Skip to main content

ആൾ ഇന്ത്യ പൊലീസ് ബാഡ്മിൻ്റൺ ക്ലസ്റ്റർ ഇന്ന് (ഏപ്രിൽ 11 ) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

ആദ്യത്തെ ആൾ ഇന്ത്യ പൊലീസ് ബാഡ്മിൻ്റൺ ക്ലസ്റ്റർ ഇന്ന്‌ (ഏപ്രിൽ 11) വൈകിട്ട് മൂന്നിന് കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

  ക്ലസ്റ്ററിനോടനുബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ മത്സര വിവരങ്ങൾ വിശദീകരിച്ചു.

 

14 ന് സാംസ്കാരിക പരിപാടികൾ കായിക മന്ത്രി വി അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്യും. 15ന് സമാപന പരിപാടികളുടെ ഉദ്ഘാടനം വ്യവസായി വകുപ്പ് മന്ത്രി പി രാജീവ് നിർവഹിക്കും. 

 

ഏപ്രിൽ 11 മുതൽ 15 വരെ ഓൾ ഇന്ത്യ പോലീസ് ഫോഴ്സ് കൺട്രോൾ ബോർഡിന്റെ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ബാഡ്മിൻ്റ്ൺ, ടേബിൾ ടെന്നീസ് ക്ലസ്റ്റർ ആയിട്ടാണ് മത്സരങ്ങൾ നടത്തുന്നത്. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും മറ്റ് കേന്ദ്ര സേനയുടെ ഏജൻസികളിൽ നിന്നും മത്സരാർത്ഥികൾ ഉണ്ടാവും. 43 ടീമുകൾ പങ്കെടുക്കുന്നുണ്ട്. 1033 മത്സരാർത്ഥികൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു കമ്മീഷണർ പറഞ്ഞു.

 

ബാഡ്മിൻ്റൺ മത്സര വിഭാഗത്തിൽ 737 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 279 ഗസറ്റഡ് ഓഫീസർമാരും 458 നോൺ ഗസറ്റഡ് ഉദ്യോഗസ്ഥരും പങ്കെടുക്കും. ടേബിൾ ടെന്നീസ് വിഭാഗത്തിൽ 296 പേർ രജിസ്റ്റർ ചെയ്തു. ഇതിൽ 96 ഗസറ്റഡ് ഉദ്യോഗസ്ഥരും 200 നോൺ ഗസറ്റഡ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. 

 

ഗസറ്റഡ്, നോൺ ഗസറ്റഡ് ഉദ്യോഗസ്ഥർക്കും സ്ത്രീ പുരുഷ വിഭാഗങ്ങൾക്കും വേർതിരിച്ചായിരിക്കും മത്സരങ്ങൾ. 208 വനിത ഉദ്യോഗസ്ഥരും 825 പുരുഷ ഉദ്യോഗസ്ഥരുമാണ് പങ്കെടുക്കുന്നത്. ഡിജിപി മുതൽ കോൺസ്റ്റബിൾ വരെയുള്ള ഉദ്യോഗസ്ഥർ മത്സരിക്കും. പല വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. വ്യക്തിഗത ടീം മത്സരങ്ങൾ ഉണ്ടാകും. 

 

ബാഡ്മിൻ്റൺ മത്സരത്തിൽ വിവിധ വിഭാഗങ്ങളിലായി 60 ഇവന്റുകളും ടേബിൾ ടെന്നീസിൽ 34 ഇവന്റുകളും നടക്കും. മൊത്തം 1200 മത്സരങ്ങളാണ് അഞ്ചുദിവസം കൊണ്ട് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 

പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി 16 കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. കേരള സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിലാണ് എല്ലാ കമ്മിറ്റികളും പ്രവർത്തിക്കുന്നത്. 

 

മത്സരങ്ങളിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. മത്സരങ്ങൾ സംസ്ഥാന പോലീസ് വകുപ്പിന്റെ സോഷ്യൽ മീഡിയ പേജുകളിൽ ലഭ്യമാകുമെന്നും പൊലീസ് കമ്മീഷണർ അറിയിച്ചു.

 

കോസ്റ്റല്‍ സെക്യൂരിറ്റി എഐജി ജി. പൂങ്കുഴലി, ക്രൈംബ്രാഞ്ച് ഹെഡ് ക്വാർട്ടേഴ്സ് എസ്പി മെറിൻ ജോസഫ്, ഡെപ്യൂട്ടി പോലീസ് കമ്മീഷണന്മാരായ അശ്വതി ജിജി, ജുവനപ്പടി മഹേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

date