Skip to main content

അങ്കണവാടികളുടെ വൈദ്യുതീകരണം ജനുവരി 15 നകം പൂര്‍ത്തിയാക്കണം: ജില്ലാ വികസന സമിതി

ജില്ലയിലെ അങ്കണവാടികളുടെ വൈദ്യുതീകരണം ജനുവരി 15 നകം പൂര്‍ത്തിയാക്കാന്‍ ജില്ലാവികസന സമിതി നിര്‍ദ്ദശം നല്‍കി. 126 അങ്കണവാടികള്‍ ജില്ലയില്‍ വൈദ്യുതീകരിച്ചിട്ടില്ല. 32 അങ്കണവാടികള്‍ വൈദ്യുതീകരിക്കുന്നതിനുള്ള ഫണ്ട് ജില്ലാ പഞ്ചായത്ത് അനുവദിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. തിരൂരില്‍ പൊതുമരാത്ത് വകുപ്പിന്റെ കീഴിലുള്ള സ്ഥലത്ത് നിര്‍മ്മിച്ച ശുചിമുറിക്ക്  കെട്ടിട നമ്പര്‍ നല്‍കിയില്ലെന്നും അതെസമയം മറ്റ് സ്വകാര്യകെട്ടിടങ്ങള്‍ ക്രമവല്‍കരിച്ച് നല്‍കിയതായും സി. മമ്മുട്ടി എം എല്‍ എ പറഞ്ഞു.
തിരൂര്‍ ജില്ലാ ആശുപത്രിയിലെ ലിഫ്റ്റ് സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിശോധിക്കുന്നതിനും പരിഹരിക്കുന്നതിനുമായി ഡിസംബര്‍ ആറിന് ജില്ലാ കലക്ടറുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ പരിശോധന നടത്തും. കഴിഞ്ഞ ആറ് മാസക്കാലമായി ജില്ലാവികസന സമിതിയില്‍ ഇതു സംബന്ധിച്ച ചര്‍ച്ച നടന്നെങ്കിലും തീരുമാനമാകാത്ത സാഹചര്യത്തിലാണിത്. തിരൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ ലിഫ്റ്റ് സ്ഥാപിക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ എംഎല്‍എ നിര്‍ദേശം നല്‍കി.
കൊണ്ടോട്ടി താലൂക്ക് ആയുര്‍വേദ ആശുപത്രിക്കായി പരിശോധന നടത്തിയ സ്ഥലം ആശുപത്രി സ്ഥാപിക്കുന്നതിന് അനുയോജ്യമല്ലെന്ന് ടി വി ഇബ്രാഹിം എംഎല്‍എ പറഞ്ഞു. കച്ചവട താത്പര്യത്തിന് പകരം ജനങ്ങള്‍ക്ക് ഉപകാരപ്രദമായ തരത്തില്‍ ദേശീയപാതയോരത്തോ അല്ലെങ്കില്‍ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സ്ഥലത്തോ ആശുപത്രി സ്ഥാപിക്കണമെന്ന് എംഎല്‍എ പറഞ്ഞു.
ജില്ലയിലെ വരള്‍ച്ച പരിഹരിക്കുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ജില്ലാ സമഗ്രവികസന പദ്ധതി നടപ്പാക്കണമെന്നും പബ്ലിക് ഹെല്‍ത്ത് ലാബ് ആവശ്യമായ ഉപകരണങ്ങള്‍ സ്ഥാപിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും  പി ഉബൈദുള്ള എംഎല്‍എ പറഞ്ഞു.  റോഡുകള്‍ നന്നാക്കിയതിന് ശേഷം പൈപ്പിടുന്നതിനും വൈദ്യുതി കേബിള്‍ സ്ഥാപിക്കുന്നതിനുമായി പൊളിക്കുന്നത് അവസാനിപ്പിക്കാന്‍ റോഡ് നവീകരണ വേളയില്‍ തന്നെ വിവിധ വകുപ്പുകള്‍ സംയുക്തമായി ഇവ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിച്ചാല്‍ നന്നാക്കിയ ശേഷം റോഡുകള്‍ വെട്ടിപൊളിക്കേണ്ട സാഹചര്യം ഒഴിവാക്കാമെന്നും യോഗം അഭിപ്രായപ്പെട്ടു. ഇതിനായി ജല-വൈദ്യുതി-പൊതുമരാമത്ത് വകുപ്പുകള്‍ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരും.
ജില്ലയിലെ ഒഴിവുകള്‍ അടിയന്തിരമായി പിഎസ്‌സി യിലേക്ക് എല്ലാ വകുപ്പുകളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ ആവശ്യപ്പെട്ടു.ജില്ലയില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എട്ട് പോലീസ് സ്റ്റേഷനുകള്‍ക്ക് സ്വന്തമായി സ്ഥലം കണ്ടെത്തി കെട്ടിടം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. എല്ലാ വകുപ്പുകളും  ഒരു മാസത്തിനകം പദ്ധതി ചെലവ് ചുരുങ്ങിയത് അമ്പത് ശതമാനമെങ്കിലും ആക്കണമെന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.
  ബ്ലാക്ക് പട്ടികജാതി ഓഫീസുകളില്‍ എല്‍ ഡി ക്ലര്‍ക്ക്, ഓഫീസ് അറ്റന്‍ഡന്റ് തസ്തിക സൃഷ്ടിച്ച് നിയമനം നടത്തണമെന്ന് പി ഉബൈദുള്ള എംഎല്‍എ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന എതിര്‍ പ്രചരണങ്ങളില്‍ പെടാത മുഴുവന്‍ കുട്ടികള്‍ക്കും നവംബര്‍ 30നകം വാക്‌സിനേഷന്‍ നല്‍കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രമേയത്തിലടെ ആവശ്യപ്പെട്ടു.
തിരുനാവായ പഞ്ചായത്തില്‍ ഭാരതപ്പുഴയുടെ തീരത്തുള്ള 20 ഏക്കര്‍ പുറമ്പോക്ക് ഭൂമിയില്‍ ടൂറിസം പദ്ധതികള്‍ നടപ്പാക്കണമെന്ന് സി മമ്മൂട്ടി എംഎല്‍എ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു. ജില്ലയിലെ നഗരസഭകളില്‍ പട്ടികജാതി വികസന ഓഫീസര്‍ തസ്തിക ഇല്ലാത്തതിനാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും എല്ലാ നഗരസഭകളിലും പട്ടികജാതി വികസന ഓഫീസര്‍ തസ്തിക സൃഷ്ടിക്കണമെന്നും ടിവി ഇബ്രാഹിം എംഎല്‍എ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പ്ലാനിങ് ഓഫീസര്‍ എന്‍.കെ ശ്രീലത, ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ. അരുണ്‍, അബ്ദുല്‍ റഷീദ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date