെ മാലിന്യ മുക്ത ക്യാമ്പയിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ നിർദേശക ബോർഡുകളും സ്ഥാപിക്കും. നിർദേശങ്ങൾ ലംഘിച്ചാൽ കനത്ത പിഴ ഈടാക്കുമെന്നും കളക്ട്രേറ്റിൽ നിന്നും അറിയിച്ചു.
ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ തുടങ്ങി വിവിധ വകുപ്പുകളിലെ ജീവനക്കാർ, കളമശ്ശേരി വനിത പോളിടെക്നിക്, രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ്, ഭാരത് മാതാ കോളേജ് ,കെ എം എം കോളേജ് എന്നിവടങ്ങളിൽ നിന്നുള്ള എൻ എൻ എസ് വോളന്റീയേഴ്സ്, വിവിധ സർവീസ് സംഘടന പ്രതിനിധികൾ, തൃക്കാക്കര മുൻസിപാലിറ്റിയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ശുചികരണ തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ യജ്ഞം പൂർത്തീകരിച്ചത്.
- Log in to post comments