Skip to main content

വര്‍ണ്ണേത്സവം; ശിശുദിനം ആഘോഷിച്ചു

ജില്ലാ ഭരണകൂടം, ജില്ലാ ശിശുക്ഷേമ സമിതി, പൊതു വിദ്യാഭ്യാസ വകുപ്പ്, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തില്‍ വര്‍ണ്ണോത്സവം 2024 ശിശുദിനാഘോഷം സംഘടിപ്പിച്ചു. തൃശ്ശൂര്‍ സി.എം.എസ് സ്‌കൂള്‍ പരിസരത്ത് നിന്നും രാവിലെ 8 ന് ആരംഭിച്ച ശിശുദിന റാലി തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ വര്‍ഗ്ഗീസ് ഫ്ളാഗ് ഓഫ് ചെയ്തു. പി. ബാലചന്ദ്രന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് എന്നിവര്‍ റാലിയെ ടൗണ്‍ ഹാളില്‍ സ്വീകരിച്ചു.

ടൗണ്‍ ഹാളില്‍ നടന്ന ശിശുദിന ആഘോഷ പരിപാടികള്‍ കുട്ടികളുടെ ചാച്ചാജി എസ്. ദക്ഷിണ (സെന്റ് ജോര്‍ജ്ജ് മിക്സഡ് യു.പി സ്‌കൂള്‍, പനങ്ങാട്) ഉദ്ഘാടനം ചെയ്തു. മേഘ സൂസന്‍ പോള്‍ (സെന്റ് ജോസഫ് യു.പി.എസ്, പനങ്ങാട്) അധ്യക്ഷത വഹിച്ചു. എ.എസ് ഫാത്തിമ അന്‍സാന (എ.വി.എം.യു.പി സ്‌കൂള്‍, അഴിക്കോട്) സ്വാഗതം ആശംസിച്ചു. അതിഥി അരുണ്‍ (ശങ്കര യു.പി.എസ്, ആലേങ്ങാട്) മുഖ്യപ്രഭാഷണം നടത്തി.
 

കേന്ദ്ര പെട്രോളിയം പ്രകൃതിവാതകം, ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ്‌ഗോപി ആശംസ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്തു. പി. ബാലചന്ദ്രന്‍ എം.എല്‍.എ ശിശുദിന സന്ദേശം നല്‍കി. കെ. രാധാകൃഷ്ണന്‍ എം.പി, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ അജിതകുമാരി, എല്‍.എസ്.ജി.ഡി അസി. ഡയറക്ടര്‍ ആന്‍സണ്‍ ജോസഫ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഡോ. എ. അന്‍സാര്‍ എന്നിവര്‍ പ്രതിഭകള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു. ചേര്‍പ്പ് സി.എന്‍.എന്‍.ജി.എല്‍.പി.എസിലെ വിദ്യാര്‍ത്ഥി സി.ആര്‍ തീര്‍ത്ഥ നന്ദി പ്രകാശിപ്പിച്ചു.

date