Skip to main content
ടൂറിസം രംഗത്തെ മുന്നേറ്റത്തിന് ലഭിച്ച അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്ലാഗ് അഴീക്കോട് ചാൽ ബീച്ചിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ്  മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ്  ഉയർത്തുന്നു

ഉയരെ വിനോദസഞ്ചാരത്തിന്റെ വിജയക്കൊടി; ചാല്‍ ബീച്ചിൽ ബ്ലൂ ഫ്ലാഗ് ഉയർത്തി മന്ത്രി 

ടൂറിസം രംഗത്തെ മുന്നേറ്റത്തിന് അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്ലാഗ്  ലഭിച്ച ചാല്‍ ബീച്ചില്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഔദ്യോഗിക പതാക ഉയര്‍ത്തി. ജനങ്ങളെയാകെ അണിനിരത്തി നടത്തിയ കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ് ഈ നേട്ടമെന്ന് മന്ത്രി പറഞ്ഞു. ടൂറിസം ജനങ്ങൾക്ക് വേണ്ടിയാണ്. അവരാണ് വിനോദ സഞ്ചാരത്തിന്റെ ബ്രാൻഡ് അംബാസിഡർമാർ. പ്രാദേശികമായ സുസ്ഥിര വികസനത്തിന് ടൂറിസം രംഗത്തെ വികസനം അനിവാര്യമാണ്. കൂടുതൽ സഞ്ചാരികൾ എത്തുമ്പോൾ പ്രദേശത്തിന്റെ എല്ലാ മേഖലയിലും വികസനമുണ്ടാകും. കേരളത്തിന് ടൂറിസം രംഗത്ത് അനന്ത സാധ്യതകളാണുള്ളതെന്നും മന്ത്രി പറഞ്ഞു. ചാൽ ബീച്ചിൽ കൂടുതൽ സൗകര്യം ഒരുക്കുമെന്നും വിഷുക്കൈനീട്ടമായി സംസ്ഥാന സർക്കാർ ഇവിടെ പുതിയ പദ്ധതികൾ നടപ്പിലാക്കുമെന്നും ഇതിനായി ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കേരളം ഓരോ വര്‍ഷവും റെക്കോര്‍ഡ് തിരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ കെ വി സുമേഷ് എംഎല്‍എ അധ്യക്ഷനായി. ജില്ലാ വികസന കമ്മീഷണർ കാർത്തിക് പാണിഗ്രഹി, മുൻ എം എൽ എ പ്രകാശൻ മാസ്റ്റർ എന്നിവർ മുഖ്യാതിഥികളായി. 

