ജില്ലയെ മാലിന്യ മുക്തമാക്കാന്‍ കൊച്ചുകൂട്ടുകാരും; ഹരിതസഭ സംഘടിപ്പിച്ചു
മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി ശിശുദിനത്തില്‍ ജില്ലയിലെ സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ നേതൃത്വം നല്കുന്ന ഹരിതസഭ സംഘടിപ്പിച്ചു. മാലിന്യ പരിപാലനത്തില്‍ കൊച്ചുകൂട്ടുകാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, ഹരിതകേരളം മിഷന്, ശുചിത്വമിഷന്, കില എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ പരിപാടി സംഘടിപ്പിച്ചത്. വിദ്യാഭ്യാസസ്ഥാപനങ്ങളെ മാതൃകസ്ഥാപനങ്ങളാക്കി മാറ്റാന്‍ പുതുതലമുറയുടെ ആശയങ്ങള്‍ ഉള്‍പ്പെടുത്തി വിദ്യാലയങ്ങളെ ഹരിതാഭമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഹരിതസഭയില്‍ പങ്കെടുത്ത കുട്ടികള്‍ ചൂണ്ടിക്കാട്ടിയ നിരീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, ശേഖരിച്ചവിവരങ്ങള്‍, മാലിന്യം കൈകാര്യം ചെയ്യുന്ന രീതി, മാലിന്യം കത്തിക്കുന്നതും വലിച്ചെറിയുന്നതുമായ പ്രശ്നങ്ങള്‍, നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം, നിലവിലുള്ള വെല്ലുവിളികള്‍, ദ്രവമാലിന്യ രംഗത്തെ പ്രശ്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് കണ്ടെത്തിയതും ശേഖരിച്ചതുമായ വിവരങ്ങളും ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് പരിശോധിച്ച് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ആവശ്യമായ നടപടി കൈക്കൊള്ളും. ജില്ലയിലെ എല്ലാ സ്കൂളുകളിലും സംഘടിപ്പിച്ച പരിപാടിയില്‍ ഓരോ സ്കൂളിലും 150 മുതല്‍ 200 വരെ കുട്ടികള്‍ പങ്കെടുത്തു. വിദ്യാലയങ്ങളിലെ ശുചിത്വ മാലിന്യസംസ്കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു ചുമതലയുള്ള പഞ്ചായത്ത് പ്രസിഡന്റ്, അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ എന്നിവര്‍ ഹരിതസഭയില്‍ പങ്കാളികളായി. പൂര്‍ണമായും ഹരിതചട്ടങ്ങള്‍ പാലിച്ചാണ് ഹരിതസഭകള്‍ സംഘടിപ്പിച്ചത്. ഒക്ടോബര്‍ 2 ന് ആരംഭിച്ച് മാര്‍ച്ച് 31 ന് കേരളം സമ്പൂര്‍ണ ശുചിത്വ സംസ്ഥാനമായി പ്രഖ്യാപിക്കാനാണ് കാമ്പയിന് ലക്ഷ്യമിടുന്നത്.
- Log in to post comments