അങ്കണവാടിക്ക് പുതു ജീവനേകി ജില്ലാ കളക്ടര്‍
പൂട്ടിപ്പോകുമെന്ന ആശങ്കയില്‍ കഴിഞ്ഞിരുന്ന അങ്കണവാടിക്ക് പുതു ജീവനേകി ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്. തൃശ്ശൂര്‍ കോര്പ്പറേഷന് 54 സിവില്സ്റ്റേഷന് ഡിവിഷനിലെ 47-ാം നമ്പര്‍ അങ്കണവാടിയുടെ സോചനീയ അവസ്ഥ തൃശ്ശൂര്‍ കോര്പ്പറേഷന് ഡിവിഷണല്‍ കൗണ്‍സിലര്‍ സുനിത വിനുവും ഐസിഡിഎസ് ഉദ്യോഗസ്ഥരും അങ്കണവാടി കമ്മിറ്റി അംഗങ്ങളുമാണ് ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഏറെക്കാലമായി വാടകക്കെട്ടിടത്തില്‍ പരിമിതമായ സൗകര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടിക്കാണ് ജില്ലാ കളക്ടറിന്റെ ഇടപെടലിലൂടെ സ്വന്തമായി ഭൂമി ലഭ്യമായത്.
തൃശ്ശൂര്‍ കോര്പ്പറേഷന് 54 സിവില്സ്റ്റേഷന് ഡിവിഷനിലെ 47-ാം നമ്പര്‍ അങ്കണവാടി 2011 മുതല്‍ സിവില്‍സ്റ്റേഷനടുത്തുള്ള വാടകകെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. രക്ഷിതാക്കളുടെയും അങ്കണവാടി ജീവനക്കാരുടെയും ഏറെ നാളത്തെ ആഗ്രഹമായിരുന്നു അങ്കണവാടിക്ക് സ്വന്തമായി സ്ഥലവും കെട്ടിടവും. ജില്ലാ വനിതാ ശിശുവികസന ഓഫീസറുടെ അപേക്ഷയും അങ്കണവാടി കമ്മിറ്റിയുടെ അപേക്ഷയും പരിഗണിച്ചുകൊണ്ടാണ് ജില്ലാ കളക്ടര്‍ പുതിയ അങ്കണവാടി കെട്ടിടത്തിനായി സ്ഥലം അനുവദിച്ചത്.
ജില്ലാ കളക്ടറുടെ ചേംബറില്‍വെച്ച് ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യനില്‍ നിന്നും തൃശ്ശൂര്‍ കോര്പ്പറേഷന് ഡിവിഷന് കൗണ്‍സിലര്‍ സുനിത വിനു, അങ്കണവാടി വര്‍ക്കര്‍ ഷാഹിദ, സിഡിപിഒ സുധ, എഎല്‍എംസി കമ്മിറ്റി അംഗങ്ങളായ ഗിരീഷ് കളരിക്കല്‍, വിനു ഷാജു ചേലാട്ട്, മേഴ്സി എന്നിവര്‍ ചേര്‍ന്ന് ഭൂമി അനുവദിച്ച സാക്ഷ്യപത്രം ഏറ്റുവാങ്ങി.
റവന്യുവകുപ്പിന്റെ അധീനതയിലുള്ള അരണാട്ടുകര വില്ലേജ് സര്‍വ്വെ നമ്പര്‍ 233/2ല്‍പ്പെട്ട 5 സെന്റ് ഭൂമി 47-ാം നമ്പര്‍ അങ്കണവാടിക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് രണ്ട് സേവനവകുപ്പുകള്‍ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥപ്രകാരമാണ് കൈമാറിയത്. സ്വന്തമായി സ്ഥലം ലഭ്യമായതിനാല്‍ ഇനി പുതിയ അങ്കണവാടി കെട്ടിടവും ഇവിടെ നിര്‍മ്മിക്കാം. സ്ഥലപരിമിതിയുടെ ആകുലതകളില്ലാതെ കുരുന്നുകള്‍ക്ക് ഇനി കളിച്ചും രസിച്ചും ഇവിടെ പഠിക്കാം.
- Log in to post comments