സ്‌കൂള്‍ പ്രവേശനോത്സവം
ആഘോഷമായി ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം
കൊച്ചി: നാടൊന്നാകെ അണിനിരന്ന സാംസ്‌കാരിക ഘോഷയാത്രയോടെയാണ് ഈ വര്‍ഷത്തെ ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം മണീടില്‍ ആരംഭിച്ചത്. പുതുതായി വിദ്യാലയത്തിലേക്കെത്തിയ കുട്ടികളെ മണീട് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും ഘോഷയാത്രയായാണ് പ്രാഥമിക വിദ്യാലയത്തിലേക്ക് എതിരേറ്റത്. ശിങ്കാരി മേളവും കാവടിയും മുതിര്‍ന്ന കുട്ടികള്‍ വേഷമിട്ട വിവിധ നാടന്‍ കലാരൂപങ്ങളുമായി അദ്ധ്യാപകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ നടന്ന ഘോഷയാത്രയില്‍ രക്ഷകര്‍ത്താക്കള്‍ക്ക് പുറമേ നാട്ടുകാരും അണിനിരന്നു.
രാവിലെ 9.30ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ അണിനിരന്ന ഘോഷയാത്ര മണീട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജെ. ജോസഫ് ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് മണീട് ലോവര്‍ പ്രൈമറി സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ അനൂപ് ജേക്കബ് എം.എല്‍.എ ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനം കൈവരിച്ച പുരോഗതിയാണ് കേരളത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതു വിദ്യാലയങ്ങളില്‍ കൂടുതല്‍ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കി അവയെ കൂടുതല്‍ മികവുള്ളതാക്കും. അപേക്ഷ നല്‍കിയ വിദ്യാലയങ്ങള്‍ക്ക് എം.എല്‍.എ ഫണ്ടുപയോഗിച്ച് വാഹന സൗകര്യമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉദ്ഘാടനചടങ്ങുകള്‍ക്ക് മുന്നേ വേദിയില്‍ മുന്‍ വര്‍ഷത്തെ പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്‌കാരം പ്രാഥമിക വിദ്യാലയത്തിലെ കുട്ടികള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് കുട്ടികള്‍ കവി മുരുകന്‍ കാട്ടാക്കട രചിച്ച് വിജയ് കരുണ്‍ സംഗീതം നല്‍കിയ ഈ വര്‍ഷത്തെ പ്രവേശനോത്സവ ഗാനം ആലപിച്ചു. എറണാകുളം വിദ്യഭ്യാസ ഉപഡയറക്ടര്‍ സി.എ സന്തോഷ് സ്വാഗതം ആശംസിച്ചു. കുട്ടികള്‍ ഫല വൃക്ഷതൈകള്‍ നല്‍കി വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്ര നാഥിന്റെ സ്‌കൂള്‍ പ്രവേശനോത്സവ സന്ദേശം എറണാകുളം എ.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ സജോയ് ജോര്‍ജ്ജ് വായിച്ചു.
കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖല നേട്ടത്തിന്റെ പാതയിലാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ പ്രസിഡന്റ് ആശാ സനല്‍ പറഞ്ഞു. സംസ്ഥാന സിലബസില്‍ പഠിക്കാന്‍ കൂടുതല്‍ കുട്ടികള്‍ എത്തുന്നത് വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറിയതിനാലാണെന്നും പ്രസിഡന്റ് അഭിപ്രായപ്പെട്ടു. തുടര്‍ന്ന് പിറവം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.പി ജോര്‍ജ്ജ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ചടങ്ങില്‍ സൗജന്യ സ്‌കൂള്‍ യൂണിഫോം വിതരണം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമന്‍ നിര്‍വ്വഹിച്ചു. കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എറണാകുളം ജില്ല കാഴ്ചവെച്ച മികച്ച പ്രകടനത്തെ യോഗം പ്രശംസിച്ചു. 99.12 ശതമാനം വിജയം കൈവരിച്ച് എറണാകുളം സംസ്ഥാനത്തെ മികച്ച ജില്ലയായി. ജില്ലയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എറണാകുളം വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സി.എ സന്തോഷിനെ യോഗത്തില്‍ ആദരിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജെ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. വിവിധ പരീക്ഷകളിലും ദേശീയ സ്‌കൂള്‍ കായിക മേളയിലും നേട്ടങ്ങള്‍ കൈവരിച്ച വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. വിവിധ വ്യക്തികളും സന്നദ്ധ സംഘടനകളും സൗജന്യ പഠനോപകരണ വിതരണം നടത്തി. തുടര്‍ന്ന് പായസവും ഐസ്‌ക്രീമുമുള്‍പ്പെടെയുള്ള ഉച്ച ഭക്ഷണത്തോടെയാണ് പ്രവേശനോത്സവം സമാപിച്ചത്.
