Skip to main content

മീസിൽസ് റൂബെല്ല പ്രതിരോധ ദൗത്യം അന്തിമ ഘട്ടത്തിലേക്ക് ജില്ലയിൽ ഇതുവരെ 5,58,060  കുട്ടികൾ  (82.54 % )  കുത്തിവെപ്പെടുത്തു

ഒരു മാസത്തിലേറെയായി നടപ്പിലാക്കി വരുന്ന മീസിൽസ് റൂബെല്ല പ്രതിരോധ ദൗത്യം നവംബർ 18 ന്  അവസാനിക്കും. ഒക്ടോബർ 3 ന് ആരംഭിച്ച പ്രതിരോധ ദൗത്യത്തിലൂടെ ഇതുവരെ 5,58,060 കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകി കഴിഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ ആദ്യ ഘട്ടത്തിൽ തന്നെ സ്കൂളുകളിൽ പ്രത്യേക അദ്ധ്യാപക രക്ഷാകർതൃയോഗങ്ങൾ സംഘടിപ്പിച്ച് ക്യാമ്പയിനിനെക്കുറിച്ച് ബോധവൽക്കരണം നടത്തിയതാണ് ഇത്രയും നേട്ടം കൈവരിക്കുന്നതിന് സഹായിച്ചത്.

ചില സ്കൂളുകളിൽ ഒന്നിലധികം തവണ ഇത്തരം യോഗങ്ങൾ സംഘടിപ്പിച്ചു. ആരോഗ്യവകുപ്പിലെ ഡോക്ടർമാരോടൊപ്പം ഐ.എ.പി,  ഐ.എം.എ,  സർക്കാർ,  സ്വകാര്യ മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ഡോക്ടർമാരും ഇത്തരം യോഗങ്ങളിൽ പങ്കെടുത്ത് രക്ഷിതാക്കളുടെ സംശയങ്ങളകറ്റിയത് ക്യാമ്പയിനിനു നേട്ടമായി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും കാമ്പയിനിന്റെ  ഭാഗമായി സംഘടിപ്പിച്ച യോഗങ്ങൾക്ക് നേതൃത്വം നൽകിയതും നേട്ടം കൈവരിക്കുന്നതിന് സഹായകരമായി. ഇതുവരെ  ചെങ്ങമനാട്  ( 92.59 % ), പിഴല ( 108.36% ), രാമമംഗലം  (109.02 % ), കാലടി  ( 92.61% ), കീച്ചേരി (90.7 % ),  കുമ്പളങ്ങി ( 98.1 % ) എന്നീ ബ്ലോക്കുകൾ 90  ശതമാനത്തിന് മുകളിൽ നേട്ടം കൈവരിച്ചു. 

പ്രതിരോധ കുത്തിവെപ്പെടുക്കാത്ത  കുട്ടികൾ അധികമുള്ള സ്കൂളുകളിലെ ഹെഡ്മാസ്റ്റർമാരെയും, മാനേജർമാരെയും, പി.ടി.എ പ്രസിഡൻറ്മാരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള അടിയന്തിര അവലോകന യോഗം നാളെ ( 15/11/17 ) ഉച്ചക്ക് 12 മണിക്ക് കളക്ടറുടെ അദ്ധ്യക്ഷതയിൽ കാക്കനാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെച്ച് ചേരുന്നതാണ്. 
 

date