സര്‍ക്കാര്‍ വാര്‍ഷികം; എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പോസ്റ്റര്‍ മന്ത്രി മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു
വിവിധ സബ് കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു
ദേശീയ സരസ് മേളയുടെ ലോഗോ പ്രകാശനം ചെയ്തു
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് മേയ് 03 മുതല്‍ 12 വരെ കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചരണ പോസ്റ്ററും പ്രൊമോ വീഡിയോയും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. 'വികസന തീരമണഞ്ഞ് കോഴിക്കോട്' എന്ന ടാഗ്ലൈനോടെയാണ് പോസ്റ്റര്‍ തയ്യാറാക്കിയത്. എന്റെ കേരളം മേളയ്ക്കൊപ്പം നടക്കുന്ന കുടുംബശ്രീ ദേശീയ സരസ് മേളയുടെ ലോഗോ മന്ത്രി മേയര്‍ ഡോ. ബീനാ ഫിലിപ്പിനു നല്‍കി പ്രകാശനം ചെയ്തു.
സര്‍ക്കാരിന്റെ നാല് വര്‍ഷത്തെ വികസന കാഴ്ചകളുടെ പ്രതിഫലനമാകണം മേള എന്ന് മന്ത്രി പറഞ്ഞു. നഗരത്തില്‍ മാത്രം ഒതുങ്ങാതെ ജില്ലയുടെ എല്ലാ ഭാഗങ്ങളിലേക്കും പ്രചരണം വ്യാപിപ്പിക്കണം. എല്ലാവിധ ജനവിഭാഗങ്ങളെയും മേളയുടെ ഭാഗമാക്കണം. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തോടെ വ്യത്യസ്തവും പുതുമയുള്ളതുമായ പരിപാടികള്‍ ഉള്‍പ്പെടുത്തി ഏറ്റവും നല്ല രീതിയില്‍ മേള സംഘടിപ്പിക്കാന്‍ സബ് കമ്മിറ്റികള്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനം യോഗം വിലയിരുത്തി. മേളയുടെ മുന്നോടിയായി നഗരത്തില്‍ വര്‍ണ്ണാഭമായ ഘോഷയാത്ര സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ തദ്ദേശസ്ഥാപന തലത്തില്‍ വിദ്യാഭ്യാസം, കരിയര്‍, കല, കായികം, ശാസ്ത്രം, സംരംഭകത്വം തുടങ്ങി വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച 25 വയസ്സിന് താഴെ പ്രായമുള്ള പ്രതിഭകളെ മേളയില്‍ ആദരിക്കും. പ്രതിഭാ സംഗമത്തില്‍ പങ്കെടുക്കേണ്ടവരുടെ പേരുവിവരങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ എല്‍എസ്ജിഡി വകുപ്പിന് നല്‍കും. തെരഞ്ഞെടുക്കപ്പെടുന്ന പ്രതിഭകള്‍ക്ക് അനുഭവങ്ങള്‍ പങ്ക് വയ്ക്കാനുള്ള അവസരവും സംഗമത്തിലുണ്ടാകും.
മേളയുടെ പ്രചാരണത്തിന്റെ ഭാഗമായി തദ്ദേശ തലത്തില്‍ വിദ്യാര്‍ഥികള്‍, ചിത്രകല അധ്യാപകര്‍, പ്രാദേശിക കലാകാരര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് വികസന വരകള്‍ എന്ന പേരില്‍ ചിത്രരചന മത്സരം സംഘടിപ്പിക്കും. ജില്ലാതലത്തില്‍ സമൂഹ ചിത്രരചനയും സംഘടിപ്പിക്കും. സെലിബ്രിറ്റി ഫുട്‌ബോള്‍ മാച്ച്, സൈക്ലിംഗ്, സ്‌കേറ്റിംഗ്, ബീച്ച് റണ്‍ തുടങ്ങി വിവിധ പരിപാടികള്‍ പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അഹമ്മദ് ദേവര്‍കോവില്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. എം എല്‍ എ മാരായ പി ടി എ റഹീം, തോട്ടത്തില്‍ രവീന്ദ്രന്‍, കെ എം സച്ചിന്‍ ദേവ്, കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍, ലിന്റോ ജോസഫ്, ഇ കെ വിജയന്‍, ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ പി ഗവാസ്, ഡിസിപി അരുണ്‍ കെ പവിത്രന്‍, എ ഡി എം സി മുഹമ്മദ് റഫീഖ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുള്‍ കരീം, ജനപ്രതിനിധികള്‍, വിവിധ സബ്കമ്മിറ്റി ചെയര്‍പേഴ്സണ്‍മാര്‍, കണ്‍വീനര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments