എ. രാമചന്ദ്രന്‍ മ്യൂസിയം/ ആര്‍ട്ട് ഗ്യാലറി കൊല്ലത്ത്; നിര്‍മാണോദ്ഘാടനം ഏപ്രില്‍ 10ന്
കേരളത്തില്‍നിന്ന് ലോകചിത്രകലയുടെ നെറുകയിലേക്ക് ഉയര്‍ന്ന വിശ്രുത ചിത്രകാരന്‍ എ രാമചന്ദ്രന്റെ ചിത്രങ്ങളുടെയും ശില്പങ്ങളുടെയും മ്യൂസിയം കൊല്ലത്ത് ഒരുങ്ങുന്നു. ആശ്രാമത്തെ ശ്രീനാരായണഗുരു സംസ്‌കാരിക സമുച്ചയ ഹാളില്‍ ഏപ്രില്‍ 10ന് ഉച്ചയ്ക്ക് രണ്ടിന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കും. എം. മുകേഷ് എം.എല്‍.എ. അധ്യക്ഷനാകും.
1935-ല്‍ ജനിച്ച രാമചന്ദ്രന്‍ തിരുവനന്തപുരത്തെ കോളേജ് പഠനത്തിനുശേഷം ശാന്തിനികേതനിലാണ് കലാപഠനം നടത്തിയത്. കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാന്‍ ആയിരുന്നു. മലയാളഭാഷയും സാഹിത്യവും പഠിച്ചിറങ്ങിയ രാമചന്ദ്രന്‍ പിന്നീട് ചിത്രകലയിലേക്ക് തിരിഞ്ഞു. 1961-ല്‍ ബംഗാളിലെ വിശ്വഭാരതിയില്‍നിന്ന് (ശാന്തിനികേതന്‍) ഫൈന്‍ ആര്‍ട്‌സില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി. 1963-64 വരെ കേരളത്തിലെ ചുമര്‍ചിത്രകലയെക്കുറിച്ച് ഗവേഷണം നടത്തി. കേരള സര്‍വകലാശാലയുടെ സ്‌കോളര്‍ഷിപ്പോടെയാണ് പഠനം പൂര്‍ത്തിയാക്കിയത്. 2005-ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു. അന്തര്‍ദേശീയതലത്തില്‍ പ്രശസ്തനായ രാമചന്ദ്രന്റെ കൈമാറുന്ന ചിത്രങ്ങള്‍ക്ക് ഏകദേശം 300 കോടിയുടെ വിപണിമൂല്യമുണ്ട് എന്നാണ് കണക്കാക്കിയിരിക്കുന്നത്. മൂല്യവത്തായ ഈ സമഗ്ര കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നതിന് അദ്ദേഹത്തിന്റെ കുടുംബവുമായി സഹകരിച്ചാണ് ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ കേരള ലളിതകലാ അക്കാദമി എ. രാമചന്ദ്രന്‍ മ്യൂസിയം/ ആര്‍ട്ട് ഗ്യാലറി ഒരുക്കുന്നത്.
പരിപാടിയില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെ മുഖ്യാതിഥിയാവും. ലളിതകലാ അക്കാദമി ചെയര്‍പേഴ്സണ്‍ മുരളി ചീരോത്ത് പരിപ്രേക്ഷ്യം അവതരിപ്പിക്കും. സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ദിവ്യ എസ്. അയ്യര്‍, ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, സെക്രട്ടറി എബി എന്‍. ജോസഫ്, കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് തുടങ്ങിയവര്‍ സംസാരിക്കും. കലാചരിത്രകാരനും ക്യൂറേറ്ററുമായ ആര്‍. ശിവകുമാറാണ് മ്യൂസിയം സജ്ജീകരണത്തിന്റെ ക്യൂറേറ്റര്‍.
- Log in to post comments