ഡി.സി.എ പരീക്ഷ മെയ് 20 ന്
സ്‌കോൾ കേരള നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്സ് പത്താം ബാച്ചിന്റെ പൊതു പരീക്ഷ മെയ് 20 ന് ആരംഭിക്കും. തിയറി പരീക്ഷ മെയ് 20, 21, 22, 23, 26 തീയതികളിലും, പ്രായോഗിക പരീക്ഷ 2025 മെയ് 27, 28, 29, 30 തീയതികളിലും, അതാത് പഠന കേന്ദ്രങ്ങളിൽ നടത്തും. പരീക്ഷാ ഫീസ് പിഴ കൂടാതെ ഏപ്രിൽ 24 വരെയും 20 രൂപ പിഴയോടെ ഏപ്രിൽ 25 മുതൽ 29 വരെയും സ്‌കോൾ കേരള വെബ്‌സൈറ്റ് മുഖേന (www.scolekerala.org) ഓൺലൈനായി ഒടുക്കാം. 900 രൂപയാണ് ആകെ പരീക്ഷ ഫീസ്. ഫീസ് ഒടുക്കാനായി ഡിസിഎ പഠിതാക്കൾക്ക് അനുവദിച്ച് നൽകിയിട്ടുള്ള യൂസർനെയിം (ആപ്ലിക്കേഷൻ നമ്പർ), പാസ്‌വേഡ് (ജനന തീയതി) ഉപയോഗിച്ച് സ്‌കോൾ കേരളയുടെ വെബ്സൈറ്റിലെ സ്റ്റുഡന്റ് ലോഗിനിൽ 'Exam Fee Payment' എന്ന ലിങ്ക് വഴി തുക ഒടുക്കണം. സ്‌കോൾ കേരള വെബ്‌സൈറ്റിൽ നിന്നും ഡൺലോഡ് ചെയ്‌തെടുത്ത അപേക്ഷാഫാറം പൂരിപ്പിച്ച് ഫീസ് ഒടുക്കിയ ഓൺലൈൻ രസീത്, സ്‌കോൾ കേരള അനുവദിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം ബന്ധപ്പെട്ട പഠന കേന്ദ്രം പ്രിൻസിപ്പാൾമാർക്ക് അപേക്ഷ സമർപ്പിക്കണം. ഇന്റേണൽ പരീക്ഷക്ക് 40 ശതമാനം മാർക്കും സമ്പർക്ക ക്ലാസിൽ പങ്കെടുത്ത 75 ശതമാനം ഹാജരുമാണ് പരീക്ഷ എഴുതാനുള്ള യോഗ്യത. ഡി.സി.എ ഒന്നാം ബാച്ച് (2015 ഒക്ടോബർ) മുതൽ ആറാം ബാച്ച് (2022 മെയ്) വരെയുള്ള വിദ്യാർത്ഥികൾക്കും (Old Scheme), ഏഴ്, എട്ട്, ഒൻപത് (2024 മെയ്) ബാച്ചുകളിലെ പൊതുപരീക്ഷക്ക് രജിസ്റ്റർ ചെയ്യുകയും എന്നാൽ വിവിധ കാരണങ്ങളാൽ പൂർണ്ണമായോ / ഏതെങ്കിലും വിഷയങ്ങൾ മാത്രമായോ എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്കും, ഏതെങ്കിലും വിഷയങ്ങളിൽ നിർദ്ദിഷ്ട യോഗ്യത നേടാത്തവർക്കും നിബന്ധനകൾക്ക് വിധേയമായി 2025 മെയിലെ പരീക്ഷക്ക് അപേക്ഷ സമർപ്പിക്കാം. വിശദാംശങ്ങൾ സ്‌കോൾ കേരള വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) പരീക്ഷ നോട്ടിഫിക്കേഷനിൽ നിന്നും ലഭിക്കും. ഫോൺ : 0471-2342950, 2342271.
പി.എൻ.എക്സ് 1638/2025
- Log in to post comments