ക്യാപ്ഷന്‍: മണീട് ലോവര്‍ പ്രൈമറി സ്‌കൂളില്‍ അനൂപ് ജേക്കബ് എം.എല്‍.എ ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നു.
വര്‍ണാഭമായി പ്രവേശനോത്സവം: പൂമ്പാറ്റകളെപ്പോലെ കുരുന്നുകള്‍
കൊച്ചി: വര്‍ണാഭമായ ചടങ്ങുകളോടെ കൈതാരം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രവേശനോത്സവം. കോട്ടുവളളി ഗവ. യു.പി സ്‌കൂളില്‍ നിന്നും സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളുടെ അകമ്പടിയോടെ ദീപശിഖയുമായി എത്തിയ അക്ഷര ജ്യോതി പ്രയാണത്തെ വരവേറ്റു കൊണ്ടാണ് ആഘോഷ പരിപാടികള്‍ ആരംഭിച്ചത്. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വി.സി റൂബി പതാക ഉയര്‍ത്തി. ഈ വര്‍ഷത്തെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് പ്രദീപ് റോയ് പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കിയാവണം കുട്ടികള്‍ വളരേണ്ടതെന്നും ടിവി, മൊബൈല്‍ ഫോണ്‍ എന്നിവ ഒഴിവാക്കി പഠനത്തിന് മാത്രമായി സമയം ചെലവഴിക്കമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ പി.ടി.എ യും മറ്റ് ഭാരവാഹികളും അദ്ദേഹത്തെ പുരസ്‌കാരം നല്‍കി ആദരിച്ചു. ഒന്നാം ക്ലാസിലേക്ക് ഈ വര്‍ഷം ആദ്യം പ്രവേശനം നേടിയ ദേവിക സനല്‍ ചടങ്ങില്‍ ഭദ്രദീപം തെളിയിച്ചു.
ഒന്നാം ക്ലാസിലേക്ക് 51 പേരാണ് പ്രവേശനം നേടിയിരിക്കുന്നത്. രണ്ട് മുതല്‍ പത്താം ക്ലാസ് വരെ 109 പേരും പുതുതായി പ്രവേശനമെടുത്തവരാണ്. ഒന്നാം ക്ലാസിലേക്ക് ചേര്‍ന്ന എല്ലാ കുട്ടികള്‍ക്കും സൗജന്യമായി ബാഗും കുടയും വിതരണം ചെയ്തു.
