Skip to main content
കോഴായിലെ കെ.എം. മാണി തണൽ വഴിയോര വിശ്രമകേന്ദ്രത്തിൽ ആരംഭിക്കുന്ന കുടുംബശ്രീ പ്രീമിയം കഫേ.

കെ.എം. മാണി തണൽ വഴിയോര വിശ്രമകേന്ദ്രം, കുടുംബശ്രീ പ്രീമിയം കഫേ ഉദ്ഘാടനം ഇന്ന്.

 കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആരംഭിക്കുന്ന പ്രീമിയം കഫേകളുടെ സംസ്ഥാനതല ഉദ്ഘാടനവും കോഴായിലെ കെ.എം. മാണി തണൽ വഴിയോര വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനവും ചൊവ്വാഴ്ച (ഏപ്രിൽ എട്ട്) നടക്കുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഉച്ചയ്ക്കു 12.00 മണിക്കു നടക്കുന്ന ചടങ്ങിൽ പ്രീമിയം കഫേകളുടെ സംസ്ഥാനതല ഉദ്ഘാടനവും കെ.എം. മാണിയുടെ ഫോട്ടോ അനാച്ഛാദനവും തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും.
കെ.എം. മാണി തണൽ വിശ്രമകേന്ദ്രം ജോസ് കെ.മാണി എം.പി. നാടിന് സമർപ്പിക്കും. ആധുനിക സൗകര്യങ്ങളോടു കൂടിയ കോൺഫറൻസ് ഹാളിന്റെ സമർപ്പണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേമം സാഗർ നിർവഹിക്കും. ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്തിന്റെയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ  3.22 കോടി രൂപ മുടക്കിയാണ് എം.സി. റോഡരികിൽ ബ്ലോക്ക് പഞ്ചായത്തോഫീസിനു  സമീപം വിശ്രമകേന്ദ്രം യാഥാർഥ്യമാകുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത്  2.52 കോടി രൂപയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് 70 ലക്ഷം രൂപയുമാണ് തണൽ വിശ്രമ കേന്ദ്രത്തിന്റെ നിർമാണത്തിനായി വകയിരുത്തിയത്. കൊച്ചി ആസ്ഥാനമായ കേരള ഇലക്ട്രിക്കൽസ് ലിമിറ്റഡ് ആണ് നിർമാണം. മൂന്നുനിലകളിലായി 13,046 ചതുരശ്രയടി വിസ്തീർണത്തിലാണ് കെട്ടിടം. ബ്ലോക്ക് പഞ്ചായത്തിന്റെ 19.589 സെന്റ് സ്ഥലം കെട്ടിടത്തിനും പാർക്കിംഗ് സൗകര്യത്തിനുമായി വിനിയോഗിച്ചിട്ടുണ്ട്.
 രണ്ടാം നിലയിൽ ഡോർമിറ്ററിയും 150 പേർക്കിരിക്കാവുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ കോൺഫറൻസ് ഹാളുമാണുള്ളത്. രണ്ടാം ഘട്ടമായി മൂന്നാം നില പൂർത്തിയാക്കി വനിതകൾക്കുള്ള ഷീ ലോഡ്ജ് സജ്ജമാക്കും.
 മികച്ച അടിസ്ഥാന സൗകര്യങ്ങൾ, ശുചിത്വ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ, കാറ്ററിംഗ്, ഓൺലൈൻ സേവന സൗകര്യം, ഭിന്നശേഷി സൗഹൃദ സംവിധാനങ്ങൾ, വിശാലമായ പാർക്കിങ്ങ് എന്നിങ്ങനെ സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രീമിയം കഫേയാണ് ഇവിടെ ഒരുങ്ങിരിക്കുന്നത്. കുടുംബശ്രീ വനിതകളെ ഉൾപ്പെടുത്തിയുള്ള കൺസോർഷ്യത്തിനാണു നടത്തിപ്പുചുമതല. ജീവനക്കാരായി ബ്ലോക്ക് പരിധിയിലെ എട്ട് ഗ്രാമപഞ്ചായത്തുകളിൽനിന്ന് 40 വനിതകളെ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനവും നൽകി. മൂന്ന് മാസം നീണ്ട പരിശീലനം തൃശൂർ ഐഫ്രം ഏജൻസിയാണ് നൽകിയത്. ആറുമാസം ഇതേ ഏജൻസി കഫെ നടത്തിപ്പിനും ഒപ്പമുണ്ട്.  