അനധികൃത ചിട്ടി നടത്തുന്നവർക്കെതിരെ ജാഗ്രത പാലിക്കണം
ആലപ്പുഴ:കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപനപ്രകാരം കേന്ദ്ര ചിട്ടി നിയമം 1982 കേരളത്തിലും പ്രാബല്യത്തിലുണ്ടെന്നും അനധികൃത ചിട്ടികൾ നടത്തുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്നും ജില്ല രജിസ്ട്രാർ മുന്നറിയിപ്പു നൽകി. കേന്ദ്ര ചിട്ടി നിയമപ്രകാരം അനുമതികൂടാതെ മുമ്പ് ചിട്ടി തുടങ്ങുന്നതിനുള്ള ലഘുലേഖകളോ പരസ്യങ്ങളോ നോട്ടീസോ മറ്റേതെങ്കിലും രേഖകളോ പുറപ്പെടുവിക്കാൻ പാടുള്ളതല്ല. എന്നാൽ ജില്ലയിലെ ചില സ്വകാര്യ ചിട്ടി കമ്പനികൾ ഇപ്രകാരം അനുമതിയില്ലാതെ മോഹനവാഗ്ദാനങ്ങൾ നൽകി പത്രമാധ്യമങ്ങളിൽ പരസ്യങ്ങൾ നൽകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് കേന്ദ്ര ചിട്ടി നിയമങ്ങൾക്ക് വിരുദ്ധമാണ്. സർക്കാർ അനുമതി കൂടാതെയുള്ള ഇത്തരം ചിട്ടികളിൽ പ്രലോഭിതരായി ജനങ്ങൾ വഞ്ചിതരാവരുത്. വ്യാജച്ചിട്ടികളെ കുറിച്ചുള്ള വിവരങ്ങൾ ആലപ്പുഴ ഡപ്യൂട്ടി രജിസ്ട്രാറെ രേഖാമൂലം അറിയിക്കാവുന്നതാണെന്നും ജില്ല രജിസ്ട്രാർ അറിയിച്ചു. ബന്ധപ്പെടേണ്ട വിലാസം: ജില്ല രജിസ്ട്രാർ ഓഫീസ് ഹെഡ് .പി.ഒ , ആലപ്പുഴ 688001.ഫോൺ:0477-2253257, 9846203286, 9447728325.
കേന്ദ്ര ചിട്ടി നിയമത്തിന് അനുബന്ധമായുള്ള കേരള ചിറ്റ് ഫണ്ട്‌സ് റൂളിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ ചിട്ടികളുടെയെല്ലാം തുടർപ്രവർത്തനങ്ങൾ. 1982ലെ കേന്ദ്ര ചിട്ടി നിയമത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്വകാര്യ ചിട്ടി കമ്പനികൾക്ക് മാത്രമാണ് ചിട്ടി നടത്തുന്നതിനുള്ള മുൻകൂർ അനുമതി. ഈ കമ്പനികൾ നടത്തുന്ന ചിട്ടികളുടെ വിശദവിവരങ്ങൾ എല്ലാ സബ് രജിസ്ട്രാർ ഓഫീസുകളിലും വില്ലേജ്, പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ ഓഫീസുകളിലും സഹകരണസംഘങ്ങളുടെ ഓഫീസിലും പ്രദർശിപ്പിച്ചിട്ടുള്ളതാണ്.
(പി.എൻ.എ 1163/ 2018)
- Log in to post comments