ലോകഭാഷയായി മാറുന്ന മലയാളത്തെ ആശ്ലേഷിക്കാന്‍ നമുക്ക് കഴിയണം: സി. രാധാകൃഷ്ണന്‍
ഭരണഭാഷാ വാരാചരണത്തിന് സമാപനം
കൊച്ചി: ലോകഭാഷയായി മലയാളം മാറുന്ന കാലത്ത് ആ ഭാഷയെ ആശ്ലേഷിക്കാന്‍ നമുക്ക് കഴിയണമെന്ന് സി. രാധാകൃഷ്ണന്‍. കാക്കനാട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പബ്ലിക് റിലേഷന്‍ വകുപ്പും ജില്ല ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച ഭരണഭാഷാ വാരാചരണങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തെ ഏതു ഭാഷയിലും മലയാളത്തിലുള്ള രചനകളും സൃഷ്ടികളും വിവരങ്ങളും ലഭ്യമാകുന്ന വിധത്തില്‍ വിവരസാങ്കേതികവിദ്യ വളര്‍ച്ച വികസിച്ചു കഴിഞ്ഞു. ഭാഷയ്ക്ക് ലഭിച്ച വരദാനമാണത്. യന്ത്രഭാഷാ വിവര്‍ത്തന നടപടിക്രമം വഴി ഏതു ഭാഷയിലേക്കും വിവര്‍ത്തനം സാധ്യമാണ്. അത്തരം വിവര്‍ത്തനങ്ങള്‍ തികവുള്ള ഭാഷയിലായിരിക്കില്ലെങ്കിലും ഈ തികവില്ലായ്മ കാലം നികത്തും. അക്ഷരത്തെറ്റ് പരിശോധന, കംപ്യൂട്ടര്‍ നിഘണ്ടു തുടങ്ങിയ സങ്കേതങ്ങള്‍ മലയാളത്തിലും വികസിപ്പിക്കണം. വിവരസാങ്കേതികവിദ്യയുടെ മുഴുവന്‍ സാധ്യതകളും മലയാള ഭാഷയിലും പ്രയോജനപ്പെടുത്താന്‍ കഴിയും. ഇതോടെ മലയാളത്തിലെ സൃഷ്ടികള്‍ ലോകത്തെ എല്ലാ ഭാഷയിലും ലഭ്യമാക്കാന്‍ കഴിയും. സാംസ്‌കാരിക വകുപ്പിന് ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്.
പൗരോഹിത്യ മേധാവിത്വത്തിന്റെ മുഷ്‌കിനെതിരേ വേദങ്ങളും ശാസ്ത്രങ്ങളും സാധാരണക്കാരന്റെ ഭാഷയിലാക്കുന്നതിനാണ് തുഞ്ചത്തെഴുത്തച്ഛന്‍ മലയാള ലിപിക്ക് തുടക്കം കുറിച്ചത്. തുഞ്ചത്തെഴുത്തച്ഛന്റെ നാട്ടില്‍ മാതൃഭാഷയെ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. കോളനി വാഴ്ചയ്ക്കു ശേഷവും പഴയ യജമാനന്‍മാരുടെ ഭാഷ മതിയെന്ന് നാം തീരുമാനിച്ചു. സാമ്രാജ്യത്വ ശക്തികളില്‍ നിന്ന് മോചനം നേടിയ ശേഷം മാതൃഭാഷ വ്യവഹാര ഭാഷയാക്കിയ രാജ്യങ്ങളില്‍, വ്യവഹാരഭാഷ യജമാനഭാഷയായി തുടര്‍ന്ന രാജ്യങ്ങളേക്കാള്‍, 200 ഇരട്ടി വികസനമാണ് സാധ്യമായത്. ലോകത്ത് ജീവിക്കാനുള്ള ഭാഷാ പരിജ്ഞാനം ആര്‍ജിക്കാനുള്ള ഊന്നുവടിയാണ് മാതൃഭാഷ പഠനമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
മലയാളഭാഷയെ ആധുനിക കംപ്യൂട്ടിംഗിന്റെ അടുത്ത ഘട്ടത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. നമ്മുടെ ഭാഷയും സംസ്‌കാരവും സ്വന്തം അഭിമാനമയി കരുതി പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ഭരണഭാഷ വാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കഥ, ഉപന്യാസ രചന, പ്രശ്‌നോത്തരി എന്നിവയിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും സി. രാധാകൃഷ്ണന്‍ വിതരണം ചെയ്തു.
എഡിഎം എം.കെ. കബീര്‍, ആകാശവാണി കൊച്ചി നിലയം ഡയറക്ടര്‍ ടി.ടി. പ്രഭാകരന്‍, ആകാശവാണി ചീഫ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ശ്രീകുമാര്‍ മുഖത്തല, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments