Skip to main content

എറണാകുളം അറിയിപ്പുകള്‍ - 2

 

ലോക പുകയില വിരുദ്ധദിനം ആചരിച്ചു
കൊച്ചി: നിരോധിച്ച പുകയില ഉത്പന്നങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കടത്തുന്നത് ഗൗരവകരമായി കാണണമെന്ന് ഹൈബി ഈഡന്‍ എംഎല്‍എ പറഞ്ഞു. ലോക പുകയില വിരുദ്ധ ദിനത്തിന്റെ  ജില്ലാ തല ഉദ്ഘാടനം എറണാകുളം സൗത്ത് റെയില്‍വേ  സ്‌റ്റേഷനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളോടൊപ്പം കര്‍ശനമായ നപടികള്‍ കൂടി സ്വീകരിച്ചാല്‍ മാത്രമേ പുകയിലയുടെ ഉപയോഗം കുറയ്ക്കാന്‍ സാധിക്കുകയുള്ളു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

 പുകയിലയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ലോകാരോഗ്യ സംഘടന  എല്ലാ വര്‍ഷവും മെയ് 31 -ന്  ലോക  പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നത്. പുകയിലയും ഹൃദ്രോഗവും എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം.  കൊച്ചി നഗരസഭ ടാക്‌സ്  അപ്പീല്‍കാര്യ സ്ഥിരം സമിതി    അധ്യക്ഷന്‍ കെ വി പി കൃഷ്ണകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. 
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ : എന്‍ കെ കുട്ടപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. ലോകത്താകമാനം 77 ലക്ഷത്തിലധികം ജനങ്ങള്‍ പുകയിലയുടെ ഉപയോഗം മൂലം മരണപ്പെടുന്നു. പ്രത്യക്ഷ പുകവലി പോലെ മാരകമായ ഒന്നാണ് പരോക്ഷ പുകവലി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍ ഡയറക്ടര്‍ ഹരികൃഷ്ണന്‍ പുകയില വിരുദ്ധദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. 
ചടങ്ങിനോടനുബന്ധിച്ച് വിനോദ് നാറനാട്ട് അവതരിപ്പിച്ച കിറ്റി ഷോ ശ്രദ്ധേയമായി. 

അഡിഷണല്‍ ഡി എം ഓ ഡോ:  എസ്. ശ്രീദേവി, എറണാകുളം സൗത്ത് റെയില്‍വേ ഡി എം ഓ. ഡോ. നസ്രീ  വളുഗോത്തി എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി ഡി എം ഓ ഡോ: കെ ആര്‍ വിദ്യ  വിഷയാവതരണം നടത്തി.  ജില്ലാ മെഡിക്കല്‍ ഓഫീസ്  (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, എറണാകുളം സൗത്ത് റെയില്‍വേ  എന്നിവയുടെ സംയുക്ത അഭിമുഖ്യത്തിലാണ് ദിനാചരണം സംഘടിപ്പിച്ചത്. ആരോഗ്യ വകുപ്പ് ഉദോഗസ്ഥര്‍, റെയില്‍വേ ഉദോഗസ്ഥര്‍, ഗവണ്മെന്റ് നഴ്‌സിംഗ് സ്‌കൂളിലെ വിദ്ധാര്‍ഥിനികള്‍, ഇന്ദിര ഗാന്ധി സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങിലെ വിദ്ധാര്‍ഥിനികള്‍ എന്നിവര്‍ പങ്കെടുത്തു.  

നിപ: പരിശോധനാഫലം നെഗറ്റീവ്  
 

കൊച്ചി:     നിപാ വൈറസ്  മസ്തിഷ്‌ക്കജ്വരം ബാധിച്ച് മെയ് 28-ന് സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ കടമറ്റം സ്വദേശിനീയായ 49  വയസ്സുള്ള രോഗിയില്‍ നിന്നും ശേഖരിച്ച സാംപിളിന്റെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് മണിപ്പാല്‍ വയറോളജി ഇന്‍സ്റ്റിറ്റിയുറ്റ് അധികൃതര്‍ സ്ഥിരീകരിച്ചു. നിപാ വൈറസ് ബാധയോടനുബന്ധിച്ച് ജില്ലയില്‍ സ്വീകരിക്കുന്ന മുന്‍കരുതല്‍ നടപടികള്‍ തുടരുന്നുവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. 

date