Skip to main content

ദേശീയ പക്ഷി-മൃഗ മേള നാളെ(നവംബര്‍ 10) മുതല്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും

സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ പക്ഷി-മൃഗ പ്രദര്‍ശനം നാളെ (നവംബര്‍ 10) മുതല്‍ 13  വരെ കൊല്ലം ആശ്രാമം മൈതാനത്ത് നടക്കും. മൂന്ന് ദിവസം നീളുന്ന മേള നവംബര്‍ 10 ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു അധ്യക്ഷനാകും.     

ചടങ്ങില്‍ മന്തിമാരായ ജെ. മേഴ്‌സിക്കുട്ടിയമ്മ,  കടകംപള്ളി സുരേന്ദ്രന്‍, ഇ. ചന്ദ്രശേഖരന്‍, പി. തിലോത്തമന്‍, മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു, എം. പി. മാരായ കെ. സോമപ്രസാദ്, എന്‍. കെ. പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, എം. എല്‍. എ. മാരായ എം. മുകേഷ്, എം. നൗഷാദ്, പി. അയിഷാപോറ്റി, കെ. ബി. ഗണേഷ്‌കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍, മുല്ലക്കര രത്‌നാകരന്‍, ജി.എസ്. ജയലാല്‍, ആര്‍. രാമചന്ദ്രന്‍, എന്‍. വിജയന്‍പിള്ള, ജില്ലാ പഞ്ചായത്ത് പ്രസഡന്റ് കെ. ജഗദമ്മ, ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി ദേവേന്ദ്ര ചൗധരി , കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 
പുതിയ കാഴ്ച്ചകള്‍, അറിവുകള്‍,  ബിസിനസ് സാധ്യകള്‍, വിനോദപരിപാടികള്‍ എല്ലാം മേളയില്‍ ഒത്തുചേരുന്നു. രാജ്യത്തെ മൃഗപക്ഷി ശേഖരത്തിന്റെ വൈപുല്യം ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്നു. നമ്മുടെ നാട്ടിലേയും മറുനാട്ടിലേയും കാലി ജനുസ്സുകള്‍, ആടിനങ്ങള്‍, താറാവ്, കോഴി, കാട, പക്ഷികള്‍, മുയല്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ജീവജാലങ്ങള്‍ ഇതിലുണ്ട്.  നാമാവശേഷമായിക്കൊണ്ടിരിക്കുന്ന നാട്ടുമൃഗങ്ങളേയും പക്ഷികളേയും കാണാനും  അറിയാനും പ്രദര്‍ശനം ഉപകരിക്കും.

അരുമമൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമായി വിപുലമായ പവലിയനുകളാണ് ഒരുങ്ങുന്നത്. നൂറോളം വരുന്ന നായ് ജനുസ്സുകള്‍, പ്രാവിനങ്ങള്‍, തത്തകള്‍, ഫിഞ്ചുകള്‍,  ഉരഗങ്ങള്‍, വര്‍ണമത്സ്യങ്ങള്‍ തുടങ്ങിയവയും മേളയുടെ ആകര്‍ഷണങ്ങളാണ്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടേതായി 350 ഓളം സ്റ്റാളുകളാണുണ്ടാവുക. 
ഉദ്ഘാടനദിവസമായ നവംബര്‍ പത്തിന് രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ വേദി രണ്ടില്‍ ബംഗലുരു സി.പി.ഡി.ഒ. ഡയറക്ടര്‍ ഡോ. മഹേഷ് പി. എസ്. കോഴിവളര്‍ത്തലിലെ നൂതന ആശയങ്ങള്‍ പരിചയപ്പെടുത്തും. ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകുന്നേരം അഞ്ചു വരെ ഡോ.എച്ച്. നാഗഭൂഷണ്‍ കോഴിവളര്‍ത്തലിലെ സാധ്യകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ സംസാരിക്കും. വേദി ഒന്നില്‍ വൈകിട്ട് ഏഴു മണി മുതല്‍ ബാബു സിംഫണിയുടെ സംഗീത പരിപാടി നടക്കും.

