*വീരാംകുടി, അരേകാപ്പ്* *സന്ദർശനം*
2018 ലെ വെള്ളപ്പൊക്കത്തിൽ കുടിയിറക്കപ്പെട്ടവരാണ് അതിരപ്പള്ളി പഞ്ചായത്തിലെ മലക്കപ്പാറയിലെ ഞണ്ടുകൂട്ടൻപാറയിൽ കഴിയുന്ന വീരാംകുടി ഉന്നതിക്കാർ. താമസയോഗ്യമല്ലാത്ത സ്ഥലത്ത് പ്ലാസ്റ്റിക് വലിച്ചു കെട്ടിയ ഷെഡിലാണ് ഇവർ കഴിയുന്നത്. അരേക്കാപ്പ് ഉന്നതിയിൽ 31 കുടുംബാംഗങ്ങളും അവരുടെ ഉപകുടുംബങ്ങളുമാണ് താമസിക്കുന്നത്. അഞ്ച് കിലോമീറ്ററോളം കുന്നിറങ്ങി വേണം അരേക്കാപ്പ് എത്താൻ. കഴിഞ്ഞ ഓഗസ്റ്റിൽ ഡിഎഫ്ഒ, ടിഡിഒ, പഞ്ചായത്ത്, ഉദ്യോഗസ്ഥർ എന്നിവരോടൊപ്പം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ വീരാംകുടിയിലും അരേക്കാപ്പും സന്ദർശിച്ച് പ്രശ്നങ്ങൾ കേട്ടിരുന്നു.
ഇപ്പോൾ താമസിക്കുന്ന അതേ സ്ഥലത്ത് എഫ്ആർഎയ്ക്കായി അന്ന് വീരാംകുടി ഉന്നതിയിലുള്ളവർ അപേക്ഷ നൽകി, അരേക്കാപ്പിലെ ഭൂരിഭാഗം പേരും വേറെ സ്ഥലത്തേക്ക് മാറ്റാൻ ആവശ്യം ഉന്നയിച്ചു. ജിയോളജിസ്റ്റും മണ്ണ് സംരക്ഷണ വകുപ്പും വീരാംകുടിയിൽ നടത്തിയ പരിശോധനയിൽ നിലവിലുള്ള ഭൂമി വാസയോഗ്യമല്ലെന്ന് റിപ്പോർട്ട് ചെയ്തു. അതോടെ മറ്റൊരു സ്ഥലം കണ്ടെത്താൻ നിർദ്ദേശം നൽകി.
ബന്ധപ്പെട്ട ഉന്നതിയിലെ ജനങ്ങളുടെ ആവശ്യത്തിൻ്റെ അടിസ്ഥാനത്തിൽ മാരാംകോട് കോടശ്ശേരി പഞ്ചായത്തിൽ അനുയോജ്യമായ ഭൂമി കണ്ടെത്തി, സർവേ നടത്തി, സംയുക്ത പരിശോധനയും നടത്തി. ഡിസംബറിൽ ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ചു. ജില്ലാതല കമ്മിറ്റിയുടെ അംഗീകാരത്തിനുശേഷം സംസ്ഥാനതല കമ്മിറ്റിയുടെ അംഗീകാരത്തിനായി ഭൂമിയുടെ വിവരങ്ങൾ സമർപ്പിച്ചു. ഏപ്രിൽ ആദ്യവാരം തന്നെ ഇതിന് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് അംഗീകാരം ലഭിച്ചു. അതനുസരിച്ച് സർവേ പൂർത്തിയാക്കിയ 14.18 ഏക്കർ ഭൂമി വീരാംകുടിയിൽ ഏഴ് കുടുംബങ്ങൾക്കായി വനാവകാശ നിയമ പ്രകാരം അനുവദിച്ചു. അരേക്കാപ്പിലെ 24 കുടുംബങ്ങൾക്ക് 89 ഏക്കർ അനുവദിച്ചു. ആകെ 103 ഏക്കർ നിലവിൽ കൈവശമുള്ള അതേ അളവിൽ വീരാംകുടിയിലും അരേക്കാപ്പിലുമുള്ള 31 കുടുംബങ്ങൾക്കും അവരുടെ ഉപകുടുംബങ്ങൾക്കും അനുവദിച്ചു. മെയ് ആദ്യം തന്നെ റെക്കോർഡ് ഓഫ് റൈറ്റ്സ് കൈമാറുമെന്നും കളക്ടർ അറിയിച്ചു. പുതിയ ഭൂമിയിൽ ആദിവാസി പുനരധിവാസ വികസന മിഷൻ (ടി.ആർ.ഡി.എം) പ്രകാരം വീടുകൾ നൽകും. വിഷുക്കൈനീട്ടമായി ജില്ലാ കളക്ടർ നേരിട്ടെത്തിയാണ് വിവരം വീരാംകുടി നിവാസികളെ അറിയിച്ചത്. വിഷു സമ്മാനമായി മധുരപലഹാരങ്ങളും ഭക്ഷണ കിറ്റുകളും ഉന്നതിയിലുള്ളവർക്ക് വിതരണം ചെയ്തു.
നടപടിക്രമങ്ങൾ വളരെ വേഗത്തിൽ പൂർത്തിയായതിൽ അതീവ സന്തോഷത്തിലാണ് വീരാംകുടിയിലെയും അരേക്കാ പ്പിലെയും ജനങ്ങൾ.
മൂന്ന് കിലോമീറ്ററോളം നടന്ന് കുത്തനെയുള്ള കയറ്റവും കയറി വേണം അരേക്കാപ്പുകാർക്ക് ആശുപത്രിയിലേക്കും മറ്റും എത്തുവാനായി. സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ ഒരുപാട് കാലത്തെ ആവശ്യമാണ് ഈ വിഷുവിന് സഫലമായത്. 35 കുടുംബങ്ങളിൽ 24 പേരും പുനരധിവാസത്തിന് സമ്മതം നൽകി. അവർ ഭൂമിയും കണ്ടെത്തി.
സമ്മതം നൽകാത്ത മറ്റ് കുടുംബങ്ങൾക്ക് ഉന്നതിക്ക് പുറത്ത് ജോലിയും ബന്ധുവീടുകളിൽ താമസ സൗകര്യവും കൃഷിഭൂമിയും ഉണ്ട്.
- Log in to post comments