Skip to main content

തലശ്ശേരി നഗരസഭയുടെ പുതിയ ഓഫീസ് കെട്ടിടം 25ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തലശ്ശേരി നഗരസഭയുടെ പുതിയ കെട്ടിടം നവംബർ 25 തിങ്കളാഴ്ച രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തലശ്ശേരി നഗരസഭ ഓഫീസ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ അധ്യക്ഷനാകും. എംപിമാരായ ഷാഫി പറമ്പിൽ, ഡോ വി ശിവദാസൻ, പി സന്തോഷ്‌കുമാർ, തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ എം ജമുനാറാണി ടീച്ചർ എന്നിവർ പങ്കെടുക്കും.
തലശ്ശേരി നഗരസഭ ആധുനിക സൗകര്യങ്ങളോടെ 13.5 കോടി രൂപയ്ക്ക് നിർമ്മിക്കുന്ന പുതിയ ഓഫീസ് കെട്ടിടങ്ങളുടെ, പണി പൂർത്തീകരിച്ച ബി ബ്ലോക്കിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിർവഹിക്കുന്നത്. 2019 ജൂലൈ 16ന് അന്നത്തെ നിയമസഭാ സ്പീക്കർ പി.രാമകൃഷ്ണൻ തറക്കല്ലിട്ട 7.5 കോടി ചിലവിട്ട ബി. ബ്ലോക്കിന്റെ പണി അഞ്ച് വർഷം കൊണ്ടാണ് പൂർത്തീകരിച്ചത്. ആറ് കോടി രൂപയുടെ എ ബ്ലോക്കിന്റെ പണി ഉടൻ ആരംഭിക്കുകയാണ്. നിലവിലുള്ള കെട്ടിടം സൗന്ദര്യവത്കരിച്ച് പൈതൃക മ്യൂസിയമാക്കി മാറ്റി സംരക്ഷിക്കും. പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സെക്രട്ടറി, റവന്യൂവകുപ്പ് ഓഫീസ്, സന്ദർശകമുറി എന്നിവയും ഒന്നാം നിലയിൽ ചെയർമാൻ, വൈസ് ചെയർ മാൻ, സ്ഥിരം സമിതി അധ്യക്ഷൻമാർ എന്നിവരുടെ മുറികളും അനുബന്ധ ഓഫീസുകളും രണ്ടാം നിലയിൽ 75 പേർക്ക് ഇരിക്കാവുന്ന കൗൺസിൽ ഹാളുമാണ് സജ്ജീകരിച്ചിരിക്കുന്നത്.
1866 നവംബർ ഒന്നിന് നിലവിൽ വന്ന് 159 വർഷം പിന്നിട്ട കേരളത്തിലെ ഏറ്റവും പഴക്കമുള്ള നഗരസഭകളിലൊന്നാണ് തലശ്ശേരി നഗരസഭ.

(പടം: ഉദ്ഘാടനം ചെയ്യുന്ന തലശ്ശേരി നഗരസഭയുടെ പുതിയ കെട്ടിടം
 

date