Skip to main content

സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം:  ജില്ലാതല ആഘോഷ സമാപനം ഇന്ന്

നവകേരളത്തിനായുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നീ മിഷനുകളെ അടിസ്ഥാനമാക്കിയുള്ള കാന്‍വാസ് രചനയോടെ കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷിക ജില്ലാതല ആഘോഷ പരിപാടികള്‍ക്ക് ഇന്ന് വിരമമാകും. കേരള സാഹിത്യ അക്കാദമി അങ്കണത്തില്‍ ഇന്ന് (മെയ് 26) രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 'നവകേരളത്തിലേക്ക്' എന്ന് പേരിട്ട കാന്‍വാസ് രചന ചിത്രം വരച്ച് ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുക്കപ്പെട്ട അമ്പത് ചിത്രകാരന്മാരുടെ നേതൃത്വത്തിലാണ് കാന്‍വാസ് രചന. ഇതോടെ കേരള സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങളുടെയും ഭാവിപ്രവര്‍ത്തനങ്ങളുടെയും സമഗ്ര കാഴ്ചകളും വസ്തുതകളും പൊതുജനങ്ങള്‍ക്ക് പകര്‍ന്നുനല്‍കിയ സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷിക ജില്ലാതല ആഘോഷങ്ങള്‍ക്ക് തിരശ്ശീല വീഴും. കഴിഞ്ഞ ഒരാഴ്ചയായി തേക്കിന്‍കാട് മൈതാനത്തെ വിദ്യാര്‍ത്ഥി കോര്‍ണറിലെ ഉല്‍പ്പന്ന വിപണന പ്രദര്‍ശനമേള 'സമഗ്ര'യിലും തൊട്ടടുത്ത് പ്രത്യേകം ഒരുക്കിയ വേദിയിലുമായി ഒരു ലക്ഷത്തിലേറെ പേരാണ് സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കാളികളായത്. 
    മെയ് 19 ന്‍റെ വിളംബര ഘോഷാത്രയില്‍ അണിനിരന്ന പതിനായിരത്തോളം ആബാലവൃദ്ധം ജനങ്ങളുടെ പങ്കാളിത്തം വാര്‍ഷികാഘോഷ പരിപാടികളോടുള്ള ജില്ലയുടെ ഐക്യദാര്‍ഢ്യം വിളിച്ചോതുന്നതായിരുന്നു. തുടര്‍ന്ന് പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷിയാക്കി കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാറിന്‍റെ അധ്യക്ഷതയില്‍ വ്യവസായ-കായിക-യുവജനക്ഷേമകാര്യ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ആഘോഷങ്ങള്‍ക്ക് തിരിതെളിയിച്ചു. ഉല്പന്ന വിപണന പ്രദര്‍ശനമേളയുടെ ഉദ്ഘാടനം പ്രൊഫ.സി.രവീന്ദ്രനാഥും നിര്‍വ്വഹിച്ചു.
    ആര്‍ദ്രം, ലൈഫ്, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം  എന്നീ മിഷനുകളുടെയും കുടുംബശ്രീ, ഐ ടി മിഷന്‍, കൃഷി തുടങ്ങി 54 വകുപ്പുകളുടേതുമായി 144 സ്റ്റാളുകളാണ് 'സമഗ്ര'യില്‍ ഒരുക്കിയത്. ഇതിനു പുറമേ കഫേ കുടുംബശ്രീയുടെ ഫുഡ്കോര്‍ട്ടും ആഘോഷങ്ങള്‍ക്ക് രുചിഭേദം പകര്‍ന്നു. പ്രത്യേകവേദിയില്‍ ഈ ദിവസങ്ങളില്‍ നടന്ന വൈവിധ്യമാര്‍ന്ന സാംസ്കാരിക പരിപാടികള്‍ കാണാനും നിരവധി പേരാണ് എത്തിയത്. ഊര്താളം, നാടകം, നാടന്‍പാട്ട്, തൃശൂര്‍ താലൂക്ക് മ്യൂസിക് ക്ലബിന്‍റെ ഗാനസദസ്സ്, കഥകളി, പെണ്‍നിറവ് കലാമേള, കലാമണ്ഡലം നൃത്തനൃത്ത്യങ്ങള്‍, പാട്ടിന്‍റെ പാലാഴി തുടങ്ങിയ പരിപാടികള്‍ ആസ്വാദകരുടെ മനംകവര്‍ന്നു. 
    കലാപരിപാടികള്‍ക്കു പുറമേ വിദ്യാഭ്യാസം, കൃഷി, വ്യവസായം, സാഹിത്യം എന്നീ മേഖലകളെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച നാല് സെമിനാറുകള്‍ ആഘോഷങ്ങള്‍ക്ക് ഗരിമയേകി. കൃഷി വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചക്ക മഹോത്സവവും നിരവധി പേരെ ആകര്‍ഷിച്ചു. ഇന്‍ഫര്‍മേഷന്‍  പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, തൃശൂര്‍ കോര്‍പ്പറേഷന്‍, ഇതര വകുപ്പുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷിക ജില്ലാതല ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. ചിട്ടയായ സംഘാടനത്തിന്‍റെയും സമസ്ത മേഖലയിലുള്ള ഒത്തൊരുമയുടെയും നേര്‍സാക്ഷ്യമായിരുന്നു ആഘോഷപരിപാടികളുടെ വിജയം.

date