മികവിന്റെ കേന്ദ്രമാകുന്ന ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം പറവൂര്‍ എംഎല്‍എ അഡ്വ. വി.ഡി സതീശന്‍ നിര്‍വ്വഹിച്ചു. 8, 9, 10 ക്ലാസ് മുറികളാണ് ഹൈടെക് ആക്കുന്നത്. എല്ലാ ക്ലാസ് മുറികളിലും ലാപ്‌ടോപ്പ്, വൈറ്റ് ബോര്‍ഡ്, മള്‍ട്ടിമീഡിയ പ്രൊജക്ടര്‍, മൗണ്ടിംഗ് കിറ്റ്, യു.എസ്.ബി സ്പീക്കര്‍, അതിവേഗ ഇന്റര്‍നെറ്റ് എന്നീ സൗകര്യങ്ങളാണ് ആദ്യഘട്ടം എന്ന നിലയില്‍ ഒരുക്കിയിട്ടുള്ളത്. അടുത്ത ഘട്ടത്തില്‍ ലാബുകള്‍ക്ക് പുറമെ മള്‍ട്ടി ഫംഗ്ഷന്‍ പ്രിന്റര്‍, എച്ച്.ഡി ക്യാമറ, വെബ്ക്യാം, ടെലിവിഷന്‍ തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാക്കും. അന്താരാഷ്ട്ര നിലവാരത്തിലേക്ക് വിദ്യാലയങ്ങളെ ഉയര്‍ത്തുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി അനുവദിച്ച മൂന്നു കോടി രൂപ ഉപയോഗിച്ച് പണിയുന്ന പ്രൈമറി ബ്ലോക്ക്, വിഎച്ച്എസ്ഇ ബ്ലോക്ക് എന്നീ കെട്ടിട സമുച്ചയങ്ങളുടെ ശിലാസ്ഥാപനവും എംഎല്‍എ നിര്‍വ്വഹിച്ചു.
കൂടാതെ കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്ത എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. തുടര്‍ച്ചയായി അഞ്ചാം തവണയും കൈതാരം സ്‌കൂളിന് എസ്എസ്എല്‍സി പരീക്ഷയില്‍ നൂറുമേനിയാണ് വിജയം. ഈ നേട്ടം കൈവരിച്ച പറവൂരിലെ ഏക സ്‌കൂളുമാണിത്. ചടങ്ങില്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി, ജില്ലാ പഞ്ചായത്ത് അംഗം ഹിമ ഹരീഷ്, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസ്സി റാഫേല്‍, കൈതാരം വിഎച്ച്എസ്ഇ പ്രിന്‍സിപ്പാള്‍ സി. അശോകന്‍ എന്നിവര്‍ പങ്കെടുത്തു.
ക്യാപ്ഷന്‍: 1) കൈതാരം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി ഹെഡ്മിസ്ട്രസ് വി.സി റൂബി പതാക ഉയര്‍ത്തുന്നു.
2) കൈതാരം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവിക സനല്‍ ഭദ്രദീപം തെളിയിക്കുന്നു.
ഹരിത മാര്‍ഗരേഖ പാലിച്ച് പ്രവേശനോത്സവം
കൊച്ചി: ഹരിത ചട്ടങ്ങള്‍ ബാധകമാക്കി നടപ്പിലാക്കിയ സംസ്ഥാനത്തെ ആദ്യ പ്രവേശനോത്സവം സ്‌കൂളുകള്‍ ആഘോഷമാക്കി. കുരുത്തോല കൊണ്ടുള്ള അലങ്കാരങ്ങളും വാഴയിലയില്‍ സദ്യ നല്‍കിയുമാണ് കുരുന്നുകളെ അധ്യയനത്തിന്റെ ആദ്യ ദിവസം വരവേറ്റത്. മഴ ഒഴിഞ്ഞു നിന്ന ദിനത്തില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ വിദ്യാലയത്തിന്റെ ആദ്യപടി ചവിട്ടി. കുറുമശ്ശേരി ഗവ.യു.പി.സ്‌കൂളില്‍ നടന്ന അങ്കമാലി ഉപജില്ലാ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം റോജി.എം.ജോണ്‍ എം.എല്‍.എ. നിര്‍വഹിച്ചു. രാവിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്ത ഘോഷയാത്രയോടു കൂടിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ പുതിയതായി ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികള്‍ അക്ഷരദീപം തെളിയിച്ചു. ഇവര്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. തുടര്‍ന്ന് സദ്യയും ഒരുക്കിയിരുന്നു. ഹരിത ചട്ടം പാലിക്കണമെന്നതിനാല്‍ സ്റ്റീല്‍ പാത്രങ്ങളും വാഴയിലയുമാണ് സദ്യക്ക് ഉപയോഗിച്ചത്. പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന രാജന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സെബാസ്റ്റ്യന്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജയശ്രീ എന്നിവര്‍ പങ്കെടുത്തു.
