Skip to main content

മീസില്‍സ്-റൂബല്ല വാക്‌സിനേഷന്‍ ക്യാംപയിന്‍

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും ആരോഗ്യവകുപ്പും ചേര്‍ന്ന് മീസില്‍സ്-റൂബല്ല വാക്‌സിനേഷന്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന പരിപാടി ജില്ലാ-സെഷന്‍സ് ജഡ്ജ് എ.ബദറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പ്രതിരോധ കുത്തിവെപ്പിനെതിരായ പ്രചാരണങ്ങള്‍ അര്‍ഥശൂന്യമാണെന്ന് ബദറുദ്ദീന്‍ പറഞ്ഞു. എല്ലാ കാലത്തും പ്രതിരോധ പരിപാടികള്‍ കൊണ്ടാണ് വലിയ രോഗങ്ങളെ ചെറുക്കാന്‍ നമുക്ക് കഴിഞ്ഞത്. മലയാളിയുടെ ആയുര്‍ദൈര്‍ഘ്യം ദേശീയ ശരാശരിയേക്കാള്‍ മുകളില്‍ നില്‍ക്കുന്നത് ആരോഗ്യരംഗത്തെ നമ്മുടെ നേട്ടമാണ്. പ്രതിരോധ കുത്തിവെപ്പിനെതിരായ വ്യാജ പ്രചാരണങ്ങള്‍ക്ക് വഴങ്ങിയാല്‍ സൂചികൊണ്ടെടുക്കേണ്ടതിനെ  തൂമ്പ കൊണ്ട് എടുക്കേണ്ട അവസ്ഥയിലെത്തിക്കുമെന്നും ബദറുദ്ദീന്‍ ഓര്‍മിപ്പിച്ചു.  ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി രാജന്‍ തട്ടില്‍ അധ്യക്ഷനായിരുന്നു.
ജില്ലാ കലക്ടര്‍ അമിത് മീണ ഐ.എ.എസ് മുഖ്യസന്ദേശം നല്‍കി. പ്രതിരോധ കുത്തിവെപ്പിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ  വ്യാജപ്രചാരണം നടത്തി ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നവരെ തിരിച്ചറിയണമെന്ന് കലക്ടര്‍ പറഞ്ഞു. 10 സംസ്ഥാനങ്ങളില്‍ കുത്തിവെപ്പ് പരിപാടി നടന്നുകഴിഞ്ഞു. ജില്ലയില്‍ 55 ശതമാനം ശതമാനം കുട്ടികള്‍ക്ക് കുത്തിവെപ്പ് നല്‍കി. ഇതുവരെ ഒരു കുട്ടിക്ക് പോലും എന്തെങ്കിലും ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കലക്ടര്‍ പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സക്കീന വിഷയാവതരണം നടത്തി. ലീഗല്‍ സര്‍വീസസ് സെക്ഷന്‍ ഓഫീസര്‍ വിന്‍സന്റ് ജോസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വത്സല  തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

date