Skip to main content

ആലുവ -മൂന്നാർ രാജപാത ഗതാഗതത്തിനായി തുറന്നു നൽകണം: താലൂക്ക് വികസന സമിതി

ആലുവ - മൂന്നാർ രാജപാത ഗതാഗതത്തിനായി തുറന്നു നൽകണമെന്നും കേസുകൾ പിൻവലിക്കണമെന്നും കോതമംഗലം താലൂക്ക് വികസന സമിതി യോഗം

പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 

 

വടാട്ടുപാറ - പലവൻപടി പുഴയിൽ മുങ്ങി മരണങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ നിയമ പ്രകാരമുള്ള അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിന് യോഗം തഹസിൽദാർമാരെ ചുമതലപ്പെടുത്തി.

കോതമംഗലത്തു നടക്കുന്ന കേരളോത്സവത്തിൽ എല്ലാവരുടെയും സഹകരണം യോഗം അഭ്യർത്ഥിച്ചു. കോതമംഗലം മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ വന്യമൃഗശല്യത്തെ പ്രതിരോധിക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഫെന്‍സിംഗ്‌, ഹാങ്ങിങ് ഫെൻസിങ്, ട്രഞ്ചിംഗ്‌ ജോലികളുടെ സമയബന്ധിതവും കാര്യക്ഷമവുമായ പൂർത്തീകരണം ബന്ധപ്പെട്ട ഡി.എഫ്.ഒ.മാർ ഉറപ്പുവരുത്തണം.

 

 മുനിസിപ്പാലിറ്റിയിലെ അമ്പലപ്പറമ്പിൽ തുടരെ ഉണ്ടാകുന്ന വൈദ്യുതി തടസ്സം പരിഹരിക്കുന്നതിന് കെ.എസ്.ഇ.ബി നടപടി സ്വീകരിക്കണമെന്നും യോഗം നിർദ്ദേശിച്ചു. 

 

 നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ലഹരി വിരുദ്ധ നടപടികളുടെ ഭാഗമായുളള പരിശോധനകൾ ശക്തമാക്കുന്നതിന്‌ എക്സൈസ്‌ വകുപ്പിന്‌ യോഗം നിര്‍ദേശം നല്‍കി. പട്ടയ വിതരണത്തിനുളള നടപടികള്‍ ത്വരിതവേഗത്തിലാക്കുന്നതിന് യോഗം തഹസില്‍ദാരെ ചുമതലപ്പെടുത്തി. ടൗണിലെ വിവിധ പ്രദേശങ്ങളില്‍ ഉണ്ടായിട്ടുളള കുടിവെളള വിതരണ പൈപ്പ്‌ ലൈൻ പ്രശ്നത്തിന്‌ പരിഹാര നടപടികള്‍ വാട്ടര്‍ അതോറിറ്റിയും, പുതുമരാമത്ത് വകുപ്പും സംയുക്തമായി കൈക്കൊളളണമെന്ന്‌ ആവശ്യപ്പെട്ടു.

 

മോട്ടോര്‍ വാഹന വകുപ്പ്‌ പിടിച്ചെടുത്ത് റവന്യു ടവറിനു സമീപം സൂക്ഷിച്ചിട്ടുളള പഴയ വാഹനങ്ങള്‍ അടിയന്തിരമായി നീക്കം ചെയ്യുന്നതിന്‌ നടപടി സ്വീകരിക്കണം.

വാരപ്പെട്ടി പഞ്ചായത്തില്‍ സ്ട്രീറ്റ് ലൈറ്റ്‌ മെയിന്റനന്‍സുമായി ബന്ധപ്പെട്ട നടപടികള്‍ കെ.എസ്‌.ഇ.ബി എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന്‌ വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ യോഗത്തില്‍ ചൂണ്ടിക്കാട്ടി.  

 

കീരംപാറ പഞ്ചായത്തിൽ ഫെന്‍സിംഗ്‌ സ്ഥാപിക്കുന്ന പ്രവർത്തി വേഗത്തിലാക്കണമെന്നും, ഇടവിട്ട്‌ വൈദ്യുതി തടസ്സം നേരിടുന്നതിനു പരിഹാരം ഉണ്ടാകണമെന്നും പാലമറ്റം വാട്ടര്‍ ടാങ്ക് എസ്റ്റിമേറ്റ്‌ തയ്യാറാക്കി നല്‍കണമെന്നും ബന്ധപ്പെട്ട വകുപ്പുകളോട്‌ കീരമ്പാറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആവശ്യപ്പെട്ടു. 

 

യോഗത്തിൽ ആന്റണി ജോൺ എം.എൽ. എ അധ്യക്ഷത വഹിച്ചു. തഹസിൽദാർ എം.അനിൽകുമാർ, നഗരസഭ ചെയർമാൻ കെ.കെ ടോമി ,വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ പി.കെ ചന്ദ്ര ശേഖരൻ നായർ, കീരമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എം.പി ഗോപി, ജില്ലാ പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ്, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എ നൗഷാദ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.എസ് എൽദോസ്, പി.ടി ബെന്നി, എ.ടി പൗലോസ്, തോമസ് വട്ടപ്പാറയിൽ, സാജൻ അമ്പാട്ട്, വിവിധ വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

date