കേരളത്തില്‍ ക്രമസമാധാനം ഭദ്രം: മുഖ്യമന്ത്രി പിണറായി വിജയന്‍
ക്രമസമാധാനം ഏറ്റവും ഭദ്രമായിരിക്കുന്ന സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ടാംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേരള സാഹിത്യ അക്കാദമിയില്‍ സംഘടിപ്പിച്ച സാംസ്കാരിക നായകന്മാരുമായുള്ള മുഖാമുഖം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും കുറവാണ്. ക്രിമിനല്‍ പ്രവൃത്തികള്‍ ആരുചെയ്താലും മുഖംനോക്കാതെ നടപടിയെടുക്കും. കേസന്വേഷങ്ങളില്‍ വീഴ്ചയുണ്ടെന്നു പരാതിയില്ല. ഇതു കോടതികള്‍ പോലും അംഗീകരിച്ച കാര്യമാണ്. ക്രമസമാധാനം പാലിക്കുകയെന്നത് പ്രധാനമായ കാര്യമാണ്. അതു തകരാതിരിക്കാനുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കലാകാരന്മാരുടെ ക്ഷേമപെന്‍ഷനുകളില്‍ കാലാനുസൃതമായ വര്‍ധനവുണ്ടാകും. അവരുടെ ആശ്രി തര്‍ക്കും പെന്‍ഷനുകള്‍ ഉറപ്പുവരുത്തും. അക്കാദമി അവാര്‍ഡുകള്‍ നിശ്ചയിക്കുന്നതില്‍ രാഷ്ട്രീയ പക്ഷ പാതിത്വമില്ല. അംഗീകരിക്കപ്പെടേണ്ടവര്‍ അംഗീകരിക്കപ്പെടും. ഇതുവരെ നിശ്ചയിച്ച അവാര്‍ഡുകളുടെ കാര്യത്തില്‍ ആര്‍ക്കും പരാതിയുണ്ടായിട്ടില്ല. സാഹിത്യ അക്കാദമി, സംഗീതനാടക അക്കാദമി, ലളിതകലാ അക്കാദമി തുടങ്ങിയ സാംസ്കാരിക സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ കുറവുണ്ടെങ്കില്‍ അതുപരി ഹരിക്കാന്‍ നടപടി സ്വീകരിക്കും. അക്കാദമികളുടെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കാന്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്തും. ജില്ലകള്‍ തോറും സ്ഥാപിക്കുന്ന സാംസ്കാരിക സമുച്ചയങ്ങളുടെ നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. സമുച്ചയം നിര്‍മിക്കുന്നതിനായി സ്ഥലം ലഭിക്കുന്ന കാര്യത്തില്‍ പ്രശ്ന ങ്ങളുണ്ടായിരുന്നത് പരിഹരിക്കപ്പെട്ടിട്ടുണ്ട്.
നാടക പ്രവര്‍ത്തകരെ സാംസ്കാരിക രംഗത്തുനിന്നും മാറ്റിനിര്‍ത്തുന്ന പ്രവണത സര്‍ക്കാരിനില്ല. നാടകത്തിന് എല്ലാ സമയത്തും സര്‍ക്കാര്‍ ഉയര്‍ന്ന പരിഗണനയാണ് നല്‍യിട്ടുള്ളത്. തൃശൂരിലെ വിവിധ അക്കാദമികളുടെ ഏകോപനം പ്രായോഗികമാ ണെങ്കില്‍ അതു നടപ്പാക്കും. ഗ്രന്ഥശാലകള്‍ക്ക് സര്‍ക്കാര്‍ മികച്ച പരിഗണനയാണ് നല്‍കിവരുന്നത്. തൃശൂരിലെ പബ്ലിക് ലൈബ്രറിയെ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനു നടപടി സ്വീകരിക്കും. തിരുവനന്തപുരത്തെ രവിവര്‍മ ആര്‍ട് ഗാലറിയില്‍ കാലോചി തമായ പരിഷ്കാരങ്ങള്‍ വരുത്തും. ഇരിങ്ങാലക്കുടയിലെ ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തില്‍ നിന്നും വിരമിക്കുന്നവര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്നകാര്യം പരിഗണിക്കും. സര്‍ക്കാര്‍ ജോലിക്ക് സ്കൂള്‍ ഓഫ് ഡ്രാമ നല്‍കുന്ന ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന കാര്യത്തില്‍ പിഎസ്സിയുമായി ചര്‍ച്ച നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കും. അശരണരാകുന്ന നാടക-കലാ-സാഹിത്യ പ്രവര്‍ത്തകര്‍ക്ക് ശരണാലയം സ്ഥാപിക്കാന്‍ നടപടിയെടുക്കും. അന്ധവിശ്വാസ നിര്‍മാര്‍ജനത്തിന് ബോധവത്കരണമാണ് ആവശ്യം. ഇതുകൂടാതെ പ്രത്യേക നിയമനിര്‍മാണവും പരിഗണനയിലുണ്ട്.
