Skip to main content

വയറിളക്ക രോഗ നിയന്ത്രണ പക്ഷാചരണം 28 മുതല്‍; വ്യക്തി ശുചിത്വം പ്രത്യേകം ശ്രദ്ധിക്കണം

ഊര്‍ജ്ജിത വയറിളക്ക രോഗ നിയന്ത്രണ പക്ഷാചരണം (ഐ.ഡി.സി.എഫ്) ജില്ലയില്‍ മെയ് 28 മുതല്‍ ജൂണ്‍ ഒമ്പത് വരെ നടക്കും. അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികളില്‍ വയറിളക്ക രോഗം മൂലം ഉണ്ടാകുന്ന മരണം പൂര്‍ണ്ണമായും തടയുകയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സിങ്ക്, ഒ.ആര്‍.എസ് പാനീയം എന്നിവയുടെ ലഭ്യത ഉറപ്പു വരുത്തുക, വ്യക്തി ശുചിത്വത്തെക്കുറിച്ചും മറ്റും ജനങ്ങളെ ബോധവത്കരിക്കുക എന്നിവയും പക്ഷാചരണത്തിന്റെ ലക്ഷ്യമാണ്. പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ ആയിരം ജനസംഖ്യക്ക് ഒരു ഒ.ആര്‍.എസ് കോര്‍ണര്‍ എന്ന നിലയ്ക്ക് പ്രത്യേക ഒ.ആര്‍.എസ് കോര്‍ണറുകള്‍ തയ്യാറാക്കും. അങ്കണവാടി, ആരോഗ്യ ഉപ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും ഒ.ആര്‍.എസ് കോര്‍ണറുകള്‍ തയ്യാറാക്കുക. ആശുപത്രികള്‍, ആശ പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും സൗജന്യമായി ഒ.ആര്‍.എസ്. പാക്കറ്റുകള്‍ ലഭ്യമാക്കും.
വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട് ആദിവാസി, തീരദേശ മേഖലകളില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണമെന്ന് പക്ഷാചരണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന വിവിധ വകുപ്പുകളുടെ ഏകോപന യോഗത്തില്‍ ജില്ലാ കളക്ടര്‍ ടി അമിത് മീണ പറഞ്ഞു. കൈ കഴുകള്‍, തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം, പോഷക കുറവ് എന്നീ കാര്യങ്ങളും ശ്രദ്ധിക്കണം. കളക്ടര്‍ പറഞ്ഞു. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. രേണുക, ഐ.ടി.ഡി.പി, വാട്ടര്‍ അതോറിറ്റി, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date