Skip to main content
saranabalyam

ഓപ്പറേഷന്‍ ശരണബാല്യം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

ശബരിമലയില്‍ ബാലവേലയും ബാലഭിക്ഷാടനവും ഒഴിവാക്കുന്നതിന് കഴിഞ്ഞ തീര്‍ഥാടന കാലത്ത് നടപ്പാക്കി വിജയിച്ച ഓപ്പറേഷന്‍ ശരണബാല്യം പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. പമ്പ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ ഓപ്പറേഷന്‍ ശരണബാല്യം പദ്ധതിയുടെ ഈ തീര്‍ഥാടനകാലത്തെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുട്ടികളെ ഭിക്ഷാടനത്തിനും തൊഴില്‍ ചെയ്യുന്നതിനുമായി എത്തിക്കുന്നതിലൂടെ തടിച്ചുകൊഴുക്കുന്നത് ഇതുമായി ബന്ധപ്പെട്ട മാഫിയകളാണ്. കുട്ടികള്‍ക്ക് നല്‍കുന്ന ഭിക്ഷയും വേതനവും അപഹരിക്കുന്ന ഇത്തരം മാഫിയകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് ബാലഭിക്ഷാടനവും ബാലവേലയും പൂര്‍ണമായി ഇല്ലാതാക്കുന്നതിനുള്ള നടപടികളാണ് ആവശ്യം. സംസ്ഥാനത്തിനാകെ മാതൃകയായ ഈ പദ്ധതി ജില്ലയില്‍ നടപ്പിലാക്കുന്നതിന് മുന്‍കൈയെടുത്ത ജില്ലാ കളക്ടറും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറും അഭിനന്ദനം അര്‍ഹിക്കുന്നതായും മന്ത്രി പറഞ്ഞു. 

സിനിമാതാരങ്ങളായ ജയറാമും അനുശ്രീയും അഭിനയിച്ച ബാലവേലയ്‌ക്കെതിരേയുള്ള സന്ദേശം ഉള്‍ക്കൊള്ളുന്ന ഹ്രസ്വചിത്രമായ ഓപ്പറേഷന്‍ ശരണബാല്യത്തിന്റെ സിഡിയുടെ പ്രകാശനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു. ഹ്രസ്വചിത്രനിര്‍മാണത്തിനാവശ്യമായ തുക സ്‌പോണ്‍സര്‍ ചെയ്ത വികെഎല്‍ ഗ്രൂപ്പിനെ മന്ത്രി അഭിനന്ദിച്ചു. ബാലവേലയ്‌ക്കെതിരേയുള്ള സന്ദേശവുമായി പപ്പറ്റ് ഷോയും നടന്നു. രാജു ഏബ്രഹാം എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.ഒ.അബീന്‍, വികെഎല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വര്‍ഗീസ് കുര്യന്‍, ഷാന്‍ രമേശ് ഗോപന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date