പ്രസവം സുരക്ഷിതമാക്കാന്‍ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം
ലോകാരോഗ്യ ദിനാചരണം ജില്ലാതല പരിപാടികള്‍ സംഘടിപ്പിച്ചു
വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനവും അത്യാധുനിക സംവിധാനങ്ങളുള്ള സര്‍ക്കാര്‍ ആശുപത്രികളുമുള്ള സംസ്ഥാനമാണ് കേരളം. പ്രസവം സുരക്ഷിതമാക്കാനും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനായും സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്താന്‍ സാധിക്കണമെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ പറഞ്ഞു. കുഞ്ഞോമന ജനിക്കേണ്ടത് സുരക്ഷിത കരങ്ങളില്‍, പ്രസവം സുരക്ഷിതമാക്കാന്‍ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം എന്ന മുദ്രാവാക്യമുയര്‍ത്തി നടന്ന ജില്ലാതല ലോകാരോഗ്യദിന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും സംയുക്തമായി നടത്തിയ പരിപാടിയില്‍ ജില്ല കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് വിശിഷ്ടാതിഥിയായി.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എന്‍ രാജേന്ദ്രന്‍, കോഴിക്കോട് കോര്‍പറേഷന്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ എസ് ജയശ്രീ, അഡിഷണല്‍ ഡിഎംഒ വി പി രാജേഷ്, ആരോഗ്യകേരളം പ്രോഗ്രാം മാനേജര്‍ ഡോ സി കെ ഷാജി, വനിത ശിശുവികസന വകുപ്പ് മേധാവി എസ് സബീന ബീഗം, ഡോ മനോജ് എ ടി, ഡോ വി ആര്‍ ലതിക, ഡോ സച്ചിന്‍ ബാബു, ഡോ എല്‍ ഭവില തുടങ്ങിയവര്‍ സംസാരിച്ചു. ആരോഗ്യ രംഗത്തെ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി സെമിനാര്‍ സംഘടിപ്പിച്ചു. ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന വിവിധ സേവനങ്ങള്‍, പദ്ധതികള്‍ എന്നിവ പരിപാടിയില്‍ വിശദ്ദമാക്കി.
ദിനാചരണത്തോടനുബന്ധിച്ച് നടന്ന ബോധവല്‍ക്കരണ റാലി സബ് കളക്ടര്‍ ഹര്‍ഷല്‍ മീണ ഫ്‌ലാഗ് ഓഫ് ചെയ്തു. ഗവണ്‍മെന്റ് നഴ്‌സിംഗ് സ്‌കൂള്‍, മലാപ്പറമ്പ് ഫാമിലി വെല്‍ഫെയര്‍ ട്രെയിനിങ് സെന്റര്‍ എന്നിവടങ്ങളിലെ വിദ്യാര്‍ഥികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തുടര്‍ന്ന് നടന്ന പാനല്‍ ചര്‍ച്ചയില്‍ ഗൈനക്കോളജിസ്റ്റ് ഡോ ഷീബ ടി ജോസഫ് ശിശുരോഗ വിദഗ്ധന്‍ ഡോ മോഹന്‍ ദാസ് നായര്‍, ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി വിഭാഗം മേധാവി ഡോ അസ്മ റഹീം കോഴിക്കോട് നഗരസഭാ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ എസ് ജയശ്രീ
ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ സച്ചിന്‍ ബാബു തുടങ്ങിയവരും പങ്കെടുത്തു
വിവിധ തരം സ്‌ക്രീനിംഗ് ഉള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച സേവനങ്ങള്‍
ആരോഗ്യകരമായ തുടക്കം പ്രതീക്ഷ നിര്‍ഭരമായ ഭാവി എന്നതാണ് 2025 ലെ ലോകാരോഗ്യ ദിന സന്ദേശം. പ്രസവത്തോടനുബന്ധിച്ച് ഉണ്ടാകാന്‍ സാധ്യതയുള്ള പ്രധാന സങ്കീര്‍ണതകള്‍ യഥാസമയം കണ്ടെത്തി തടയാനും അവിചാരിതമായി അപകടങ്ങള്‍ സംഭവിച്ചാല്‍ കൃത്യമായ ചികിത്സ നല്‍കി അമ്മയുടെയും കുഞ്ഞിന്റെയും ജീവനും ആരോഗ്യവും സംരക്ഷിക്കാനും പ്രസവം ആശുപത്രികളില്‍ തന്നെ നടക്കുന്നു എന്നുറപ്പിക്കേണ്ടതുണ്ട്.
ജനനി സുരക്ഷ യോജന, ജനനി ശിശു സുരക്ഷ കാര്യകം, ശലഭം സമഗ്ര നവജാതശിശു സ്‌ക്രീനിംഗ്, ഹൃദയ വൈകല്യങ്ങള്‍ കണ്ടുപിടിക്കുന്നതിനുള്ള പള്‍സ് ഓക്‌സിമീറ്റര്‍ സ്‌ക്രീനിങ്, തലച്ചോറിന്റെയും ശരീരത്തിന്റെയും വളര്‍ച്ചയെ ബാധിക്കുന്ന അസുഖങ്ങള്‍ കുട്ടിക്ക് ജന്മനാ ഉണ്ടോ എന്ന് പരിശോധിക്കുന്ന മെറ്റബോളിക് സ്‌ക്രീനിംഗ്, കുഞ്ഞ് ജനിച്ച് 48 മണിക്കൂറിനുള്ളില്‍ നടത്തുന്ന കേള്‍വി പരിശോധന തുടങ്ങി വിവിധതരം സേവനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് സൗജന്യമായി അമ്മയ്ക്കും കുഞ്ഞിനും ലഭ്യമാണ്.
- Log in to post comments