പരിസ്ഥിതി സൗഹൃദവും സുരക്ഷിതവുമായ ടൂറിസം വികസനം സാധ്യമാക്കിയാണ് ചാൽ ബീച്ച് ബ്ലൂ ഫ്ലാഗ് നേട്ടം കൈവരിച്ചത്. ആഗോള വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ നേട്ടം ഗുണകരമാകും. ജില്ലയിലെ മുഴുവൻ വിനോദസഞ്ചാര മേഖലയിലും ഉണര്‍വുണ്ടാക്കുവാൻ ഇതിലൂടെ സാധിക്കും. തദ്ദേശീയരായ ആളുകള്‍ക്ക് വലിയ തൊഴില്‍സാധ്യതകളും സൃഷ്ടിക്കപ്പെടും. 
എംഎല്‍എയുടെ നേതൃത്വത്തില്‍ ജില്ലാ ഭരണസംവിധാനവും ഡി ടി പിസിയും അഴീക്കോട് പഞ്ചായത്തും നടത്തിയ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യം കണ്ടത്. അഴീക്കോട് ഗ്രാമ പഞ്ചായത്ത് സജ്ജീകരിച്ച വാട്ടര്‍ എടിഎം, സോഷ്യല്‍ ഫോറസ്ട്രിയുടെ സഹകരണത്തോടെ ബീച്ചില്‍ ആരംഭിച്ച ബട്ടര്‍ഫ്‌ളൈ പാര്‍ക്ക്, കടലാമ പ്രജനന കേന്ദ്രം, പ്ലാസ്റ്റിക് അഴീക്കോട്  ഗ്രാമപഞ്ചായത്ത് മുഖേന പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നിവയും ഹെര്‍ബല്‍ ഗാര്‍ഡനും ചാല്‍ ബീച്ചിനെ ആകര്‍ഷകമാക്കുന്നു. 
ബീച്ചിലെ സുരക്ഷിത നീന്തല്‍ മേഖലയായി വേര്‍തിരിച്ചിരിക്കുന്ന ഭാഗത്തെ വെള്ളത്തിന്റെ ശുദ്ധി എല്ലാ മാസവും കൃത്യമായ ഇടവേളകളില്‍ സംസ്ഥാന മലിനീകരണ ബോര്‍ഡ് മുഖേന പരിശോധിച്ച് ഉറപ്പാക്കുന്നുണ്ട്. പ്രധാന കവാടത്തിനു ഇരുവശത്തും 150 മീറ്റര്‍ വീതം സുരക്ഷിത നീന്തല്‍ മേഖലയാണ്. സൂരക്ഷാ പരിശോധന നടത്തിയ ശേഷമാണ് 300 മീറ്റര്‍ ഭാഗം സുരക്ഷിത നീന്തല്‍ മേഖലയായി വേര്‍തിരിച്ചിട്ടുള്ളത്.  ബീച്ചിലെത്തുന്ന സഞ്ചാരികളുടെ സുരക്ഷയ്ക്ക് രണ്ട് ലൈഫ് ഗാർഡുകളെയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ ദിവസവും ഏഴ് കുടുംബശ്രീ വളണ്ടിയേഴ്സിനെയും ഡിടിപിസി നിയോഗിച്ചിട്ടുണ്ട്. തീരത്തിന്റെ സ്വാഭാവിക സൗന്ദര്യം അതേപടി നിലനിര്‍ത്തിയുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടത്തിയത്. 
ഡെന്‍മാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ എജുക്കേഷനാണ് ബ്ലൂ ഫ്ലാഗ് അംഗീകാരം നല്‍കുന്നത്. കേരളത്തില്‍ മുന്‍പ് കാപ്പാട് ബീച്ച് മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. രാജ്യത്ത് 13 ബീച്ചുകളാണ് ഈ വര്‍ഷം ബ്ലൂ ഫ്ലാഗ് അംഗീകാരം നേടിയത്.  പരിസ്ഥിതി സൗഹൃദം, വൃത്തി, സുരക്ഷ എന്നിങ്ങനെ 33 മാനദണ്ഡങ്ങള്‍ പരിശോധിച്ചാണ് അംഗീകാരം. ചാല്‍ ബീച്ചില്‍ പ്രകൃതി സൗഹൃദ മാനദണ്ഡങ്ങള്‍ പാലിച്ച് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ജില്ലാ ടൂറിസം വകുപ്പ് ഇതോടൊപ്പം തുടക്കമിടുന്നത്. പരിപാടിയിൽ ബ്ലു ഫ്ലാഗ് നേട്ടത്തിനായി പ്രയത്നിച്ച ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും കുടുംബശ്രീ, ഹരിതകർമസേന അംഗങ്ങളെയും അഴീക്കൽ കോസ്റ്റൽ പോലീസിനെയും മന്ത്രി ആദരിച്ചു.

കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ടി സരള, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി ജിഷ, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ്, നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ, ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ വി സുശീല, വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി ഷമീമ, ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ പി വി ഹൈമ, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി എച്ച് സജീവൻ, അഴീക്കോട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ഗിരീഷ് കുമാർ, അഴീക്കോട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശിവൻ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി സി മനോജ്, ടൂറിസം വകുപ്പ് സെക്രട്ടറി പി ജി ശ്യാം കൃഷ്ണൻ, ടൂറിസം വകുപ്പ് റീജിയണൽ ജോയിന്റ് ഡയറക്ടർ ഡി ഗിരീഷ് കുമാർ, ബി ആർ ഡി സി എംഡി പി. ഷിജിൻ തുടങ്ങിയവർ സംസാരിച്ചു. നൂറുകണക്കിനാളുകൾ പരിപാടിയിൽ പങ്കെടുത്തു.

date