Skip to main content

സമൂഹത്തിൽ ഫലപ്രദമായി ഇടപെടാൻ  വിദ്യാർഥികൾക്ക് കഴിയണം: കേന്ദ്രമന്ത്രി

 

ആലപ്പുഴ: ക്ലാസ് മുറികൾക്കുവെളിയിലുള്ള ലോകത്തെക്കുറിച്ച് ചിന്തിക്കാനും സമൂഹത്തിൽ ഫലപ്രദമായി ഇടപെടാനും വിദ്യാർഥികൾക്ക് കഴിയണമെന്ന് കേന്ദ്ര വിനോദസഞ്ചാര-ഐ.ടി. സഹമന്ത്രി അൽഫോൻസ് കണ്ണന്താനം പറഞ്ഞു. സൻസദ് ആദർശ് ഗ്രാം യോജ്‌നയുടെ ദേശീയതല പരിശീലന പരിപാടിയുടെ ഉദ്ഘാടനം കായംകുളം പാറ്റൂർ ശ്രീബുദ്ധ എൻജിനീയറിങ് കോളജിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

 

ലോകത്തെ മാറ്റിമറിക്കുമെന്ന ആത്മവിശ്വാസത്തോടെ വിദ്യാഭ്യാസം ചെയ്യണം. സമൂഹത്തിൽ മാറ്റങ്ങൾ വരുത്താൻ വിദ്യാർഥികൾക്കു കഴിയും. ജനങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് മാറ്റങ്ങൾ സൃഷ്ടിക്കാൻ നമ്മുക്കു കഴിയുമെന്ന ആത്മവിശ്വാസം വേണം. സൻസദ് ആദർശ് ഗ്രാം യോജ്‌ന എം.പി.മാർ ദത്തെടുക്കുന്ന നാടിന്റെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. 

 

കേരള സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ ഡോ. കുഞ്ചെറിയ പി. ഐസക് ചടങ്ങിൽ ആധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ ഉപദേശകസമിതി അംഗം പ്രൊഫ. ആർ. ഹരിഹരൻ, ആർക്കിടെക്റ്റ് ജി. ശങ്കർ, ഡയറക്ടർമാരായ ഡോ ആർ.എസ്. റാത്തോഡ്, ഡോ. രമേഷ് ഉണ്ണികൃഷ്ണൻ, സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.പി. ഇന്ദിരാദേവി, ഇൻഡോ യൂറോപ്യൻ ചേംബർ ഓഫ് സ്‌മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ് പ്രസിഡന്റ് വിജയ് തിവാരി, എൻ.എസ്.എസ്. ടെക്‌നിക്കൽ സെൽ സംസ്ഥാന പ്രോഗ്രാം കോർഡിനേറ്റർ അബ്ദുൾ ജബ്ബാർ അഹമ്മദ്, കോളജ് ചെയർമാൻ പ്രൊഫ. കെ. ശശികുമാർ, ട്രഷറർ കെ.കെ. ശിവദാസൻ, പ്രിൻസിപ്പൽ ഡോ. എസ് സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.

 

 

ചിത്രവിവരണം

 

കേന്ദ്ര വിനോദസഞ്ചാര-ഐ.ടി. സഹമന്ത്രി അൽഫോൻസ് കണ്ണന്താനം നിർവഹിക്കുന്നു. 

 

 

(പി.എൻ.എ.2782/17)

 

 

 

date