രാവിലെ ആറ് മുതൽ രാത്രി 11 വരെ മൂന്ന് ഷിഫ്റ്റായിട്ടായിരിക്കും ജോലി. ഭാവിയിൽ നൂറോളം വനിതകൾക്ക് കഫേയിലൂടെ തൊഴിൽ   ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ. മികച്ച സേവനത്തിനൊപ്പം പ്രാദേശിക സാമൂഹിക സാമ്പത്തിക വികസനത്തിനും  ഈ സംരംഭം വഴിയൊരുക്കും. വിശ്രമകേന്ദ്രത്തിലെ ആധുനിക രീതിയിലുള്ള ടേക്ക് എ ബ്രേക്കിന്റെ  ചുമതലയും കുടുംബശ്രീ വഹിക്കും. കോട്ടയം ജില്ലയിലെ ആദ്യത്തേയും സംസ്ഥാനത്തെ എട്ടാമത്തേയും പ്രീമിയം കഫേയാണ് കോഴായിൽ ആരംഭിക്കുന്നത്.   തിരുവനന്തപുരത്ത് ഗവ. പ്രസ് റോഡ്, കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളിയിൽ, മലപ്പുറം ജില്ലയിൽ കോട്ടക്കൽ, ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ കല്ലിശേരിയിൽ, കാസർഗോഡ് സിവിൽ സ്‌റ്റേഷനിൽ, കോഴിക്കോട് കൊയിലാണ്ടിയിൽ പാലക്കാട് കണ്ണമ്പ്ര എന്നിവിടങ്ങളിലാണു കുടുംബശ്രീ പ്രീമിയം കഫേകൾ ആംരഭിക്കുന്നത്.
ഉദ്ഘാടനച്ചടങ്ങിൽ കുടുംബ്രശീ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ പ്രീമിയം കഫേ പ്രോജക്ട് റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്തംഗം നിർമല ജിമ്മി പദ്ധതി വിശദീകരണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രാജു ജോൺ ചിറ്റേത്ത്, മിനി മത്തായി, സജേഷ് ശശി, കെ.എം. തങ്കച്ചൻ, ബെൽജി ഇമ്മാനുവൽ, ത്രേസ്യാമ്മ സെബാസ്റ്റ്യൻ, അംബിക സുകുമാരൻ, കോമളവല്ലി രവീന്ദ്രൻ, ലിസമ്മ മത്തച്ചൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.എം. മാത്യു, മഞ്ജു സുജിത്, ഹൈമി ബോബി, പി.ആർ. അനുപമ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സ്മിത അലക്‌സ്, കൊച്ചുറാണി സെബാസ്റ്റ്യൻ, പി.എൻ. രാമചന്ദ്രൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.വി. ബിന്ദു, ടി. എസ്. ശരത്, ശുഭേഷ് സുധാകരൻ, രാധാ വി.നായർ, ജെസ്സി ഷാജൻ, പി. എസ്. പുഷ്പമണി, രാജേഷ് വാളിപ്ലാക്കൽ, അഡ്വ. ഷോൺ ജോർജ്, സുധാ കുര്യൻ, നിബു ജോൺ, ടി.എൻ. ഗിരീഷ്‌കുമാർ, റെജി എം. ഫിലിപ്പോസ്, പി.കെ. വൈശാഖ്, പ്രൊഫ. ഡോ. റോസമ്മ സോണി, ജോസ്‌മോൻ മുണ്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ  ബൈജു ജോൺ പുതിയിടത്തുചാലിൽ, ജോൺസൺ പുളിക്കീൽ, പി.സി. കുര്യൻ, ജീനാ സിറിയക്, സിൻസി മാത്യു, ആശാമോൾ ജോബി, ലൂക്കോസ് മാക്കീൽ, ആൻസി മാത്യു, കുറവിലങ്ങാട് ഗ്രാമപഞ്ചായത്തംഗം സന്ധ്യ സജികുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ, കുടുംബശ്രീ  ജില്ലാകോഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോഷി ജോസഫ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.എസ്.എൻ. ഇളയത്, സിബി മാണി, ബിജു മൂലം കുഴയ്ക്കൽ, സനോജ് മീറ്റത്താനി, പി.എൻ. ശശി, ടി.കെ.ബാബു എന്നിവർ പങ്കെടുക്കും.

കോട്ടയം പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേമം സാഗർ, വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, സ്ഥിരം സമിതി അധ്യക്ഷരായ പി.എം. മാത്യു, മഞ്ജു സുജിത്, പി.ആർ. അനുപമ, ജില്ലാ പഞ്ചായത്തംഗങ്ങളായ നിർമല ജിമ്മി, സുധാ കുര്യൻ, കുടുംബശ്രീ  ജില്ലാകോഡിനേറ്റർ അഭിലാഷ് കെ. ദിവാകർ എന്നിവർ പങ്കെടുത്തു.

date