Skip to main content

സർക്കാർ നാലാം വാർഷികം: സാംസ്കാരിക യോഗം മെയ് 19 ന് തൃശൂരിൽ;   *മുഖ്യമന്ത്രി പങ്കെടുക്കും; സംഘാടക സമിതി രൂപീകരിച്ചു.

 

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന തല സാംസ്കാരിക യോഗം മെയ് 19ന് തൃശൂരിൽ നടക്കും. സംസ്ഥാനത്തെ കലാസാംസ്കാരിക രംഗത്തുള്ള 2000 പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ സംവദിക്കും. യോഗത്തിൻ്റെ സംഘാടക സമിതി യോഗം തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ അറിയിച്ചതാണിത്.

 

വലിയ സമരങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയുമാണ് നാം ഇന്നു കാണുന്ന നവകേരളം സൃഷ്ടിച്ചെടുത്തത്. ചെകുത്താൻ്റെ നാടെന്നും ഭ്രാന്താലയമെന്നും കുപ്രസിദ്ധി നേടിയ കേരളത്തിന് നാം ദൈവത്തിൻ്റെ നാടെന്ന സത്പേര് വാങ്ങിക്കൊടുത്തു. ആ നാട് ഇപ്പോൾ ജാതിയുടെയും അന്ധവിശ്വാസങ്ങളുടെയും നീരാളിപ്പിടുത്തത്തിലേക്ക് തിരിച്ചുപോകുന്നു. ഇതിന് പ്രതിരോധം തീർക്കാനും നവകേരളത്തിൻ്റെ മാനവീയത നിലനിർത്താനും സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ നേതൃത്വം നൽകേണ്ടതാണെന്ന് മന്ത്രി പറഞ്ഞു.

 

 സാംസ്കാരിക പ്രവർത്തകരുടെ അഭിപ്രായങ്ങൾ നേരിട്ട് കേൾക്കാനും അത് ക്രോഡീകരിക്കാനുമാണ് മുഖ്യമന്ത്രി നേരിട്ട് സാംസ്കാരിക പ്രവർത്തകരുമായി ആശയവിനിമയം നടത്തുന്നത്. കേരളത്തിൽ അത്തരം പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഉപദേശ നിർദേശങ്ങൾ തരാൻ കഴിയുന്നവരാണ് സാംസ്കാരിക പ്രവർത്തകർ. സാംസ്കാരിക പ്രവർത്തകരുമായി വളരെ വിപുലമായി ചർച്ച ചെയ്യാനുള്ള അവസരമായി നാലാം വാര്‍ഷികാഘോഷങ്ങളെ മാറ്റണമെന്ന ലക്ഷ്യത്തോടെയാണ് സർക്കാരും മുഖ്യമന്ത്രിയും നേരിട്ട് പങ്കെടുക്കുന്ന സാംസ്കാരിക സദസ്സ് ഒരുക്കുന്നത് എന്നും മന്ത്രി കൂട്ടിച്ചേർത്തു. 

 

യോഗത്തിൽ പി ബാലചന്ദ്രൻ എം എൽ എ അധ്യക്ഷത വഹിച്ചു. സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ സ്വാഗതം പറഞ്ഞു.

 

സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, എം ആർ രാഘവവാര്യർ , കെ വി അബ്ദുൾ ഖാദർ, ബഷീർ ചുങ്കത്തറ, മ്യൂസ് മേരി ജോർജ് തുടങ്ങിയവർ സംസാരിച്ചു. കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് സംഘാടക സമിതിയുടെ ഘടന വിശദീകരിച്ചു. 

 

  പി. ബാലചന്ദ്രൻ എം എൽ എ (ഹാൾ, സ്റ്റേജ് , ഡെക്കറേഷൻ), സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ 

(റിസപ്ഷൻ, സീറ്റിങ് , ഇന്റെറാക്ഷൻ),

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ് (പ്രിൻസ് ഫുഡ് ആൻഡ് റിഫ്രഷ്മെന്റ് ) ലളിത കലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് (പബ്ലിസിറ്റി), 

സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി (സാംസ്കാരിക പരിപാടികൾ, പ്രദർശനം)

സാഹിത്യ അക്കാദമി ചെയർമാൻ പ്രൊഫ. കെ സച്ചിദാനന്ദൻ ( യാത്ര, താമസം) എന്നിവർ ഉപസമിതികൾക്ക് നേതൃത്വം നൽകും. 

 

വിവിധ മേഖലകളിലെ സാംസ്കാരിക പ്രവർത്തകരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി. പി അബൂബക്കർ നന്ദി പറഞ്ഞു.

date