വൃത്തിയിൽ ഒന്നാമതായി കുഴുപ്പിള്ളി ഗ്രാമ പഞ്ചായത്ത്
മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി വൈപ്പിൻ ബ്ലോക്കിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തായി കുഴുപ്പിള്ളി. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് നിബിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചിട്ടയായ ശുചീകരണ പ്രവർത്തനങ്ങളിലൂടെ നിരവധി അംഗീകാരമാണ് പഞ്ചായത്തിനെ തേടിയെത്തിയത്.
മാലിന്യ മുക്ത ക്യാമ്പയിനിൽ വൈപ്പിൻ മണ്ഡലത്തിലെ ഏറ്റവും മികച്ച പഞ്ചായത്തിനുള്ള കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എയുടെ പുരസ്കാരം, ജില്ലയിലെ ഏറ്റവും മികച്ച രണ്ടാമത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനം, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തില മികച്ച ഹരിത പൊതു ഇടം, ഹരിത ടൗൺ, മികച്ച ഹരിത കർമസേന കൺസോർഷ്യം തുടങ്ങി നിരവധി ബഹുമതികൾ പഞ്ചായത്തിന് ലഭിച്ചിരുന്നു . പഞ്ചായത്ത് പരിധിയിലുള്ള പള്ളത്താംകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നടന്ന താലപ്പൊലി ഹരിത പ്രോട്ടോക്കോൾ അനുസരിച്ച് നടത്തിയതന് ഹരിത കേരള മിഷൻ്റെ പ്രത്യേക പുരസ്കാരവും പഞ്ചായത്തിനെ തേടി എത്തി.
സംസ്ഥാന സർക്കാരിൻ്റെ സ്വപ്ന പദ്ധതികളിലൊന്നായ മാലിന്യ മുക്ത നവകേരളം ക്യാമ്പയിൻ ആവിഷ്കരിച്ചത് മുതൽ മാതൃകപരമായ പ്രവർത്തനങ്ങൾക്കായിരുന്നു പഞ്ചായത്ത് ഭരണസമിതി നേതൃത്വം നൽകിയത്. പഞ്ചായത്തിലെ വിവിധയിടങ്ങളിൽ ഉണ്ടായിരുന്ന മാലിന്യ കൂനകൾ നീക്കം ചെയ്ത് വൃത്തിയാക്കി. മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. വർഷങ്ങളായി വൃത്തിഹീനമായി കിടന്നിരുന്ന രണ്ട്, 11 വാർഡുകളിലെ പ്രദേശങ്ങൾ മനോഹരമായ പൂങ്കാവനങ്ങൾ ആക്കി മാറ്റുകയും ചെയ്തു.
പൊതുജനങ്ങളുടെയും വിദ്യാർത്ഥികളുടേയും സന്നദ്ധത പ്രവർത്തകരുടേയും സഹകരണത്തോടെ കുഴുപ്പിള്ളി ബീച്ചിലും പിന്നീട് പഞ്ചായത്തിലെ പൊതു ഇടങ്ങളിലും ശുചീകരണ യജ്ഞങ്ങൾ സംഘടിപ്പിച്ചു. പഞ്ചായത്ത് പരിധിയിലെ മുഴുവൻ സ്കൂളുകളിലെയും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഹരിത സഭ രൂപീകരിച്ചു. പഞ്ചായത്തിലെ പ്രധാന ഇടങ്ങളിൽ പ്ലാസ്റ്റിക് ബോട്ടിൽ ബൂത്തുകൾ ഒരുക്കി. പ്രധാനപ്പെട്ട കേന്ദ്രങ്ങളെ ഹരിത ടൗണായും പ്രഖ്യാപിച്ചു. തുടർന്ന് മുഴുവൻ വാർഡുകളേയും ഹരിത വാർസുകളായും, പഞ്ചായത്തിനെ സമ്പൂർണ ഹരിത പഞ്ചായത്തായും പ്രഖ്യാപിച്ചു.
- Log in to post comments