Skip to main content

അംശാദായ കുടിശ്ശിക നിവാരണം

 ആലപ്പുഴ: കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിൽ അംഗത്വം  റദ്ദായിട്ടുള്ള ക്ഷേമനിധി അംഗങ്ങൾക്ക്  അംശാദായ കുടിശിക അടച്ച്  അംഗത്വം പുന:സ്ഥാപിക്കാം. ഇതിനായി 2018 ജൂൺ 1 മുതൽ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്. ആറുമാസത്തിലധികം അംശാദായ കുടിശിക ഉളളവർ ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസർ മുമ്പാകെ മെയ് മാസത്തെ വിൽപ്പന കണക്കുകളുടെ ബില്ലുകൾ,അക്കൗണ്ട് ബുക്ക്, പാസ് ബുക്ക് എന്നിവ സഹിതം ഹാജരാകണം.

(പി.എൻ.എ 1143/ 2018)

 

കോർ ബങ്കിങ് സംവിധാനം: കാലതാമസം നേരിടും

 

ആലപ്പുഴ: പോസ്റ്റ് ഓഫീസുകൾ കോർ ബങ്കിങ് സംവിധാനത്തിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക കാരണങ്ങളാൽ ജൂൺ, ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ ട്രഷറിയിൽ നിന്നും അയയ്ക്കുന്ന  മണി ഓർഡർ പെൻഷനുകളുടെ വിതരണത്തിൽ കാലതാമസം നേരിടാൻ സാധ്യതയുണ്ടെന്ന് ജില്ലാ ട്രഷറി ഓഫീസർ അറിയിച്ചു.

(പി.എൻ.എ 1148/ 2018)

ക്വട്ടേഷൻ ക്ഷണിച്ചു

 

ആലപ്പുഴ:പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് 2018-19 വാർഷികപദ്ധതിയിലെ വിവിധ പദ്ധതികൾക്കാവശ്യമായ സാധന സാമഗ്രികൾ വിതരണം  ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ശ്മശാനം മൂന്നാം വാർഡിൽ അങ്കണവാടി എന്നിവയ്ക്ക് സ്ഥലം വിൽപ്പന നടത്തുന്നതിന് താൽപ്പര്യപത്രം ക്ഷണിച്ചു. വിശദവിവരങ്ങൾ  www.lsg.kerala.gov.in  നിന്നും ലഭിക്കും. ഫോൺ:04792408656.

 

(പി.എൻ.എ 1149/ 2018)

ലോക പുകയില വിരുദ്ധ ദിനം : ഇന്ന് 

ആലപ്പുഴ: കേരള സംസ്ഥാന ലഹരി വർജ്ജന മിഷൻ - “വിമുക്തി” മിഷന്റെ  പ്രചരാണർത്ഥം   ലോക പുകയില വിരുദ്ധ ദിനമായ ഇന്ന് (മെയ് 31) ന് ജില്ലയിൽ എക്‌സൈസ് വകുപ്പിന്റെ  ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ഗവ. റ്റി.ഡി മെഡിക്കൽ കോളേജിൽ പുകയില വിരുദ്ധ ദിനത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ എ.കെ നാരായണൻകുട്ടി നിർവ്വഹിക്കുന്നു.  പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞയും     ചെറുകഥരചനാ മത്സരവും സംഘടിപ്പിക്കും. ചേർത്തല താലൂക്കിൽ, ചേർത്തല എക്‌സൈസ് സർക്കിൾ ഓഫീസും ചേർത്തല സർവ്വീസ് ക്‌ളബും സംയുക്തമായി പുകയില വിരുദ്ധ ബൈക്ക് റാലിയും ലഹരി വിരുദ്ധ  പ്രതിജ്ഞയും പോസ്റ്റർ പ്രദർശനവും സംഘടിപ്പിക്കും.

 

  അമ്പലപ്പുഴ  താലൂക്കിൽ ലഹരി വിരുദ്ധ ബൈക്ക് റാലിയും ദീപം                   തെളിയിക്കലും സംഘടിപ്പിച്ചിട്ടുണ്ട്.  പുന്നപ്ര ജംഗ്ഷനിലാണ് പരിപാടി.  ലഹരി വിരുദ്ധ                  ബോധവത്കരണ പ്രതിജ്ഞ ചൊല്ലികൊടുക്കുകയും ദീപം തെളിയിക്കലും നടക്കും. 

 

  മാവേലിക്കര താലൂക്കിൽ നീണ്ട ക്യാൻവാസിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾകൊളളുന്ന മുദ്രാവാക്യങ്ങൾ, ചിത്രങ്ങൾ, കാർട്ടൂണുകൾ മുതലായവ വരയ്ക്കുന്ന ചടങ്ങും ലഹരി വിരുദ്ധ പ്രതിജ്ഞയും ദീപം തെളിയിക്കലും സംഘടിപ്പിച്ചിട്ടുണ്ട്.  ഹരിപ്പാട് താലൂക്കിൽ ഹരിപ്പാട് എക്‌സൈസ് സർക്കിൾ ഓഫീസിന്റെയും അമ്യത വിദ്യാലയത്തിന്റെയും കാപ്റ്റർ അക്കാദമിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പുകയില വിരുദ്ധ സൈക്കിൾ റാലിയും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചിരിക്കുന്നു.  തുടർന്ന് പൊതുസമ്മേളനവും നടക്കും. 

(പി.എൻ.എ 1150/ 2018)

date