Skip to main content

മീഡിയ അക്കാദമി ബിരുദ സമ്മേളനവും മാധ്യമ അവാര്‍ഡ് സമര്‍പ്പണവും 19 ന് 

 

കേരള മീഡിയ അക്കാദമി  ബിരുദ സമ്മേളനവും മാധ്യമ അവാര്‍ഡ് സമര്‍പ്പണവും നവംബര്‍ 19 രാവിലെ 11-ന് കാക്കനാട് മീഡിയ അക്കാദമി ഓഡിറ്റോറിയത്തില്‍ നടക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും. ഉമ തോമസ് എം എല്‍ എ വിശിഷ്ടാതിഥിയാവുന്ന ചടങ്ങില്‍ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു അധ്യക്ഷത വഹിക്കും.

അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ 2023-24 ബാച്ച്  വിദ്യാര്‍ത്ഥികള്‍ക്ക് മന്ത്രി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. അക്കാദമി ഏര്‍പ്പെടുത്തിയ 2023-ലെ മികച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡുകളും മന്ത്രി സമ്മാനിക്കും.

മികച്ച എഡിറ്റോറിയലിനുള്ള വി കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ് നേടിയ മാധ്യമം ദിനപത്രത്തിലെ ജോയിന്റ് എഡിറ്റര്‍ പി.ഐ നൗഷാദ്, മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ് നേടിയ ട്രൂ കോപ്പി തിങ്കിലെ നാഷിഫ് അലിമിയാന്‍, മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍ എന്‍ സത്യവ്രതന്‍ അവാര്‍ഡ് നേടിയ മലയാള മനോരമ ചീഫ് സബ് എഡിറ്റര്‍ ടി. അജീഷ്, മികച്ച പ്രാദേശിക പത്രപ്രവര്‍ത്തനത്തിനുള്ള ഡോ. മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ് നേടിയ മലയാള മനോരമ പൊന്നാനി ബ്യൂറോയിലെ ജിബീഷ് വൈലിപ്പാട്ട്, ന്യൂസ് ഫോട്ടോഗ്രഫി അവാര്‍ഡ് നേടിയ റിങ്കു രാജ് മട്ടാഞ്ചേരിയില്‍, മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് നേടിയ അമൃത ടിവി യിലെ ബൈജു സി എസ്, പ്രത്യേക ജൂറി പരാമര്‍ശത്തിനര്‍ഹരായ മാതൃഭൂമി ഫോട്ടോഗ്രഫര്‍ സാജന്‍ വി നമ്പ്യാര്‍, മാതൃഭൂമി ന്യൂസ് ചാനലിലെ റിയ ബേബി എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങും.

മീഡിയ അക്കാദമി വൈസ് ചെയര്‍മാന്‍ ഇ.എസ്. സുഭാഷ്, അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍, കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ കെ. രാജഗോപാല്‍ എന്നിവര്‍ സംസാരിക്കും. ഉച്ചയ്ക്ക് ശേഷം മാധ്യമ അവാര്‍ഡ് ജേതാക്കളുമായി വിദ്യാര്‍ത്ഥികളുടെ സംവാദമുണ്ടാകും.

 
ബി.എസ്.സി. ഡയാലിസിസ് ടെക്നോളജി കോഴ്സ് ആരംഭിച്ചു

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍  ബി.എസ്.സി. ഡയാലിസിസ് ടെക്നോളജി കോഴ്സ് ആരംഭിച്ചു. നെഫ്രോളജി വിഭാഗത്തിന്റെ പുതിയ ചുവടു വെപ്പാണിത്. മൂന്ന്  വര്‍ഷത്തെ ബിരുദ പഠനവും, ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പും ഉള്‍പ്പെടെ നാല് വര്‍ഷമാണ് കോഴ്സിന്റെ ദൈര്‍ഘ്യം. കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലയുടെ അംഗീകാരമുള്ള കോഴ്സിന് രാജ്യത്തിന് അകത്തും വിദേശ രാജ്യങ്ങളിലും മികച്ച ശമ്പളത്തോടെ ജോലിസാധ്യതയുണ്ട്. അപേക്ഷകരില്‍ നിന്നും പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ എല്‍.ബി.എസ് സെന്റര്‍ തിരുവനന്തപുരം തയ്യാറാക്കുന്ന ഓണ്‍ലൈന്‍ സെന്‍ട്രലൈസ്ഡ് അലോട്ട്മെന്റ് റാങ്ക് ആണ് കോഴ്സിലേക്കുള്ള പ്രവേശന മാനദണ്ഡം. പ്രഥമ ബാച്ചിലേക്ക് അഞ്ച് വിദ്യാര്‍ത്ഥികള്‍ അര്‍ഹത നേടി
നിലവില്‍ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് നെഫ്രോളജി വിഭാഗത്തില്‍ ഇരുപത്തിയൊന്ന് ഡയാലിസിസ് മെഷീനുകള്‍ പ്രവര്‍ത്തനസജ്ജമാണ്. ഈ മെഷീനുകള്‍ ഉപയോഗിച്ചുകൊണ്ട് ദിവസേന നാല്‍പതോളം രോഗികള്‍ക്ക് ഡയാലിസിസ് സേവനം നല്‍കി വരുന്നു. കാസ്പ്, എസ്.ടി, ബി.പി.എല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് സേവനം തികച്ചും സൗജന്യമായി നല്‍കി വരുന്നു.

പാരാ ലീഗല്‍ വോളൻ്റിയര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് ലീഗല്‍  സര്‍വീസ് അതോറിറ്റിയുടെ കീഴില്‍ സന്നദ്ധ സേവനത്തിനായി പാരാ ലീഗല്‍ വോളൻ്റിയര്‍മാരെ തിരഞ്ഞെടുക്കുന്നു. അപേക്ഷകര്‍ കണയന്നൂര്‍ താലൂക്കിന്റെ പരിധിയില്‍ ഉളളവരും കുറഞ്ഞത് പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യത ഉളളവരുമായിരിക്കണം. സാമൂഹിക സേവന രംഗത്ത് പ്രവൃത്തിച്ച് മുന്‍ പരിചയം ഉളളവര്‍ക്കും ബിരുദധാരികള്‍ക്കും പ്രത്യേക പരിഗണന ഉണ്ടായിരിക്കും. സര്‍വ്വീസില്‍ നിന്നും വിരമിച്ച അധ്യാപകര്‍, ജീവനക്കാര്‍, വിവിധ കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും  (നിയമം, എം.എസ്.ഡബ്ലിയു) സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയ എല്ലാവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായിരിക്കരുത്. ബയോഡാറ്റയും, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പികളും സഹിതം നവംബര്‍  28-ന് മുമ്പായി സെക്രട്ടറി, ഡിസ്ട്രിക്ട് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, എറണാകുളം, എ.ഡി.ആര്‍ സെന്റര്‍, ഡിസ്ട്രിക്ട് കോര്‍ട്ട് കോംപ്ലക്സ്, കലൂര്‍ എന്ന വിലാസത്തില്‍ നേരിട്ടോ, തപാല്‍ മുഖേനയോ ലഭിക്കണം. 2023 ലെ ഉത്തരവ് പ്രകാരം അപേക്ഷിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

date