കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവര്‍ക്കൊപ്പം വിദ്യാര്‍ഥികളും: വിശ്വാസ് വൊളന്റിയര്‍ ഗ്രൂപ്പുകള്‍ക്ക് പരിശീലനം തുടങ്ങി
കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവര്‍ക്ക് മാനസികവും ശാരീരികവുമായ സംരക്ഷണം ഉറപ്പാക്കുന്നതിനായി രൂപവത്കരിച്ച 'വിശ്വാസ്' സംഘടനയുടെ ഭാഗമായ വൊളന്റിയര്‍ ഗ്രൂപ്പ്' കൂടുതല്‍ സേവനമേഖലകളില്‍ പ്രവര്‍ത്തിക്കും. ഇതിന് മുന്നോടിയായി അംഗങ്ങള്‍ക്ക് നല്കിയ പരിശീലനംജില്ലാ പൊലീസ് മേധാവി പ്രതീഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. കലക്ടറേറ്റ് സമ്മേളനഹാളില്‍ നടന്ന പരിപാടിയില്‍ 'വിശ്വാസ്' ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ ഡോ:പി.സുരേഷ് ബാബു അധ്യക്ഷനായി.
കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവര്‍ക്കും കുടുംബത്തിനും ആവശ്യമായ അടിയന്തര സഹായങ്ങള്‍ നല്‍കുക, കേസുകള്‍ നടത്തുന്നതിന് സഹായിക്കുക, കൗണ്‍സലിങ്, സുരക്ഷിത പാര്‍പ്പിടം, താത്കാലിക താമസ സൗകര്യങ്ങള്‍ എന്നിവയൊരുക്കുക, അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മറ്റ് മേഖലകളിലുള്ളവര്‍ക്കും ബാലാവകാശ നിയമ ബോധവത്കരണ ക്ലാസ് നടത്തുക തുടങ്ങി വിശ്വാസിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് യുവതലമുറയില്‍ നിന്ന് വൊളന്റിയര്‍ ഗ്രൂപ്പുകളെ സജ്ജമാക്കുന്നത്.
വിദ്യാസമ്പന്നരായ യുവാക്കള്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നത് തടയുന്നതും പരിപാടിയുടെ ലക്ഷ്യമാണ്. ഇതിന്റെ ഭാഗമായാണ് വിശ്വാസിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് യുവാക്കളെ ലക്ഷ്യമിട്ട് വിവിധ പരിപാടികള്‍ ആവിഷ്കരിക്കുന്നത്. വൊളന്റിയര്‍ ഗ്രൂപ്പിന്റെ ആദ്യ യൂനിറ്റ് ധോണി ലീഡ് മാനെജ്മെന്റ് കോളെജിലും തുടര്‍ന്ന് വി.ആര്.കൃഷ്ണനെഴുത്തച്ഛന്‍ ലോ കോളെജ്,ചാത്തംകുളം ബിസിനസ് സ്കൂള്‍, മേഴ്സി കോളെജ് എന്നിവിടങ്ങളിലും തുടങ്ങി. കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വൊളന്റിയര്‍ ഗ്രൂപ്പുകളുണ്ടാക്കും.
യോഗത്തില്‍ വിശ്വാസ് സെക്രട്ടറി പി.പ്രേംനാഥ്, വൈസ് പ്രസിഡന്റുമാരായ വി.പി.കുര്യാക്കോസ്, അഡ്വ.എസ്.ശാന്താദേവി, അംഗം കെ.മുരളീധരന് എന്നിവര്‍ സംസാരിച്ചു.
- Log in to post comments