Skip to main content

'സ്‌മൈൽ 2025' പഠന സഹായി  പ്രകാശനം ചെയ്തു

എസ്എസ്എൽസി, ഹയർസെക്കൻഡറി, വിഎച്ച്എസ്‌സി സ്‌കൂൾ വിദ്യാർഥികൾക്കായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ പഠന സഹായി 'സ്‌മൈൽ 2025' പ്രകാശനവും ഹയർ സെക്കൻഡറി പരീക്ഷകളിൽ മുഴുവൻ മാർക്കും നേടി വിജയിച്ച വിദ്യാർഥികൾക്കുള്ള അനുമോദനവും പ്രസിഡൻറ് അഡ്വ. കെ കെ രത്‌നകുമാരി നിർവഹിച്ചു.
മുൻ വർഷങ്ങളിലെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഫലങ്ങൾ വിശകലനം ചെയ്ത് സയൻസ്, ഹ്യൂമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളിലായി 10 വിഷയങ്ങളിലും പത്താം ക്ലാസിൽ ഐടി ഒഴികെയുള്ള എല്ലാ വിഷയങ്ങളിലുമാണ് ഈ പഠനസഹായി തയ്യാറാക്കിയത്. ജില്ലാ പഞ്ചായത്ത് കണ്ണൂർ ഡയറ്റിന്റെ അക്കാദമിക സഹായത്തോടെയാണ് സ്‌മൈൽ 2025 തയ്യാറാക്കിയത്.  ജില്ലയിലെ എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിജയശതമാനം മികച്ച രീതിയിൽ ഉയർത്തുകയാണ് ലക്ഷ്യം. വിവിധ വിഷയങ്ങളിൽ ഏറ്റവും പ്രയാസം അനുഭവിക്കുന്ന കുട്ടികൾക്ക് നിശ്ചിത സമയക്രമത്തിനകം ഈ പ്രവർത്തന പാക്കേജ് നൽകാനാണ് ഉദ്ദേശിക്കുന്നത്. ജില്ലയിലെ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ നിന്നും തെരഞ്ഞെടുത്ത മികച്ച അധ്യാപകരാണ് ഈ പ്രവർത്തന പാക്കേജ് തയ്യാറാക്കിയത്.
സാനിയ കെ രാജേഷ് (നടുവിൽ ജിഎച്ച്എസ്എസ്), അനിക മനോജ് (ജിഎച്ച്എസ്എസ് ചേലോറ), ഗോപിക ജികെ (മയ്യിൽ ജിഎച്ച്എസ്എസ്), ശ്രീനന്ദ എൻ (ഷേണായീസ് സ്‌കൂൾ, പയ്യന്നൂർ), കൃഷ്ണ എ (പയ്യന്നൂർ ഗേൾസ് ജിഎച്ച്എസ്എസ്) എന്നിവർക്കാണ് ഹയർ സെക്കൻഡറിക്ക് മുഴുവൻ മാർക്കും നേടിയതിന് ഉപഹാരം സമ്മാനിച്ചത്.

ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പ്രകാശന ചടങ്ങിൽ വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി. പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൻ അഡ്വ. ടി സരള, വികസന സ്ഥിരം സമിതി ചെയർപേഴ്‌സൻ യു പി ശോഭ, സെക്രട്ടറി റ്റൈനി സൂൺ ജോൺ, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ബാബു മഹേശ്വരി പ്രസാദ്, ഹയർ സെക്കൻഡറി ആർഡിഡി ആർ രാജേഷ് കുമാർ, ജില്ലാ പഞ്ചായത്ത് വിഎച്ച്എസ്‌സി അസി. ഡയറക്ടർ ഇആർ ഉദയകുമാരി, ഡയറ്റ് പ്രിൻസിപ്പൽ വി വി പ്രേമരാജൻ, ഹയർ സെക്കൻഡറി കോ ഓർഡിനേറ്റർ അനൂപ് കുമാർ എംകെ, ഫിനാൻസ് ഓഫീസർ കെ വി മുകുന്ദൻ എന്നിവർ സംസാരിച്ചു.

date