Skip to main content
ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും വയനാട്  പ്രസ് ക്ലബ്ബും ചേര്‍ന്ന് പ്രസ്‌ക്ലബ്ബില്‍ സംഘടിപ്പിച്ച ദേശീയ മാധ്യമ ദിനാചരണവും വി.ജി. വിജയന്‍ അനുസ്മരണവും കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു ഉദ്ഘാടനം ചെയ്യുന്നു.

സമാന്തര മാധ്യമങ്ങളിലാണ് നിഷ്പക്ഷത കൂടുതല്‍ പ്രകടം-ആര്‍.എസ്.ബാബു

 

  • ·       വി.ജി.വിജയന്റെ സ്മരണാര്‍ഥം റൂറല്‍ റിപ്പോര്‍ട്ടിങ്ങിനായി ദ്വിദിന സെമിനാര്‍

 

          മുഖ്യധാരാ മാധ്യമങ്ങളെക്കാള്‍ സമാന്തര മാധ്യമങ്ങളിലൂടെയാണ് മാധ്യമ നിഷ്പക്ഷത കൂടുതല്‍ പ്രകടനമാകുന്നതെന്ന് കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു പറഞ്ഞു. ജനങ്ങളുടെ സത്യം അറിയാനുള്ള അവകാശം സംരക്ഷിക്കാന്‍ എത്ര മാധ്യമങ്ങള്‍ക്ക് സാധിക്കുന്നുണ്ടെന്ന് പുനര്‍ച്ചിന്തനം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദേശീയ മാധ്യമ ദിനാചരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ -പബ്ലിക് റിലേഷന്‍സ് വകുപ്പും വയനാട് പ്രസ് ക്ലബ്ബും ചേര്‍ന്ന് സംഘടിപ്പിച്ച 'മാധ്യമ നിഷ്പക്ഷതയുടെ  കാണാപ്പുറങ്ങള്‍'  മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ആര്‍.എസ്.ബാബു. മാധ്യമങ്ങള്‍ക്കെതിരായ വേട്ടയാടല്‍ രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു.  വെടിയുണ്ടയ്ക്കിരയായ ഗൗരി ലങ്കേഷ് അവസാനത്തെ ഇരയായിരുന്നില്ല എന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു. മാധ്യമങ്ങളില്‍ പിറവികൊള്ളുന്ന വാര്‍ത്തകളെക്കാള്‍ പിറക്കാത്ത വാര്‍ത്തകളാണ് ഇന്ന് കൂടുതല്‍. താല്‍പര്യമില്ലാത്ത വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ എന്‍ഫോഴ്‌സ്‌മെന്റിനെയും സി.ബി.ഐയെയും ഉപയോഗപ്പെടുത്തി വേട്ടയാടുന്ന കാലത്താണ് മാധ്യമസ്വാതന്ത്ര്യം ചര്‍ച്ചചെയ്യപ്പെടുന്നത്. വര്‍ഗീയതയ്‌ക്കെതിരെ മാധ്യമങ്ങള്‍ കടമ നിര്‍വഹിക്കുന്നില്ല.  ഇന്ത്യയില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ പോലും ഇരുമ്പഴിക്കുള്ളില്‍ ആയ കാലം അടിയന്തിരാവസ്ഥയെപ്പോലും ലജ്ജിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

 

          ജനങ്ങളുടെയും ആദിവാസികളുടെയും പ്രശ്‌നങ്ങള്‍ അവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് വാര്‍ത്തയാക്കിയ പ്രതിബന്ധതയുള്ള പത്രപ്രവര്‍ത്തകനായിരുന്നു വി.ജി.വിജയനെന്ന് ആര്‍.എസ്.ബാബു പറഞ്ഞു. അദ്ദേഹത്തിന്റെ സ്മരണാര്‍ഥം റൂറല്‍ റിപ്പോര്‍ട്ടിങ്ങുമായി ബന്ധപ്പെട്ട് രണ്ടു ദിവസത്തെ ഒരു അന്താരാഷ്ട്ര ശില്‍പ്പശാല മാധ്യമ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി വയനാട്ടില്‍ മീഡിയ അക്കാദമി സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  പ്രശസ്ത റൂറല്‍ റിപ്പോര്‍ട്ടറായ പി..സായീ നാഥിനെ ഇതില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിജയന്റെ ഫോട്ടോ അനാശ്ചാദനവും അദ്ദേഹം നിര്‍വഹിച്ചു.

 

          വാര്‍ത്തയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് വാര്‍ത്തകള്‍ എഴുതിയിരുന്ന വിജയന്റെ ഓര്‍മ വയനാടിന് ഒരിക്കലും മറക്കാന്‍ കഴിയാത്തതാണെന്ന് വി.ജി.വിജയന്‍ അനുസ്മരണ പ്രഭാഷണം നടത്തിയ ഒ.കെ.ജോണി പറഞ്ഞു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് രമേശ് എഴുത്തച്ഛന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍  കെ.പി.അബ്ദുള്‍ ഖാദര്‍, പ്രസ് ക്ലബ്ബ് സെക്രട്ടറി പി.ഒ ഷീജവിജയന്‍ ചെറുകര, എം.കമല്‍, വിജയന്‍ മടക്കിമല, സാം പി.മാത്യു, എന്‍.രാമാനുജന്‍, പി.ആര്‍.ഡി അസിസ്റ്റന്റ് എഡിറ്റര്‍ കെ.എസ്.സുമേഷ് എന്നിവര്‍ പ്രസംഗിച്ചു.

 

 

 

date