പൊയ്ക്കാട്ടുശ്ശേരി ഗവ.എല്‍.പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി എല്‍ദോ ഉദ്ഘാടനം ചെയ്തു. പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ബാഗ് ഉള്‍പ്പടെയുളള സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിവിധ സംഘടനകളാണ് കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത്. പുതുതായി പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും വളരെ കൂടുതലാണെന്ന് അധ്യാപകര്‍ പറഞ്ഞു. ഇപ്പോഴും കുട്ടികള്‍ പ്രവേശനം നേടുന്നതിനാല്‍ ഒരാഴ്ചയ്ക്കു ശേഷം മാത്രമേ കൃത്യമായ കണക്കു ലഭിക്കൂ.
വാര്‍ഡ് അംഗം പി.ടി.എ പ്രസിഡന്റുമായ എല്‍.വി.ബാബു അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സത്യന്‍, പഞ്ചായത്തംഗങ്ങളായ പി.സി. സോമശേഖരന്‍, സുമ സാബുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
അക്ഷരമുറ്റത്തേക്ക് കുരുന്നുകള്‍ ചിരിച്ചെത്തി
പ്ലാസ്റ്റിക്കിന് വിടചൊല്ലി വെണ്ണല സ്‌കൂള്‍
കൊച്ചി: ആടിയും പാടിയും നിറകണ്ണുകളോടെയും വിദ്യാലയത്തില്‍ എത്തിയ കുഞ്ഞുങ്ങളെ പുഞ്ചിരിയോടെ വരവേറ്റു വെണ്ണല ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍. വര്‍ണാഭമായി സ്‌കൂള്‍ അന്തരീക്ഷം കുരുന്നു മനസ്സുകളെ വരവേറ്റത്. പ്ലാസ്റ്റിക് വസ്തുക്കള്‍ മാറ്റിവച്ച് ഹരിതാഭ ശോഭയിലാണ് പ്രവേശനോത്സവം വെണ്ണലയില്‍ സംഘടിപ്പിച്ചത്. എല്ലാ തിരക്കുകളും മാറ്റിവെച്ച് കുട്ടികളെ വിദ്യാലയങ്ങളില്‍ ചേര്‍ക്കാന്‍ രക്ഷിതാക്കള്‍ വിദ്യാലയ അങ്കണത്തില്‍ എത്തി. വിദ്യാര്‍ത്ഥികളെ ആനയിപ്പിക്കാന്‍ വിപുലമായ ചടങ്ങുകളാണ് വിദ്യാലയത്തില്‍ ഒരുക്കിയിരുന്നത്. വര്‍ണ്ണാഭമായ പേപ്പര്‍ തൊപ്പികള്‍ ധരിച്ചാണ് വിദ്യാര്‍ത്ഥികളെ ക്ലാസ് റൂമുകളിലേക്ക് കയറ്റിയത്. ക്ലാസ് റൂമുകളും വര്‍ണാഭമായിരുന്നു. കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട കാര്‍ട്ടൂണുകള്‍, മലയാളം അക്ഷരമാലകള്‍ കോര്‍ത്തിണക്കിയ ചാര്‍ട്ടുകള്‍, ഗണിത അക്ഷരങ്ങള്‍ എന്നിവയെല്ലാം നാലു ചുവരുകളിലും നിറഞ്ഞുനിന്നു.
