മൂല്യബോധമുളള തലമുറയെ സൃഷ്ടിക്കുവാന്‍ കലയും കലാകാരന്‍മാരും അനിവാര്യം: സംവിധായകന്‍ ബ്ലെസി
മൂല്യബോധമുളള തലമുറയെ സൃഷ്ടിക്കുവാന്‍ കലയും കലാകാരന്‍മാരും അനിവാര്യമാണെന്ന് സംവിധായകന്‍ ബ്ലെസി അഭിപ്രായപ്പെട്ടു. കലാകാരന്‍മാരെ മാറ്റി നിര്‍ത്തികൊണ്ട് രാഷ്ട്ര നിര്‍മ്മാണം സാധ്യമല്ല. പുതുതലമുറയെ സൃഷ്ടിച്ചു കൊണ്ട് അതിലൂടെ രാഷ്ട്ര നിര്‍മ്മാണത്തിനും അധ്യാപക സമൂഹത്തിന്റെ പങ്ക് വളരെ വലുതാണ്. പാഠഭാഗങ്ങള്‍ക്കപ്പുറം സഹജീവികളോട് കരുതലുള്ള മൂല്യ ബോധമുള്ള ജനതയാണ് സമൂഹത്തിനാവശ്യം. കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് നടന്ന അധ്യാപകരുടെ സിനിമ പഠന പരിശീലന പരിപാടിയുടെ സമാപന ചടങ്ങില്‍ വിശിഷ്ടാഥിതിയായി പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സിന്റെ ചെയര്‍മാന്‍ ആര്‍. ഹരികുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡീന്‍ ചന്ദ്രമോഹനന്‍ നായര്‍ സ്വാഗതവും കോഴ്‌സ് ഡയറക്ടര്‍ ഫൗസിയ ഫാത്തിമ നന്ദിയും പറഞ്ഞു. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്‌നോളജി ഡയറക്ടര്‍ ബി. അബുരാജ്, കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. കെ.അമ്പാടി എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
സംസ്ഥാനത്തെ സ്‌കൂള്‍ അധ്യാപകരെ ചലച്ചിത്ര നിര്‍മ്മാണത്തിന്റെ വിവിധ വശങ്ങള്‍ പഠിപ്പിക്കുന്നതിനുവേണ്ടി സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്‌നോളജിയും കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സും സംയുക്തമായിട്ടാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ദക്ഷിണേന്ത്യയിലെ ഏക ദേശീയ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 25 അധ്യാപകര്‍ വീതമുള്ള ആറു ബാച്ചുകളിലായി ഒന്നരമാസമായി നടന്നുവന്ന പരിശീലനം ഇന്നവസാനിച്ചു. എല്‍.പി വിഭാഗത്തില്‍ നിന്ന് 27, യു.പി. വിഭാഗത്തില്‍ 25, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 73, ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 13 എന്നിങ്ങനെ ആകെ 138 അധ്യാപകര്‍ കേരളത്തിലെ 14 ജില്ലകളില്‍ നിന്നും പങ്കെടുത്തു. പൊതുവിദ്യാലയത്തിലെ ഏകദേശം 2.5 ലക്ഷത്തോളം കുട്ടികള്‍ക്ക് ഈ പരിശീലന പരിപാടിയിലൂടെ പ്രയോജനം ലഭിക്കും.
അധ്യാപകര്‍ക്ക് ഓഡിയോവിഷ്വല്‍ ഇ-കണ്ടന്റ് നിര്‍മ്മാണത്തിന് ആവശ്യമായ തിരകഥ, ഷ്യൂട്ടിംഗ്, എഡിറ്റിംഗ്, ശബ്ദമിശ്രണം, അനിമേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ കെ. ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകര്‍ക്ക് പുറമെ ചലച്ചിത്ര മേഖലയിലെ പ്രമുഖരും ക്ലാസ്സ്എടുത്തു. വിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും ഹൈടെക്ക് ആയി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്മാര്‍ട്ട് ക്ലാസ്സുകള്‍ക്ക് ആവശ്യമായ ഓഡിയോ - വിഡിയോ കണ്ടന്റുകള്‍, ബോധവല്‍കരണത്തിനാവശ്യമായ ലഘുചിത്രങ്ങല്‍ എന്നിവ സ്വയം തയ്യാറാക്കുവാന്‍ തങ്ങളെ പ്രാപ്തമാക്കുന്നതായിരുന്നു ഈ പരിശീലനപരിപാടി എന്ന് അധ്യാപകര്‍ അഭിപ്രായപ്പെട്ടു. അടുത്ത തലത്തിലേയ്ക്കുള്ള പരിശീലനം സാധ്യമാക്കണമെന്ന അധ്യാപകരുടെ ആവശ്യം ഈ പരിശീലനത്തിന്റെ വിജയമാണ്.
പരിശീലനത്തില്‍ പങ്കെടുത്ത അധ്യാപകരുടെ ആവശ്യപ്രകാരം തുടര്‍ന്നും ഇത്തരത്തിലുള്ള ചലച്ചിത്ര നിര്‍മ്മാണത്തിന്റേയും ഇ-കണ്ടെന്റ് നിര്‍മ്മാണത്തിന്റേയും ഉയര്‍ന്ന തലത്തിലുള്ള പരിശീലന പരിപാടികള്‍ എസ്.ഐ.ഇ.ടിയും കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് സംഘടിപ്പിക്കുമെന്ന് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്‌നോളജി ഡയറക്ടര്‍ ബി. അബുരാജ്, ഡയറക്ടര്‍ ഡോ. കെ. അമ്പാടി എന്നിവര്‍ പറഞ്ഞു.
(കെ.ഐ.ഒ.പി.ആര്‍-1108/18)
- Log in to post comments