ചെറുകിട വ്യവസായ സാധ്യതകള്‍ കൂടുതല്‍ ജനകീയമാക്കണം: വ്യവസായ സെമിനാര്‍
പരമ്പരാഗതവും നിലവിലുള്ളതുമായ ചെറുകിട വ്യവസായ സംരംഭങ്ങള്‍ കൂടുതല്‍ ജനകീയ മാക്കണമെന്ന് ആസൂത്രണ ബോര്‍ഡംഗം ഡോ. രവിരാമന്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ സമഗ്ര ഉത്പന്ന പ്രദര്‍ശന വിപണന മേളയിലെ വ്യാവസായിക സെമിനാറില്‍ 'സംരംഭകത്വവത്കരണത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാധാന്യം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ചെറുകിട വ്യവസായ സംരംഭങ്ങളിലൂടെയാണ് 1960 മുതല്‍ വ്യവസായങ്ങള്‍ പച്ചപിടിച്ചത്. പരമ്പരാഗത സാമൂഹിക വിഭാഗങ്ങളുടെ വലിയൊരു പങ്ക് ഇതിലൂടെ കാണാന്‍ സാധിക്കും. ഇന്നത്തെ സാഹചര്യത്തില്‍ ദേശീയ ശരാശരിയേക്കാളും മൂന്നിരട്ടിയോളം മുന്നിലാണ് കേരളത്തിന്‍റെ തൊഴില്‍മേഖല. ഇതില്‍ വ്യവസായരംഗത്തിന് മുന്‍ഗണനയുണ്ട്. നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നു കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ 107 കോടി രൂപയുടെ ലാഭമാണ് സര്‍ക്കാര്‍ കൈവരിച്ചത്. വരുംവര്‍ഷങ്ങളില്‍ ഇത്തരം ജനകീയ പ്രവര്‍ത്തനങ്ങളിലൂടെ 150 കോടി രൂപയുടെ ലാഭമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ക്രിയാത്മകമായ പ്രൊപ്പോസലുകള്‍ സര്‍ക്കാരിലേക്ക് നല്‍കുന്നതിലൂടെ വ്യാവസായിക രംഗത്തെ പ്രതിസന്ധികള്‍ ഒട്ടേറെ തരണം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്.- അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇന്ന് വിവിധ തൊഴില്‍ മേഖലയില്‍ തൊഴില്‍ പങ്കാളിത്ത നിരക്ക് കുറഞ്ഞുവരുന്ന പ്രവണതയും കാണുന്നുണ്ട്. ഇതിന് ബദലായി സാമൂഹിക തൊഴില്‍വിഭാഗങ്ങളുടെ നിരക്ക് വര്‍ധിപ്പിക്കണം. ഇതിലൂടെ ചെറുകിട-ഇടത്തരം സംരംഭങ്ങളിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ സാധിക്കണം. സര്‍ക്കാര്‍ വ്യവസായരംഗത്തെ പരിപോഷിപ്പിക്കുന്നത് വിലപേശാനുള്ള ഊര്‍ജം ഒരുക്കി കൊടുത്താണ്. അതിനാല്‍തന്നെ കേരളത്തില്‍ ആരംഭിക്കേണ്ട വ്യാവസായിക സംരംഭങ്ങളെക്കുറിച്ച് നല്ലൊരു ധാരണ എല്ലാവരിലും എത്തിക്കാന്‍ സാധിക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്രോതസ് പരമാവധി ഉപയോഗപ്പെടുത്തി അതില്‍നിന്നുള്ള വിപണി കേരളത്തില്‍തന്നെ ഉപയോഗപ്പെടു ത്തണമെന്നും ഡോ. രവിരാമന്‍ പറഞ്ഞു.
കേരളത്തില്‍ വ്യവസായ ആനുകൂല്യ സാഹചര്യമുണ്ടാകണമെന്ന് കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടര്‍ ഡോ. എം. ബീന അഭിപ്രായപ്പെട്ടു. കേരള ഇന്‍വെസ്റ്റ്മെന്‍റ് പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ആക്ട് 2017 എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ഇത് കേരളത്തിന്‍റെ അനിവാര്യ തയാണ്. ഇതിലൂടെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റണം. കേരള ഇന്‍വെസ്റ്റ്മെന്‍റ് പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ആക്ട് 2017 നിലവില്‍വന്നത്തോടെ ഇതിനുകീഴിലുള്ള പ്രവര്‍ത്തനങ്ങള്‍ ലളിതവും സുതാര്യവുമാക്കാന്‍ സാധിച്ചു. ഇത്തരം കാര്യങ്ങള്‍ക്ക് കോമണ്‍ ഡിജിറ്റല്‍ ആപ്ലിക്കേഷന്‍ ഫോം വന്നതോടെ എല്ലാകാര്യങ്ങളും വികേന്ദ്രീകൃതമായി. 30 ദിവസത്തിനുള്ളില്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായിതന്നെ ജനങ്ങളിലെത്തി. പരാതികള്‍ പരിശോധിച്ച് നടപടിയെടുക്കുന്ന സംവിധാനം കാര്യക്ഷമമായി നടപ്പാക്കാനായെന്നും ഡോ. എം. ബീന വ്യക്തമാക്കി.
തുടര്‍ന്ന് ജനപ്രതിനിധികള്‍, വ്യവസായികള്‍, സംരംഭകര്‍, വിവിധ മേഖലകളിലെ വിദഗ്ധര്‍, വിവിധ വകുപ്പു ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത പൊതുചര്‍ച്ചയും നടന്നു. വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ചര്‍ച്ചയ്ക്ക് മറുപടി നല്‍കി.
- Log in to post comments