Skip to main content
ദേശീയ-സംസ്ഥാന-ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ സംയുക്തമായി വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് മുണ്ടക്കയം കോസ് വേയിൽ നടത്തിയ മോക് ഡ്രിൽ.

പ്രളയവും ഉരുൾപൊട്ടലും' ദുരന്തസാഹചര്യം പുനഃസ്ൃഷ്ടിച്ച് മോക് ഡ്രിൽ

 ദുരന്തസമാന സാഹചര്യം കൃത്രിമമായി ഒരുക്കി നടത്തിയ 'മോക്ഡ്രിൽ' ഏതു പ്രതികൂല സാഹചര്യവും നേരിടാൻ ജില്ല സജ്ജമാണെന്ന പ്രഖ്യാപനമായി. ദേശീയ-സംസ്ഥാന-ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ സംയുക്തമായി വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് നടത്തിയ മോക് ഡ്രിൽ ദുരന്തങ്ങളുണ്ടായാൽ എങ്ങനെ നേരിടണമെന്ന പ്രായോഗിക അനുഭവങ്ങൾ പ്രദേശവാസികൾക്കും നൽകി.
 ചുഴലിക്കൊടുങ്കാറ്റും അനുബന്ധമായി ഉണ്ടായേക്കാവുന്ന പ്രകൃതിക്ഷോഭങ്ങളും മുന്നിൽക്കണ്ടാണ് പരിപാടി നടത്തിയത്. കാഞ്ഞിരപ്പള്ളി താലൂക്കിലെ മുണ്ടക്കയം കോസ് വേയിൽ വെള്ളപ്പൊക്കമുണ്ടായാൽ നേരിടേണ്ട രീതിയും മീനച്ചിൽ താലൂക്കിലെ വെള്ളികുളത്ത് ഉരുൾപൊട്ടലുണ്ടായാൽ ചെയ്യേണ്ട കാര്യങ്ങളും മോക് ഡ്രില്ലിലൂടെ അവതരിപ്പിച്ചു. ദുരന്തമുണ്ടായാൽ എങ്ങനെയാണോ നേരിടേണ്ടത് അതേപോലെതന്നെയാണ് എല്ലാ കാര്യങ്ങളും ഒരുക്കിയത്. യഥാർഥ അപകടമെന്നു യാത്രക്കാരിൽ ചിലർ തെറ്റിദ്ധരിച്ചെങ്കിലും മോക് ഡ്രില്ലിന്റെ ഭാഗമാണെന്നു തിരിച്ചറിഞ്ഞതോടെ അവരും കാഴ്ചക്കാരായിനിന്നു.
റവന്യൂ, ആരോഗ്യവകുപ്പ്, പോലീസ്, ഫയർഫോഴ്സ്, പൊതുമരാമത്തുവകുപ്പു കെട്ടിട, റോഡ്സ് വിഭാഗങ്ങൾ, തദ്ദേശസ്ഥാപനങ്ങൾ തുടങ്ങി വിവിധ സർക്കാർ വകുപ്പുകൾ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
രണ്ടിടത്തും 25 വീതം വോളന്റിയർമാരെ മോക് ഡ്രില്ലിന്റെ ഭാഗമാക്കി. കാഞ്ഞിരപ്പള്ളി തഹസീൽദാർ കെ.എം. ജോസുകുട്ടി, മീനച്ചിൽ തഹസീൽദാർ ലിറ്റിമോൾ തോമസ് എന്നിവർ നേതൃത്വം നൽകി.
ജില്ലാ കളക്ടറേറ്റിലെ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഓഫീസിലൊരുക്കിയ വീഡിയോ കോൺഫറൻസിലൂടെ ജില്ലാ കളക്ടർ ജോൺ വി.സാമുവൽ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ വിലയിരുത്തി.

date