നവംബര്‍ 11 ന് രണ്ടാം വേദിയില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ പശുവളര്‍ത്തല്‍ സാങ്കേതിക വിദ്യയിലൂടെ എങ്ങനെ എളുപ്പമാക്കാം എന്ന വിഷയത്തിലുള്ള സെമിനാര്‍ നടക്കും. എം. നൗഷാദ് എം.എല്‍. എ. ഉദ്ഘാടനം നിര്‍വ്വഹിക്കും. മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍. വേണുഗോപാല്‍ ചര്‍ച്ച നയിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ഡയറി ഫാമിംഗ് ആധുനികവത്കരണവും നൂതന പ്രവണതകളും എന്ന വിഷയത്തിലുള്ള സെമിനാര്‍ കേരളഫീഡ്‌സ് ചെയര്‍മാന്‍ കെ. എസ്. ഇന്ദുശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്യും; ഡോ. ജോര്‍ജ് തോമസ് ചര്‍ച്ച നയിക്കും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ മൂന്നാം വേദിയില്‍ ആനയെ അറിയാന്‍ എന്ന പരിപാടിയില്‍ മേഖലയിലെ വിദഗ്ധര്‍ ആനയെ സംബന്ധിക്കുന്ന അറിവുകള്‍ പങ്കിടും. തുടര്‍ന്ന് പെറ്റ്‌ഷോയും  പൊലിസ് ഡോഗ്‌സ്‌ക്വാഡിന്റെ പ്രകടനവും നടക്കും. ഒന്നാം വേദിയില്‍ വൈകുന്നേരം അഞ്ചു മുതല്‍ ഇമോഷന്‍സ് ഓര്‍ക്കസ്ട്രയുടെ വയലിന്‍ ഫ്യൂഷന്‍, ഏഴു മുതല്‍ ഉമ്പായിയുടെ ഗസല്‍ സന്ധ്യ. 

നവംബര്‍ 12 ന് രാവിലെ ഒമ്പതിന് വേദി രണ്ടില്‍ കോഴിവളര്‍ത്തല്‍ കൂടുതല്‍ ലാഭകരമാക്കാം എന്ന വിഷയത്തിലുള്ള സെമിനാര്‍ പൗള്‍ട്രി വികസന കോര്‍പറേഷന്‍ ചെയര്‍പെഴ്‌സന്‍ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും ; മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ജലാലുദീന്‍ ചര്‍ച്ച നയിക്കും. വേദി മൂന്നില്‍ രാവിലെ 10 ന് രാജേഷ് മഹേശ്വറിന്റെ റിവേഴ്‌സ് ക്വിസ്, ഉച്ചകഴിഞ്ഞ്  മൂന്നിന് പാമ്പുകളെ കുറിച്ച് അറിവു പകരുന്നതിന് വാവാ സുരേഷ് നയിക്കുന്ന പരിപാടി, നാലു മണിക്ക് താമരക്കുടി കരുണാകരന്‍ മാസ്റ്ററുടെ ഓട്ടന്‍തുള്ളല്‍, അഞ്ചിന് ജിതേഷ് ജിയുടെ വരയരങ്ങ്. വേദി ഒന്നില്‍ വൈകിട്ട് ഏഴു മുതല്‍ ജി. വേണുഗോപാലിന്റെ ഗാനമേള. 
നവംബര്‍ 13 ന് രാവിലെ ഒമ്പത് മുതല്‍ വേദി രണ്ടില്‍ ജൈവമാലിന്യം വളമായും ഇന്ധനമായും മാറ്റുന്നത് സംബന്ധിച്ച സെമിനാര്‍ നിയസമഭാ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉദ്ഘാടനം ചെയ്യും. കൊല്ലം എസ്. എന്‍. കോളജിലെ അധ്യാപകന്‍ ഡോ. ഡി. എസ്. സായി ചര്‍ച്ച നയിക്കും. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ നാലു വരെ മൃഗസംരക്ഷണ മേഖലയിലെ പ്രശ്‌നങ്ങളും പരിഹാര നിര്‍ദ്ദേശങ്ങളും സംബന്ധിച്ച് മന്ത്രി കെ. രാജു കര്‍ഷകരുമായി മുഖാമുഖം നടത്തും. 

വൈകുന്നേരം അഞ്ചിന് സമാപന സമ്മേളനം ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു അധ്യക്ഷനാകും. കൃഷിമന്ത്രി വി. എസ്. സുനില്‍കുമാര്‍ വിവിധ അവാര്‍ഡുകള്‍ വിതരണം ചെയ്യും. മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള സംസ്ഥാന മൃഗസംരക്ഷണ അവാര്‍ഡ് ജേതാക്കളെ ആദരിക്കും. മേയര്‍ വി. രാജേന്ദ്രബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ,  കോര്‍പറേഷനിലേയും മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് വൈകിട്ട് ഏഴിന് കെ. പി. എ. സി. യുടെ നാടകം - ഈഡിപ്പസ് .

 
(പി.ആര്‍.കെ.നമ്പര്‍  2549/17)

date