കലയ്ക്ക് അതിര്‍ത്തിയില്ല. വളര്‍ന്നുവരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതാണ് സര്‍ക്കാരിന്‍റെ നയം. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുപോലെ ഒരു ചലച്ചിത്ര അക്കാദമി കേരളത്തില്‍ സ്ഥാപിക്കു ന്നതിനെപ്പറ്റി ആലോചിച്ച് നടപടികള്‍ കൈക്കൊള്ളും. നിലവിളക്കിനെ വിശ്വാസത്തില്‍ അധിഷ്ഠിതമായി കാണുന്നതിനുപകരം ദീപം തെളിയിക്കല്‍ എന്നനിലയില്‍ കണ്ടാല്‍മതി. കൂടിയാട്ടം പോലുള്ള ക്ഷേത്രകലകളില്‍ ജാതിവിവേചനം ഒഴിവാക്കുന്നതിനും കാലോചിതമായ പരിഷ്കാരങ്ങള്‍ വരുത്തു ന്നതിനും ശ്രമിക്കും. രാത്രികാലങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാനുള്ള സാഹചര്യ മൊരുക്കും. ദേശീയ പാതയോരങ്ങളില്‍ യാത്രക്കാര്‍ക്കായി വിശ്രമകേന്ദ്രങ്ങള്‍ നിര്‍മിക്കും. ജീവന്‍രക്ഷാ മരുന്നുകള്‍ ആവശ്യമുള്ളവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും. വനിതാ എഴുത്തുകാര്‍ക്ക് ഫെല്ലോഷിപ്പ് ഏര്‍പ്പെടുത്തുന്നതില്‍ പ്രത്യേക പരിഗണന നല്‍കും. കലാസാംസ്കാരിക പ്രവര്‍ത്തകരില്‍ നിന്നുള്ള മികച്ച പ്രതികരണങ്ങള്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം നല്‍കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
ചടങ്ങില്‍ സാംസ്കാരിക വകുപ്പു മന്ത്രി എ.കെ. ബാലന്‍, കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍, എം.പി. വീരേന്ദ്രകുമാര്‍ എംപി, കെ.വി. അബ്ദുള്‍ ഖാദര്‍ എംഎല്‍എ, പുരുഷന്‍ കടലുണ്ടി എംഎല്‍എ, മുന്‍ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍, സാംസ്കാരിക സെക്രട്ടറി റാണി ജോര്‍ജ്, എം.കെ. സാനു, സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍, സെക്രട്ടറി ഡോ. കെ.പി. മോഹനന്‍, സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണ്‍ കെ.പി.എ.സി. ലളിത, സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍, ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍, എസ്. രമേശന്‍, വി.ടി. മുരളി, പി.കെ. ഗോപി, വി.കെ. ശ്രീരാമന്‍, ടി.ഡി. രാമകൃഷ്ണന്‍, കാവുമ്പായി ബാലകൃഷ്ണന്‍, ദേവകി നിലയങ്ങോട്, സിസ്റ്റര്‍ ജെസ്മി, സി.എസ്. ചന്ദ്രിക, എം.പി. സുരേന്ദ്രന്‍, ജോണ്‍ പോള്‍, തനുജ ഭട്ടതിരിപ്പാട്, എം.എന്‍. വിനയകുമാര്‍, ജി. കുമാരവര്‍മ, മുണ്ടൂര്‍ സേതുമാധവന്‍, പ്രിയനന്ദനന്‍, വേണുജി, ആലങ്കോട് ലീലാകൃഷ്ണന്‍, ഡോ. ശ്രീലതാവര്‍മ, മച്ചാട് വാസന്തി, പ്രൊഫ. അലിയാര്‍, ഡോ. പ്രഭാകരന്‍ പഴശി, എം.ജി. ശശിഭൂഷണ്‍, ഡോ. സി. രാവുണ്ണി, കലാമണ്ഡലം ക്ഷേമാവതി, നിലമ്പൂര്‍ ആയിഷ, പി.ടി. കുഞ്ഞുമുഹമ്മദ്, സുമംഗല തുടങ്ങി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
- Log in to post comments