പ്രൈമറി മുതല്‍ നാലുവരെയുള്ള ക്ലാസ്സുകളിലായി 105 കുട്ടികള്‍ ഈ വര്‍ഷം പുതിയതായി എത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 59 വിദ്യാര്‍ഥികള്‍ മാത്രം പ്രവേശനം നേടിയെടുത്തു നിന്നാണ് ഇക്കൊല്ലം ഇത്തരമൊരു നേട്ടം വിദ്യാലയം കൈവരിച്ചത്. ഇംഗ്ലീഷ് മലയാളം മീഡിയത്തില്‍ ആയി നാലാംക്ലാസ് വരെ പത്ത് ഡിവിഷനുകളാണ് വിദ്യാലയത്തില്‍ നിലവിലുള്ളത്. കൂടാതെ 20 അന്യസംസ്ഥാന വിദ്യാര്‍ഥികളും ഈ വര്‍ഷം വിദ്യാലയത്തില്‍ പ്രവേശനം നേടിയിട്ടുണ്ട്. ഹിന്ദി, തമിഴ് ഭാഷകള്‍ സംസാരിക്കുന്ന വിദ്യാര്‍ഥികളാണ് അവരില്‍ ഭൂരിഭാഗവും. പഠനവൈകല്യമുള്ള പത്തോളം വിദ്യാര്‍ത്ഥികളും വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്. മറ്റു കുട്ടികളോടൊപ്പം തന്നെ പഠനത്തില്‍ മുന്നേറാനുള്ള പരിശീലനമാണ് ഇവര്‍ക്ക് അധ്യാപകര്‍ നല്‍കുന്നത്.
അധ്യയന നിലവാരത്തിലെ മികച്ച പ്രകടനമാണ് വെണ്ണല സ്‌കൂളിനെ ശ്രദ്ധേയമാക്കുന്നത്. പാഠ്യ, പാഠ്യേതര രംഗങ്ങളില്‍ കുട്ടികളെയും മുന്‍നിരയില്‍ എത്തിക്കാന്‍ സദാ സന്നദ്ധരായ അധ്യാപകരാണ് ഇവിടുള്ളത്. ഒരു സ്‌കൂള്‍ബസ്സ് ആണ് വിദ്യാലയത്തിന് അനുവദിച്ചിട്ടുള്ളത്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവര്‍ത്തനമാണ് വിദ്യാലയത്തില്‍ ഉള്ളത്. എല്ലാമാസവും പിടിഎ യോഗം ചേര്‍ന്നു വിലയിരുത്തുന്നതിനാല്‍ അതതു സമയങ്ങളില്‍ പോരായ്മകള്‍ പ്രത്യേകം പരിഹരിക്കാന്‍ കഴിയുന്നു. പിടിഎയുടെ മികച്ച പ്രവര്‍ത്തനമാണ് വിദ്യാലയത്തിന് താങ്ങായി നില്‍ക്കുന്നതെന്ന് പ്രധാന അധ്യാപികയായ വി.കെ. യശോദ പറഞ്ഞു.
മികച്ച കായിക പരിശീലനവും, മ്യൂസിക് ക്ലാസ്സുകളും, വര്‍ക്ക് എക്‌സ്പീരിയന്‍സ് ക്ലാസ്സുകളും വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്നുണ്ട്. ഒന്നു മുതല്‍ നാലു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് കമ്പ്യൂട്ടര്‍ ലാബ് സൗകര്യവുമുണ്ട്. എല്‍കെജി, യുകെജി വിദ്യാര്‍ഥികള്‍ക്ക് പഠന സംബന്ധമായ വിഷയങ്ങള്‍ കോര്‍ത്തിണക്കിയ കാര്‍ട്ടൂണ്‍ ചിത്രങ്ങളും പ്രൊജക്ടറിന്റെ സഹായത്തോടെ പ്രവര്‍ത്തിപ്പിക്കാവുന്ന സ്മാര്‍ട്ട് ക്ലാസ് റൂമുകളും വിദ്യാലയത്തിലുണ്ട്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂള്‍ ലൈബ്രറികള്‍ക്ക് പുറമേ ക്ലാസ് ലൈബ്രറികളും, മലയാളം കൂടുതല്‍ ആകര്‍ഷകമാക്കാന്‍ മലയാളത്തിളക്കം പരിപാടിയും, കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഇംഗ്ലീഷ് അനായാസമാക്കാന്‍ ഹലോ ഇംഗ്ലീഷ് പരിപാടിയും, ഗണിതം രസകരമാക്കാന്‍ ഗണിത ലാബും വിദ്യാലയത്തില്‍ നടത്തപ്പെടുന്നുണ്ട്. ഉച്ചഭക്ഷണം പദ്ധതിയും വിദ്യാലയത്തില്‍ നടപ്പാക്കുന്നുണ്ട്. രണ്ടു ദിവസം പാല്‍ ഒരു ദിവസം മുട്ട തുടങ്ങി പോഷകസമൃദ്ധമായ ഭക്ഷണമാണ് വിതരണം ചെയ്യുന്നത്.
