Skip to main content

7000 കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിച്ച്  ജില്ലാ ഭൂജല വകുപ്പ്

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ പുതുതായി 7000 കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിച്ച് ജില്ലാ ഭൂജല വകുപ്പ്. പരിമിതമായ സൗകര്യങ്ങള്‍ക്കിടയില്‍ നിന്നാണ് വകുപ്പിന്‍റെ മികച്ച പ്രവര്‍ത്തനം. കഴിഞ്ഞ വര്‍ഷം മാത്രം 7.12 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. 2016-17ല്‍ 4.68 കോടി രൂപയുടെ പദ്ധതികളും നടപ്പാക്കി. 2016-17 വര്‍ഷത്തില്‍ 58, 2017-18 ല്‍ 119  കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. രണ്ട് വര്‍ഷത്തിനിടയില്‍ ആകെ 11.8 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് വകുപ്പ് നടപ്പിലാക്കിയത്. 2017ലെ വരള്‍ച്ച നേരിടുന്നതിന്  ജില്ലയിലെ 354 കൈപമ്പുകളും 145 കുടിവെള്ള പദ്ധതികളും അറ്റകുറ്റ പണികള്‍ നടത്തി. 1.12 കോടിയാണ് ഇതിനായി ചെലവഴിച്ചത്. 
ജില്ലാ ഓഫീസിന് കീഴില്‍ ഭൂജല സര്‍വ്വേ, കുഴല്‍കിണര്‍ നിര്‍മ്മാണം, നിര്‍മ്മാണത്തിനുള്ള അനുമതി,  വിവിധ ഏജന്‍സികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള കുടിവെള്ള പദ്ധതികള്‍, യീല്‍ഡ് ടെസ്റ്റ്, നാഷണല്‍ ഹൈഡ്രോളജി പദ്ധതി, ഭൂജല അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍, കൈപമ്പ്-കുടിവെള്ള പദ്ധതികളുടെ അറ്റകുറ്റപണികള്‍ എന്നീ സേവനങ്ങളാണ്  വകുപ്പ് ലഭ്യമാക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കിയും ജില്ലാ ഭൂജല വകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. 

date