Skip to main content

വിദ്യാഭ്യാസ വികസന പ്രവര്‍ത്തനങ്ങളില്‍നാടൊരുമിക്കണം:     മന്ത്രി എ സി മൊയതീന്‍

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജനപങ്കാളിത്തത്തോടെ നടപ്പാക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും വിദ്യാഭ്യാസ വികസന പ്രവര്‍ത്തനങ്ങളില്‍ സങ്കുചിതത്വം കൈവെടിഞ്ഞ് എല്ലാവരും ഒരുമിക്കണമെന്നും വ്യവസായ കായിക യുവജനകാര്യ മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. കടവല്ലൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്‍റെ ഭാഗമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
    സംസ്ഥാനത്തെ 141 സ്കൂളുകള്‍ അന്താരാഷ്ട്ര നിലവാരം കൈവരിക്കുകയാണെന്നും ഓരോ സ്കൂളിനും ഇതിനായി 5 കോടി രൂപ വീതമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ എന്തു ചെയ്യുന്നുവെന്നതിനുള്ള ഉത്തരമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഡോ. പി.കെ ബിജു എം പി അധ്യക്ഷത വഹിച്ചു. ഹൈടെക് ക്ലാസ്സ് മുറികളുടെ നിര്‍മ്മാണ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് നിര്‍വ്വഹിച്ചു. സ്കൂളിനായി കടവല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന, മറ്റു വ്യക്തികള്‍ എന്നിവര്‍ നല്‍കിയ ധനസഹായം മന്ത്രി എ സി മൊയ്തീന്‍ ഏറ്റുവാങ്ങി. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാവിജയികള്‍ക്കുള്ള സമ്മാന വിതരണം ഡോ.പി.കെ ബിജു എം പി നിര്‍വ്വഹിച്ചു. 
    കുന്നംകുളം നഗരസഭ ചെയര്‍പേഴ്സണ്‍ സീതാരവീന്ദ്രന്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ വി സുമതി എന്നിവര്‍ സംസാരിച്ചു.  മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് യു.പി ശോഭന സ്വാഗതവും ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ആരിഫ ടീച്ചര്‍ നന്ദിയും പറഞ്ഞു.

date