Skip to main content

ക്ഷീര കര്‍ഷകരെ സഹായിക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്- മുഖ്യമന്ത്രി പിണറായി വിജയന്‍

 

ക്ഷീര കര്‍ഷകരോടൊപ്പം നില്‍ക്കുന്നതും അവരെ സഹായിക്കുന്നതുമായ നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ക്ഷീര വികസന വകുപ്പ് സംഘടിപ്പിച്ച ലോക ക്ഷീര ദിനാചരണവും ശില്‍പശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

വിവിധ തരത്തിലുള്ള കടങ്ങള്‍ വീട്ടാന്‍ കഴിയാതെ രാജ്യ വ്യാപകമായി കര്‍ഷകര്‍ പ്രക്ഷോഭം നടത്തുന്ന സന്ദര്‍ഭമാണിത്. അതിന്റെ പ്രതിഫലനമാണ് മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലുണ്ടായ കര്‍ഷക മുന്നേറ്റങ്ങള്‍. അവിടുത്തെ ക്ഷീര കര്‍ഷകരും ഇത്തരം പ്രക്ഷോഭങ്ങളുടെ ഭാഗമായി മാറിയിരുന്നു. കേരളത്തില്‍ കര്‍ഷകരുടയും ക്ഷീര കര്‍ഷകരുടെയും ക്ഷേമത്തിന് ആവശ്യമായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അതുകൊണ്ട് ഇത്തരം പ്രക്ഷോഭങ്ങളൊന്നും ഇവിടെ ഉണ്ടാകില്ല.

  ക്ഷീര കര്‍ഷകരുടെ പ്രശ്‌നം പൂര്‍ണമായും പരിഹരിക്കണമെങ്കില്‍ പാലിന്റെയും അനുബന്ധ ഉല്‍പന്നങ്ങളുടെയും ഉല്‍പാദനം വര്‍ധിപ്പിക്കണം. അതിന് അനുയോജ്യമായ പദ്ധതികള്‍ നടപ്പാക്കി വരികയാണ്. പാല്‍ ഉല്‍പാദനത്തില്‍ സംസ്ഥാനം സ്വയം പര്യാപ്തതയിലേയ്ക്ക് നീങ്ങുകയാണ്.  മില്‍മയും മറ്റ് പാല്‍ സൊസൈറ്റികളും ഇതിന് കൂടുതല്‍ പിന്തുണ നല്‍കുന്നുണ്ട്. അതുകൊണ്ട് വളരെ വേഗം ഈ ലക്ഷ്യത്തില്‍ എത്താന്‍ കഴിയും. കര്‍ഷകരും അനുകൂലമായ നിലപാട് സ്വീകരിക്കണം. പാലിനൊപ്പം മൂല്യ വര്‍ധിത ഉല്‍പന്നങ്ങളുടെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിലൂടെ ക്ഷീര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണമായും പരിഹാരം കണ്ടെത്താന്‍ കഴിയും. സര്‍ക്കാര്‍ ഇത്തരത്തിലുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിനൊരു ധവള കവചം എന്ന പുസ്തകവും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. 

  ക്ഷീര കര്‍ഷകരും പാല്‍ ഉല്‍പാദനവുമായി ബന്ധപ്പെടുന്നവരും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ പാല്‍ ഉല്‍പാദനത്തില്‍ എത്രയും വേഗം സ്വയം പര്യാപ്തതയിലെത്താന്‍ കഴിയുമെന്നും സര്‍ക്കാര്‍ അതിന് ആവശ്യമായ സഹായം നല്‍കുമെന്നും അദ്ധ്യക്ഷത വഹിച്ച വനം, മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. ഒ.രാജഗോപാല്‍ എം.എല്‍.എ, കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍(മില്‍മ) ചെയര്‍മാന്‍ പി.ടി.ഗോപാലക്കുറുപ്പ്, കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.എന്‍.രാജന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് സെക്രട്ടറി അനില്‍ എക്‌സ് സ്വാഗതവും ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ എബ്രഹാം ടി. ജോസഫ് നന്ദിയും പറഞ്ഞു.  

പി.എന്‍.എക്‌സ്.2129/18

date