കണ്ണൂര്‍ തളാപ്പ് ചെങ്ങിനിപ്പടി യുപി സ്കൂള്‍ കെട്ടിടം നാടിന് സമര്‍പ്പിച്ചു
കണ്ണൂര്‍ തളാപ്പ് ചെങ്ങിനിപ്പടി യുപി സ്കൂള്‍ ഇനി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. പുതുതായി പണിത കെട്ടിടത്തിന്റെ ഉദ്ഘാടനം രജിസ്ട്രേഷന് വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വഹിച്ചു. വായു, വെള്ളം, വെളിച്ചം പോലെ എല്ലാവര്ക്കും തുല്ല്യമായി വിദ്യാഭ്യാസം ലഭിക്കണമെന്ന ഗാന്ധി ദര്‍ശനം പ്രാവര്ത്തികമായതിനാലാണ് കേരളം വിദ്യാഭ്യാസ മേഖലയില്‍ മുന്പന്തിയിലെത്തിയതെന്ന് മന്ത്രിപറഞ്ഞു. തളാപ്പ് എകെജി ആശുപത്രിക്ക് സമീപത്തെ പഴയ കെട്ടിടത്തില്‍ നിന്ന് ചെട്ടിപ്പീടിക-തുളിച്ചേരി വയല്‍ റോഡില്‍ പുതുതായി പണിത മൂന്നുനില കെട്ടിടത്തിലേക്കാണ് വിദ്യാലയം മാറിയത്.
പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വിദ്യാലയത്തിന് സമര്‍പ്പിച്ച ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും മന്ത്രി നിര്‍വഹിച്ചു. പ്രീ പ്രൈമറി ക്ലാസ് മുറിയുടെ ഉദ്ഘാടനം കെ.വി സുമേഷ് എംഎല്‍എ നിര്‍വഹിച്ചു. മേയര്‍ മുസ്ലിഹ് മഠത്തില്‍ അധ്യക്ഷത വഹിച്ചു. സൂരജ്സണ്‍, സംഘാടക സമിതി ചെയര്മാന് ആര് അനില്‍കുമാര്‍, ഹെഡ്മിസ്ട്രസ് ടി.വി അനുരൂപ എന്നിവർ സംസാരിച്ചു. കണ്ണൂര്‍ കോര്പ്പറേഷന് കൗണ്‍സിലര്‍മാരായ അഡ്വ. മാര്ട്ടിന് ജോര്‍ജ്, ടി രവീന്ദ്രന്, കൂക്കിരി രാജേഷ്, സി സുനിഷ, പനയന്‍ ഉഷ, വി.കെ ഷൈജു, മാധവറാവു സിന്ധ്യ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് കെ പ്രമോദ്, വെള്ളോറ രാജന്, കാടന്‍ ബാലകൃഷ്ണന്, സി.കെ വിനോദ്, ടി.വി അജിതകുമാരി തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറി.
- Log in to post comments