പി.ടി. തോമസ് എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ എം ബി മുരളീധരന്‍ നവാഗതര്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ വത്സലകുമാരി യൂണിഫോം വിതരണവും കൗണ്‍സിലര്‍ സിമി ടീച്ചര്‍ പാഠപുസ്തക വിതരണവും നടത്തി. കൊച്ചി കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ പ്രധാനാധ്യാപിക വി. കെ. യശോദ, എസ് എസ് എഫ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ജോസ്‌പെറ്റ് തെരേസ ജേക്കബ്, വാര്‍ഡ് കൗണ്‍സിലര്‍ പി.എം. നസീമ, ഉപേന്ദ്രന്‍ ആശാരി, രാജന്‍ വലിയവീട്ടില്‍, പി.എന്‍. സജീവന്‍, ദിലീപ് കുമാര്‍ കെ.കെ, അജയ്കുമാര്‍ ഘോഷ്, ശ്രീദേവി, എസ്. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആവേശമായി എടവനക്കാട് യുപി സ്‌കൂളില്‍ പ്രവേശനോത്സവം
കൊച്ചി: സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ആവേശം പകര്‍ന്നു വൈപ്പിന്‍ സബ്ജില്ലാ പ്രവേശനോത്സവം എടവനക്കാട് ജിയുപിഎസ് സ്‌കൂളില്‍ നടന്നു. വിദ്യാഭ്യാസവും വിജ്ഞാനവും വര്‍ദ്ധിപ്പിച്ച് രാജ്യത്തിന്റെ സമ്പത്താക്കി കുട്ടികളെ മാറ്റണമെന്ന് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് എസ് ശര്‍മ എംഎല്‍എ പറഞ്ഞു. സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു
ചെണ്ട കൊട്ടിയും പാട്ടുപാടിയും ഉത്സവ പ്രതീതിയിലാണ് അധ്യാപകര്‍ കുട്ടികളെ സ്‌കൂളിലേക്ക് ആനയിച്ചത്. പ്രവേശന ഗാനം ആലപിച്ച് പുതിയ കുട്ടികളെ ചേട്ട•ാരും ചേച്ചിമാരും ചേര്‍ന്ന് സ്വീകരിച്ചു. അധ്യാപകരും കുട്ടികളും ചേര്‍ന്ന് അക്ഷരദീപവും തെളിയിച്ചു.
എടവനക്കാട് പഞ്ചായത്ത് പ്രസിഡണ്ട് കെ. സജീവന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ. കെ. ജോഷി മുഖ്യപ്രഭാഷണം നടത്തി. കുട്ടികള്‍ക്കുള്ള പഠനോപകരണവിതരണം എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം റോസ്‌മേരി ലോറന്‍സ് നിര്‍വഹിച്ചു.
