Skip to main content

കാറളത്ത് പ്രകൃതിവാതക ചോർച്ച;  അമ്പരന്ന് ജനം;  ആശ്വാസം... അത് മോക്ഡ്രില്ലായിരുന്നു

 

 

 

അപകടസൈറൺ മുഴങ്ങി കാറളം ഗെയിൽ പരിസരം.. ചുഴലിക്കാറ്റുമൂലം ഉണ്ടായ പ്രകൃതിവാതക ചോർച്ചയിൽ കുറെപ്പേർ അപകടത്തിൽ പെട്ടുവെന്നും അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനുള്ള ഓട്ടത്തിലാണ് ഫയർഫോഴ്‌സും പോലീസും രക്ഷാപ്രവർത്തകരുമെന്നാണ് കാഴ്ചക്കാർക്ക് ആദ്യം മനസ്സിലായത്. ദുരന്തനിവാരണ വകുപ്പിൻ്റെ മോക്ക് എക്സർസൈസ് ആണ് പ്രദേശത്ത് നടന്നത് എന്നറിഞ്ഞപ്പോൾ എല്ലാവർക്കും കൗതുകവും ആശ്വാസവുമായി.

 

 ചുഴലിക്കാറ്റ് മൂലം പ്രകൃതി വാതക പൈപ്പുകളിൽ ചോർച്ച വന്നാൽ എന്തൊക്കെ ദുരന്തങ്ങൾ ഉണ്ടാകുമെന്നും ജനങ്ങളെയും വിവിധ സേനാ യൂണിറ്റുകളെയും ഉപയോഗിച്ച് എങ്ങനെ പ്രതിരോധിക്കാമെന്നുമുള്ള തയ്യാറെടുപ്പിൻ്റെ ഭാഗമായാണ് കാറളം ഗെയിൽ ഇന്ത്യ സെക്ഷണൽ വാൽവ് സ്റ്റേഷൻ പരിസരത്ത് മോക്ക് എക്സർസൈസ് നടന്നത്.

 

 ചുഴലിക്കാറ്റ് വരുന്നതിൻ്റെ മുന്നറിയിപ്പ് മുതൽ പ്രദേശത്തെ ആളുകളെ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചതും അപകടസ്ഥലത്ത് ഉണ്ടായവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയതും തുടങ്ങിയ എല്ലാ സേവനങ്ങളും മികച്ച് നിന്നു. കൃത്യസമയത്തെ ഉദ്യോഗസ്ഥരുടെ ഇടപെടലും എടുത്തു പറയേണ്ടതായിരുന്നു.

 

ദേശീയ ദുരന്തനിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി സംഘടിപ്പിച്ച മോക്ക് എക്സർസൈസിൽ ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തിൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇൻസിഡന്റ് റെസ്‌പോൺസ് സിസ്റ്റത്തിന്റെ പ്രവർത്തനം, കൺട്രോൾ റൂമുകളുടെ പ്രവർത്തനം, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം, ആശയവിനിമയോപാധികളുടെ കൃത്യമായ ഉപയോഗം, സൈറണുകളുടെ പ്രവർത്തനം, അപകട സ്ഥലത്ത് നടത്തുന്ന പ്രതികരണ- രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം തുടങ്ങിയ സുപ്രധാന കാര്യങ്ങൾ വിലയിരുത്തി.

 

ഫയർഫോഴ്സ് ഓഫീസർമാർ, ഗെയിൽ ഇന്ത്യ ലിമിറ്റഡ് ഉദ്യോഗസ്ഥർ, സിവിൽ ഡിഫൻസ്, പോലീസ്, ആർ ടി ഒ, ആരോഗ്യം തുടങ്ങി വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ മോക്ക് എക്സ്സർസൈസിൻ്റെ ഭാഗമായി.

 

 മോക്ക് എക്സർസൈസിന് ശേഷം മുകുന്ദപുരം താലൂക്ക് കോൺഫറൻസ് ഹാളിൽ അവലോകനയോഗം ചേർന്നു. ആർ ഡി ഒ എം സി റെജിലിന്റെയും മുകുന്ദപുരം താലൂക്ക് തഹസിൽദാർ സമീഷ് സാബുവിന്റെയും നേതൃത്വത്തിലാണ് യോഗം ചേർന്നത്. മോക്ക് എക്സർസൈസിന്റെ നടത്തിപ്പിലുണ്ടായ വെല്ലുവിളികളും പോരായ്മകളും വിലയിരുത്തി. ഒബ്സർവർമാരായ അസിസ്റ്റന്റ് കമാൻഡൻന്റ് സി ബി കൃപൻ, ഇരിങ്ങാലക്കുട ആർ ഡി ഒ ഓഫീസ് സീനിയർ സൂപ്രണ്ട് എം കെ ഇന്ദു എന്നിവർ മോക്ക് എക്സർസൈസ് അവലോകനം ചെയ്തു. 

 

 കേരള ഫയർ ആൻഡ് റെസ്ക്യൂ ഇരിങ്ങാലക്കുട സ്റ്റേഷൻ ഓഫീസർ കെ എസ് ഡിബിൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ എം ആർ അരുൺ മോഹൻ, റിനോ പോൾ എം, കെ എസ് സജിത്ത് , അനൂപ് സാബു, കെ എ അക്ഷയ്, ഗെയിൽ ഇന്ത്യ ലിമിറ്റഡ് ഡിജിഎം അനിൽ ഗോപിനാഥ്, ചീഫ് മാനേജർ എം എച്ച് റൗഫീക്ക്, സീനിയർ എൻജിനീയർ സായി ശ്രാവൺ, സീനിയർ ഓഫീസർമാരായ വിക്രമാദിത്യൻ, ദേവേന്ദ് കുമാർ, ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് ലിമിറ്റഡ് ഓഫീസർമാരായ കെ ഐ നിഷാൽ, ടിങ്കു ടോം, ജി ആനന്ദ്, പോലീസ്, ആർ ടി ഒ, ആരോഗ്യം, റവന്യു, ദുരന്തനിവാരണം തുടങ്ങിയവർ പങ്കെടുത്തു.

date