പീപ്പിൾസ് റെസ്റ്റ് ഹൗസ്: വടകര റെസ്റ്റ് ഹൗസിന് 23.7 ലക്ഷം രൂപ വരുമാനം
പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റെസ്റ്റ് ഹൗസുകൾ ജനകീയമാക്കുന്നതിന്റെ ഭാഗമായി ആവിഷ്കരിച്ച പീപ്പിൾസ് റെസ്റ്റ് ഹൗസ് പദ്ധതിക്ക് വടകരയിലും മികച്ച പ്രതികരണം. വടകര റെസ്റ്റ് ഹൗസിൽ നിന്നും വരുമാനമായി മാത്രം സർക്കാറിന് ലഭിച്ചത് 23.7 ലക്ഷം രൂപയാണ്.
പദ്ധതി ആരംഭിച്ചതിനുശേഷം വടകര റെസ്റ്റ് ഹൗസിൽ 3526 ബുക്കിംഗുകളാണ് നടന്നത്. 2021 നവംബർ ഒന്ന് മുതൽ 2025 മാർച്ച് മൂന്ന് വരെ വടകര റെസ്റ്റ് ഹൗസിൽ നിന്നും സർക്കാരിന് 23,70,128 രൂപ വരുമാനത്തിൽ ലഭിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചിരുന്നു.
വടകര റസ്റ്റ് ഹൗസിൽ പൊതുജനങ്ങൾക്ക് മികച്ച സൗകര്യം ലഭ്യമാക്കുന്നതിനായി 16.8 ലക്ഷം രൂപയ്ക്ക് കോൺഫറൻസ് ഹാൾ പ്രവൃത്തികൾ, 15.1 ലക്ഷം രൂപ ചെലവിൽ ശൗചാലയത്തിൻ്റെ പ്രവൃത്തികൾ എന്നിവ പൂർത്തിയാക്കി. 20 ലക്ഷം രൂപയുടെ ഫ്ലോറിങ്ങ് പുനരുദ്ധാരണ പ്രവർത്തികൾ പുരോഗമിക്കുകയാണ്.
ജനങ്ങൾക്ക് ചുരുങ്ങിയ നിരക്കിൽ മെച്ചപ്പെട്ട സൗകര്യമുള്ള സുരക്ഷിതമായ താമസ സംവിധാനമാണ് പീപ്പിൾസ് റസ്റ്റ് ഹൗസ് പദ്ധതി വഴി ലഭിക്കുന്നത്. പൊതു ജനങ്ങൾക്ക് റൂമുകൾ നേരിട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
- Log in to post comments