ലഹരിക്കെതിരെ ജനകീയ സമിതി അവലോകനയോഗം ചേർന്നു
'ലഹരിക്കെതിരെ നമ്മൾക്ക് കൈകോർക്കാം' എന്ന മുദ്രാവാക്യവുമായി ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ യുടെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ സമിതി അവലോകനയോഗം ചേർന്നു. കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ മുഴുവൻ ജനപ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ, രാഷ്ട്രീയ- സാമൂഹിക- കലാ- കായിക സംഘടനകൾ, വിമുക്തി, യോദ്ധാവ് പദ്ധതികളുടെ സംഘാടകരെ ഒരു കുടക്കീഴിൽ സംയോജിപ്പിച്ചാണ് ലഹരിക്കെതിരെയുള്ള ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
ഓരോ ഗ്രാമപഞ്ചായത്തിലും ലഹരിക്കെതിരെ നടത്തിയ ക്യാമ്പയിനുകളുടെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. പഞ്ചായത്തുകളിൽ നടത്തിയ ലഹരി വിമുക്ത ക്യാമ്പയിനുകൾക്ക് മികച്ച സ്വീകരണം ലഭിച്ചെന്നും നാട്ടിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ പറഞ്ഞു.
വാർഡ് തലത്തിലെ ബോധവത്ക്കരണ പരിപാടികൾ കൂടുതൽ ജനകീയതയോടെ സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി.
മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരിജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി രാജൻ, എം.എസ് മോഹനൻ, സീനത്ത് ബഷീർ, വിനീത മോഹൻദാസ്, ശോഭന രവി, ടി.കെ ചന്ദ്രബാബു, മതിലകം എസ്.എച്ച്.ഒ എം.കെ ഷാജി, എക്‌സൈസ് സി.ഐ ബാലസുബ്രഹ്‌മണ്യൻ, കൊടുങ്ങല്ലൂർ എ.ഇ.ഒ മൊയ്തീൻകുട്ടി, ഡോ.സാനു, പി.ആർ ശ്രീധരൻ മാസ്റ്റർ, ലഹരിവിരുദ്ധ സമിതി ജനറൽ കൺവീനർ ടി.എസ് സജീവൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.
- Log in to post comments