Skip to main content

ലൈഫ് മിഷൻ ഒന്നാംഘട്ടം: ജില്ല മികച്ച നേട്ടത്തിൽ; ഏറ്റെടുത്ത വീടുകളിൽ 82 ശതമാനം പൂർത്തിയാക്കി

ആലപ്പുഴ: നവകേരള മിഷന്റെ ഭാഗമായ ലൈഫ് മിഷൻ ഒന്നാം ഘട്ടത്തിൽ ജില്ലയിൽ ഏറ്റെടുത്ത 2897 വീടുകളിൽ 81.67ശതമാനം വീടുകളും മെയ് 31നകം പൂർത്തീകരിച്ച് ജില്ല സംസ്ഥാനത്ത്  രണ്ടാം സ്ഥാനത്തെത്തി. 2366 വീടുകളാണ് ജില്ലയിൽ പൂർത്തിയായത്. ഏറ്റെടുത്ത 1078 വീടുകളിൽ 997 വീടുകൾ പൂർത്തീകരിച്ച് 92 ശതമാനം കൈവരിച്ച എറണാകുളം ജില്ലയാണ് ഒന്നാമത്. വിവിധ വകുപ്പുകൾ ഏറ്റെടുക്കുകയും വിവിധ കാരണങ്ങളാൽ വർഷങ്ങളായി നിർമ്മാണം മുടങ്ങിക്കിടന്നതുമായ വീടുകളുടെ പൂർത്തീകരണമാണ് ലൈഫ് മിഷൻ ഒന്നാംഘട്ടത്തിൽ ഏറ്റെടുത്തത്. ജില്ലയിൽ പട്ടികവർഗ്ഗ വികസന വകുപ്പാണ് പൂർത്തീകരണത്തിൽ മുന്നിൽ. 88.24ശതമാനം.

മുമ്പ് നൽകിയിരുന്ന ഗഡുക്കളുടെ ബാക്കി തുക നാലു ലക്ഷം രൂപയിലേക്ക് ആനുപാതികമായി വർദ്ധിപ്പിച്ചു നൽകിയാണ് മിഷൻ ഈ വീടുകൾ പൂർത്തീകരിച്ചത്. 2018 മാർച്ച് 31-നുള്ളിൽ ഈ വീടുകൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും പിന്നീട് മെയ് 31 വരെ സമയം നീട്ടി നൽകിയിരുന്നു. സംസ്ഥാനത്ത് ഇത്തരത്തിൽ ഏറ്റെടുത്ത 56000 വീടുകളിൽ 70ശതമാനം മെയ് 31-ന് പൂർത്തിയാക്കി. 

 ബ്ലോക്ക് പഞ്ചായത്തുകൾ 88 ശതമാനം, ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും 87ശതമാനം വീതം വീടുകൾ പൂർത്തിയാക്കി മുൻനിരയിലെത്തി. പട്ടികജാതി വികസന വകുപ്പ് 59 ശതമാനം വീടുകളാണ് പൂർത്തിയാക്കിയത്. ന്യൂനപക്ഷക്ഷേമ വകുപ്പ് 57ശതമാനം, ഫിഷറീസ് വകുപ്പ് 54ശതമാനം, ജില്ല പഞ്ചായത്ത് 24ശതമാനം എന്നിങ്ങനെയാണ് മറ്റ് വകുപ്പുകളുടെ പുരോഗതി.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കണ്ടെത്തിയ ഭൂമിയുള്ള ഭവനരഹിതരായ 14000 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുകയാണ് ലൈഫ് മിഷൻ രണ്ടാംഘട്ട പ്രവർത്തനം. ഇതിൽ 446 വീടുകൾക്ക് കരാറിൽ ഏർപ്പെട്ട് ഒന്നാംഗഡു നൽകി കഴിഞ്ഞു. കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്തിലെ അഗതികളായ ദേവകിയുടേയും സരസമ്മയുടേയും വീട് പൂർത്തീകരിച്ചു കഴിഞ്ഞു. ലൈഫ് മിഷൻ രണ്ടാംഘട്ടത്തിൽ സംസ്ഥാനത്തുതന്നെ ആദ്യം പൂർത്തീകരിച്ച വീടാണിത്.  400 ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന ഈ വീടുകൾക്ക് നാലു ലക്ഷം രൂപയുടെ ധനസഹായമാണ് നല്കുന്നത്. 2018-19 സാമ്പത്തിക വർഷം തന്നെ ഭൂമിയുള്ള ഭവനരഹിതരുടെ ലിസ്റ്റിലുള്ള അർഹരായ മുഴുവൻപേർക്കും വീട് നിർമ്മിച്ചു നൽകാനാണ് മിഷൻ ലക്ഷ്യം. ഇതിനായി തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ടും സർക്കാർ നീക്കിവച്ചിട്ടുള്ള ബജറ്റ് വിഹിതവും കൂടാതെ ആവശ്യമായി വരുന്ന തുക ഹഡ്‌കോയിൽനിന്നും വായ്പയെടുക്കും. ഭൂരഹിത ഭവനരഹിതരുടേയും വാസയോഗ്യമല്ലാത്ത വീടുകളിൽ താമസിക്കുന്നവരുടെ പ്രശ്‌നങ്ങളാണ് മിഷൻ അടുത്തഘട്ടത്തിൽ ഏറ്റെടുക്കുക. . ജില്ല ലൈഫ് മിഷൻ ചെയർമാനായ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാലിന്റേയും ജില്ല കളക്ടർ. ടി. വി. അനുപമയുടേയും  നിരന്തരമായ ഇടപെടലുകളാണ് ജില്ലയെ ഈ മികച്ച നേട്ടത്തിൽ എത്തിച്ചത്. 

 

(പി.എൻ.എ 1164/ 2018)

 

date