Skip to main content

യുവജനങ്ങളെ കായികരംഗത്തെ മുഖ്യധാരയിലെത്തിക്കാന്‍ നടപടിയെടുക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് 

ജില്ലയിലെ യുവജനങ്ങളെ കായികരംഗത്തെ മുഖ്യധാരയിലെത്തിക്കാന്‍ ജില്ലാ പഞ്ചായത്ത് നടപടി സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. ജില്ലാ കേരളോത്സവത്തിന്റെ ഭാഗമായുള്ള കായിക മത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ സ്റ്റേഡിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. കായികക്ഷമത വര്‍ധിപ്പിക്കുന്നതിന് പരിശീലനം ആവശ്യമാണ്. ഇതിനായി വളരെ അടുക്കും ചിട്ടയോടും കൂടി മത്സരങ്ങള്‍ നടത്തി കൂടുതല്‍ പേരെ സംസ്ഥാന തല മത്സരങ്ങളില്‍ പങ്കെടുപ്പിക്കും. മുന്‍ വര്‍ഷങ്ങളില്‍ 500 താഴെ മാത്രം മത്സാരാര്‍ഥികളാണ് പങ്കെടുത്തിരുന്നതെങ്കില്‍ ഈ വര്‍ഷം ജില്ലാ കേരളോത്സവത്തില്‍ 900 ല്‍ അധികം പേര്‍ പങ്കെടുക്കുന്നുണ്ടെന്നത് യുവജനങ്ങള്‍ക്ക് കായികരംഗത്തോടുള്ള താല്‍പര്യമാണ് കാണിക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. 

ജില്ലയിലെ മത്സരങ്ങളിലൂടെ യുവജനങ്ങളുടെ കഴിവുകള്‍ കാര്യക്ഷമമായി വര്‍ധിപ്പിച്ച് സംസ്ഥാന തല മത്സരങ്ങളില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കി കായികരംഗത്ത് വന്‍ മുന്നേറ്റം സൃഷ്ടിക്കാനുള്ള നടപടികളാണ് ജില്ലാപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ പറഞ്ഞു. 

ജനകീയാസൂത്രണത്തില്‍ കായികരംഗത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനായി 20 ലക്ഷം രൂപയുടെ പദ്ധതി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പഞ്ചായത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് സ്‌കൂള്‍ കായികമേളയിലെ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിന് തുക വിനിയോഗിക്കുമെന്നും ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍ പറഞ്ഞു. 

ജില്ലാ പഞ്ചായത്തംഗങ്ങളായ എലിസബത്ത് അബു, ബിനി ലാല്‍, വിനീത അനില്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടിറി കെ.ജി. ജയശങ്കര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സെബാസ്റ്റിയന്‍, അംഗം പി.കെ. രവീന്ദ്രന്‍,  യുവജനക്ഷേമ ബോര്‍ഡ്  ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. ജയകൃഷ്ണന്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ആര്‍. ശ്രീലേഖ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ന്(12) രാവിലെ എട്ടിന് ഫുട്‌ബോള്‍, ആര്‍ച്ചറി മത്സരങ്ങള്‍ ജില്ലാ സ്‌റ്റേഡിയത്തിലും ഉച്ചയ്ക്ക് രണ്ടിന് പത്തനംതിട്ട മാര്‍ത്തോമ്മ സ്‌കൂളില്‍ ബാസ്‌ക്കറ്റ്‌ബോള്‍ മത്സരവും നടക്കും. 13ന് രാവിലെ എട്ടിന് ജില്ലാ സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരവും രാവിലെ 10 മുതല്‍ പ്രമാടം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വോളിബോള്‍ മത്സരവും നടക്കും. 
 

date