23 ലധികം കുട്ടികളാണ് ഈ വര്‍ഷം എടവനക്കാട് ജിയുപിഎസ് സ്‌കൂളില്‍ പുതിയതായി പ്രവേശനം നേടിയത്. വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി പുരുഷോത്തമന്‍, എടവനക്കാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹസീന അബ്ദുല്‍സലാം, എടവനക്കാട് പഞ്ചായത്ത് അംഗം സുജാത രവീന്ദ്രന്‍, വൈപ്പിന്‍ എ.ഇ.ഒ. എ. ദിവാകരന്‍, എടവനക്കാട് ജിയുപിഎസ് പ്രധാന അധ്യാപിക കെ. വി. അജിതകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
കളിചിരികളുമായി മുവാറ്റുപുഴ ഉപജില്ലാ സ്‌കൂള്‍ പ്രവേശനോത്സവം
കൊച്ചി: കുരുത്തോല തോരണങ്ങളും കടലാസു പൂക്കളുമൊക്കെ അലങ്കരിച്ച സ്‌കൂള്‍ മുറ്റത്തേക്ക് കടന്ന് വന്നപ്പോള്‍ ഒരു കുഞ്ഞിന്റെ മുഖത്ത് പോലും സങ്കടക്കടലില്ല... തെല്ലൊരു അമ്പരപ്പ് മാത്രം.... ചേട്ടന്‍മാരും ചേച്ചിമാരും ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് കുഞ്ഞനുജന്‍മാരേയും അനിയത്തിമാരേയും വരവേറ്റ് ഒന്നാം ക്ലാസിന്റെ പടിവാതില്‍ക്കല്‍ എത്തിച്ചത്. കൂട്ടിനു വന്ന അമ്മമാരെ വിട്ട് കളിചിരിയോടെ ക്ലാസ് മുറികളിലേക്ക്. കടാതി ഗവ. എല്‍.പി സ്‌കൂളിലെ പ്രവേശനോത്സവ കാഴ്ചകളാണിവ.
മൂവാറ്റുപുഴ ഉപജില്ലാ തല സ്‌കൂള്‍ പ്രവേശനോത്സവം കടാതി ഗവ: എല്‍.പി സ്‌കൂളില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നവാഗതരെ പേപ്പര്‍ കിരീടമണിയിച്ചാണ് എം.എല്‍.എ വരവേറ്റത്. കളി ചിരികള്‍ നിറഞ്ഞ സന്തോഷകരമായ അന്തരീക്ഷമാണ് പ്രവേശനോത്സവങ്ങള്‍ കുഞ്ഞുമനസ്സുകള്‍ക്ക് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൂര്‍ണമായും ഹരിത മാര്‍ഗരേഖ പാലിച്ചാണ് പ്രവേശനോത്സവം ഒരുക്കിയത്. അലങ്കാരങ്ങള്‍ക്കെല്ലാം പ്രകൃതിദത്തമായ വസ്തുക്കളാണുപയോഗിച്ചത്. കുട്ടികള്‍ക്ക് ആഹാരം നല്‍കിയതും സ്റ്റീല്‍ പാത്രങ്ങളിലായിരുന്നു. 11 കുട്ടികളാണ് ഒന്നാം ക്ലാസില്‍ പുതുതായി പ്രവേശനം നേടിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം കൂടുതല്‍ കുട്ടികള്‍ ഒന്നാം ക്ലാസില്‍ ചേരാനെത്തിയതായി പ്രധാന അധ്യാപിക ലത എബ്രഹാം പറഞ്ഞു. മറ്റ് ക്ലാസുകളിലേക്കു കൂടി ചേര്‍ത്ത് ആകെ 29 പുതിയ കുട്ടികളാണെത്തിയത്.
വാളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ സന്ദേശവും 2018-19 വര്‍ഷത്തേക്കുള്ള അക്കാദമിക് മാസ്റ്റര്‍ പ്ലാനും പ്രധാനാധ്യാപിക അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബു ഐസക്, പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുജാത സതീശന്‍, പി.ടി.എ പ്രസിഡന്റ് പി.വി. മനോജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
- Log in to post comments